കൊല്ലം: 'കാനായി' എന്ന പേരുകേട്ടാൽ ലക്ഷണമൊത്തൊരു ശില്പമാണ് മനസിൽ തെളിയുക. കാനായി കുഞ്ഞിരാമൻ എന്ന വിഖ്യാത ശില്പി അത്രത്തോളം ഓരോ മനസിലും ഇടംനേടിയിരുന്നു. ഉണ്ണി കാനായി എന്ന പേര് അടുത്തകാലത്താണ് പുറംലോകം കേട്ടുതുടങ്ങിയത്. അതിനിടെ പുതുകാലമേൽപ്പിച്ച നൂറിലധികം ശില്പങ്ങൾ ഉണ്ണി കാനായിയുടേതായി കേരളക്കരയിലങ്ങളോമിങ്ങോളം എത്തിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമന്ദിരത്തിൽ ഉണ്ണി തയ്യാറാക്കിയ എ.കെ.ജിയുടെ ശില്പം സ്ഥാപിച്ചു. കൊല്ലത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിലെ മുഖ്യ ആകർഷണങ്ങളിലൊന്ന് ഉണ്ണി കാനായിയുടെ ശില്പങ്ങളായിരുന്നു. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ വെങ്കലത്തിൽ തയ്യാറാക്കിയ പതിനാലടിയുള്ള ശിവന്റെ ശില്പം ഉടൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും. ഗുരുവായൂർ ക്ഷേത്രത്തിൽ വെങ്കലത്തിൽ തയ്യാറാക്കിയ ഗരുഡ ശില്പം വലിയ ശ്രദ്ധ നേടിയിരുന്നു.
പൊലീസുകാരൻ ശില്പിയാക്കി
കണ്ണൂർ പയ്യന്നൂരിലെ കാനായി ഗ്രാമത്തിൽ ഇരുട്ടൻ ഹൗസിൽ ചെത്തുതൊഴിലാളിയായിരുന്ന പത്മനാഭന്റെയും അക്കാളത്ത് ജാനകിയുടെയും മകനാണ് ഉണ്ണി. ക്ഷേത്ര നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്ന ഉണ്ണിക്ക് ശില്പ നിർമ്മാണത്തിന് വഴിയൊരുക്കിയത് ഒരു പൊലീസ് കേസാണ്. ബൈക്കിൽ വരുമ്പോൾ പൊലീസ് കൈകാണിച്ചു. ആർ.സി ബുക്ക് ഇല്ലാത്തതിനാൽ പയ്യന്നൂർ സി.ഐ ടി.കെ.സുധാകരൻ ചോദ്യം ചെയ്തപ്പോൾ ശില്പിയാണെന്ന് പറഞ്ഞു. സ്റ്റേഷൻ വളപ്പിൽ ഗാന്ധി ശില്പം നിർമ്മിക്കാൻ നിർദ്ദേശിച്ചതോടെ ഒന്ന് പകച്ചെങ്കിലും മനോഹരമായ ശില്പം ഒരുക്കി. ഇതോടെ ഉണ്ണി പേരിനൊപ്പം 'കാനായി'കൂടി ചേർത്ത് ശില്പിയായി. സിമന്റ് മാറി, വെങ്കലവും ഫൈബർ ഗ്ളാസും വരെയെത്തി കാര്യങ്ങൾ. ആറ് തൊഴിലാളികൾ ഉണ്ണിക്കൊപ്പം പതിവായുണ്ട്. ലളിതകലാ അക്കാഡമി അംഗമായ ഉണ്ണി കാനായിക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചു. ഭാര്യ ടി.കെ.രസ്നയും മക്കൾ പത്താം ക്ളാസ് വിദ്യാർത്ഥി അർജ്ജുനും രണ്ടാം ക്ളാസുകാരി ഉത്തരയും പ്രത്സാഹനവുമായി കൂടെയുണ്ട്.
വെങ്കല ശില്പങ്ങൾ പൂർത്തിയാകാൻ ഒന്നര വർഷമെങ്കിലും വേണ്ടിവരും. ഫൈബർ ഗ്ളാസിലാണെങ്കിൽ ആറുമാസം മതിയാകും.
ഉണ്ണി കാനായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |