പത്തനംതിട്ട : ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിൽ കർഷകർക്ക് പ്രതീക്ഷ. സർക്കാരിന്റെ നാലാംവാർഷികത്തോടനുബന്ധിച്ച് ഇലന്തൂർ തൂക്കുപാലം പെട്രാസ് കൺവെൻഷൻ സെന്ററിൽ നടന്ന സംവാദത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, അഡ്വ.മണ്ണടി മോഹൻ, പി.എസ്.സതീഷ് കുമാർ എന്നിവർ ഉന്നയിച്ച വിഷയത്തിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
കൃഷിക്കും മനുഷ്യർക്കും ശല്യമാകുന്ന കാട്ടുപന്നിയടക്കമുളള വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാനുള്ള സർക്കാർ നിർദേശം ജില്ലയിൽ ഫലപ്രദമായിട്ടില്ല. തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ടില്ലാത്തത് കാരണം പലയിടങ്ങളിലും കാട്ടുപന്നിയെ വെടിവയ്ക്കാൻ ഷൂട്ടർമാരെ കിട്ടാതെവന്നു. നിരവധിയാളുകൾ കൃഷിയിൽ നിന്ന് പിന്തിരിഞ്ഞു നിൽക്കുകയാണ്. മലയോര മേഖയിലെ കൃഷി സ്ഥലങ്ങളിൽ ഇറങ്ങിയിരുന്ന കാട്ടുപന്നികൾ ഇപ്പോൾ പടിഞ്ഞാറൻ മേഖലയിലും വ്യാപകമായി. ജില്ലയിൽ കാട്ടുപന്നി ശല്യമില്ലാത്ത ഒരുപഞ്ചായത്തുപോലുമില്ല. പ്രശ്നം രൂക്ഷമായതോടെയാണ് കർഷകരുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. വനമേഖലയോട് ചേർന്നുള്ള ഇടങ്ങളിൽ മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ചുള്ള തടസം എന്തെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും പ്രതീക്ഷ നൽകുന്നതാണ്. പട്ടയത്തിൽ ആശങ്ക വേണ്ടന്നും പട്ടയ നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
1.വന്യമൃഗങ്ങൾക്ക് വനത്തിനുളളിൽ വെള്ളം ലഭ്യമാക്കും
2. വനത്തിലെ ജലസ്രോതസുകൾ ശക്തമാക്കും
3. വന്യമൃഗങ്ങൾക്ക് ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ വനത്തിൽ വളർത്തും.
4.വന്യമൃഗങ്ങൾ നാട്ടിലെത്താതിരിക്കാൻ വനംവകുപ്പ് തടസം സൃഷ്ടിക്കും.
ജില്ലയിൽ ഈ വർഷം വന്യമൃഗ ആക്രമണത്തിൽ പരിക്കേറ്റവർ : 34
വന്യമൃഗശല്യം കാരണം നാട് വിട്ടുപോകാൻ അപേക്ഷ നൽകിയത് ചിറ്റാർ, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട് പഞ്ചായത്തുകളിലെയും റാന്നിയിലെ വടശേരിക്കര, നാറാണംമൂഴി, പെരുനാട്, വെച്ചൂച്ചിറ പഞ്ചായത്തുകളിലെയും കർഷകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |