കൊല്ലം: എസ്.എൻ കോളേജിന് സമീപം പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) സ്റ്റഡി സെന്റർ പൂട്ടി ജീവനക്കാർ കല്യാണത്തിന് പോയതോടെ പ്രോജക്ട് സമർപ്പിക്കാനെത്തിയ വിദ്യാർത്ഥികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലയ്ക്ക് പുറത്തുനിന്നും നിരവധി വിദ്യാർത്ഥികളാണ് രാവിലെ 9 മുതൽ സെന്ററിൽ എത്തിയത്. വിവിധ പ്രോഗ്രാമുകളിലേക്ക് ജൂണിൽ നടക്കുന്ന ടേം എൻഡ് പരീക്ഷയ്ക്ക് മുന്നോടിയായി സമർപ്പിക്കാനുള്ള പ്രോജക്ടുമായാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും എത്തിയത്. പ്രോജക്ട് സമർപ്പിക്കാൻ 30 വരെയാണ് സമയം. പതിനൊന്ന് മണിയായിട്ടും സെന്റർ തുറക്കാഞ്ഞതോടെ വിദ്യാർത്ഥികൾ ജീവനക്കാരെ ബന്ധപ്പെട്ടു. എല്ലാവരും കല്യാണത്തിന് പോയിരിക്കുകയാണെന്നും രണ്ടുമണിക്ക് ശേഷം സെന്റർ തുറക്കുമെന്നും തിരക്കുണ്ടെങ്കിൽ സമീപത്തെ കടയിൽ ഏൽപ്പിക്കാനുമാണ് വിദ്യാർത്ഥികൾക്ക് ലഭിച്ച മറുപടി. ഇതിനുള്ളിൽ ദൂരെ സ്ഥലങ്ങളിൽ നിന്നെത്തിയവരൊഴികെ മറ്റുള്ളവർ മടങ്ങിപ്പോയി. ഒടുവിൽ 12.30 ഓടെ ജീവനക്കാരെത്തിയാണ് സെന്റർ തുറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |