ആറുവരി ദേശീയപാതയ്ക്ക് മുകളിലെ കാഴ്ച്ചയുടെ വിസ്മയം
വടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ആറുവരി ദേശീയപാതയ്ക്ക് മുകളിൽ കാഴ്ച്ചയുടെ വിസ്മയമൊരുക്കുന്ന ചുവന്നമണ്ണ് നീർപ്പാലം സഞ്ചാരികളുടെ ഉല്ലാസകേന്ദ്രമായി മാറുകയാണ്. ആർച്ചിനുള്ളിലൂടെ കടന്നുപോകുന്ന ആറുവരിപ്പാതയ്ക്കു കുറുകെ, നീർപ്പാലത്തിന് മുകളിൽ നിന്നാൽ സൂര്യാസ്തമയം കാണാം. നീന്തിക്കുളിക്കുകയുമാവാം. ഏഴ് പതിറ്റാണ്ടായി തൃശൂർ- പാലക്കാട് പാതയിലെ അത്ഭുതമൂറുന്ന കൗതുക കാഴ്ചയാണ് ചുവന്ന മണ്ണ് നീർപാലം. 36.85 കിലോമീറ്ററുള്ള പീച്ചിയിലെ വലതുകര കനാലിന്റെ ഭാഗമായ നീർപാലം 24 ഗ്രാമങ്ങളിലേക്കു ജലസേചനത്തിനായുള്ള വെള്ളം വഹിച്ചുപോകുന്നു.
പഴയ റോഡ് നിർമിച്ചപ്പോഴും ദേശീയപാത 47 പൂർത്തീകരിച്ചപ്പോഴും പിന്നീട് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ദേശീയപാത 544 ലെ മണ്ണുത്തി വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിർമാണ സമയത്തും നീർപാലം അനക്കമില്ലാതെ തുടർന്നു. 120 മീറ്ററോളം നീളമുള്ള നീർപാലം ആർച്ച് ആകൃതിയിലുള്ള കൽത്തൂണുകളിലാണ് നിർമിച്ചിട്ടുള്ളത്. കേരളത്തിലെ ആദ്യത്തെ ആറുവരി ദേശീയപാത ചുവന്ന മണ്ണ് വഴി കടന്നു പോയപ്പോഴും നീർപാലത്തിന്റെ തൂണുകളിൽ മാറ്റം വരുത്തേണ്ടി വന്നില്ല.
6 വരികളിലെ ഗതാഗതവും നീർപാലത്തിന്റെ ആർച്ചിനുള്ളിലൂടെ കടന്നുപോകുന്നു. വേനൽക്കാലം തുടങ്ങിയാൽ നാട്ടുകാർക്കും കുട്ടികൾക്കും നീർപാലം ഉല്ലാസ കേന്ദ്രമാകും. നീർപ്പാലത്തിന് മുകളിൽ നിന്നുള്ള ആറുവരി പാതയിലേക്കുള്ള ആകാശകാഴ്ചയാണ് മനോഹരം. അതേസമയം കൂടുതൽ സഞ്ചാരികൾ ഒരേസമയം പാലത്തിനു മുകളിൽ എത്തുന്നത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. ഉല്ലാസത്തിന് എത്തുന്നവർക്ക് തടസ്സമാകുന്ന വിധത്തിൽ ലഹരി സംഘങ്ങൾ എത്തുന്നതിനെതിരെ പൊലീസും നാട്ടുകാരും ജാഗ്രത പാലിക്കുന്നുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |