തൃശൂർ: കേന്ദ്ര പെസോയുടെ (പെട്രോളിയം ആൻഡ് എക്‌സ്പ്‌ളൊസീവ് സേഫ്‌റ്റി ഓർഗനൈസേഷന്റെ) മാനദണ്ഡങ്ങളെ മറികടന്ന് വെടിക്കെട്ടുമായി മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാർ. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശ പ്രകാരമാണ് സംസ്ഥാനത്തിന്റെ നീക്കം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ഇക്കാര്യത്തിൽ നീക്കം നടക്കവേയാണ് ഒരു മുഴം മുമ്പേ തീരുമാനവുമായി സംസ്ഥാന സർക്കാരെത്തിയത്. ജില്ലാ ഭരണകൂടം നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിൽ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന കെട്ടിടം കാലിയാക്കി വെടിക്കെട്ട് നടത്താമെന്ന നിർദ്ദേശമാണ് സർക്കാർ നടപ്പിലാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ ദേവസ്വം ഭാരവാഹികളുമായി ചർച്ച നടത്തി. തുടർന്ന് സ്ഥലം പരിശോധിച്ച് വെടിക്കെട്ട് നടത്താമെന്ന് ഉറപ്പുവരുത്തി. അതേസമയം, മാസങ്ങൾക്ക് മുമ്പ് സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി ആളുകൾക്ക് നിൽക്കാനാകുന്ന ദൂരവും വെടിക്കെട്ട് നടത്തുന്ന സ്ഥലവുമെല്ലാം അളന്നിരുന്നു. തുടർന്നാണ് പെസോ നിയമം ചർച്ചയായത്. വെടിക്കെട്ട് നടത്താനാകില്ലെന്ന അവസ്ഥയായതോടെ സുരേഷ് ഗോപിയെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ സമീപിച്ചിരുന്നു. ഒരു തവണ കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമായി ചർച്ച നടത്തി. ഡൽഹിയിൽ ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കുമെന്നായിരുന്നു സുരേഷ് ഗോപി വ്യക്തമാക്കിയത്. അവസാനനിമിഷം അനുമതി നൽകി പൂരം തങ്ങളുടെ ശ്രമഫലമായാണ് നടന്നതെന്നു പറയാനുള്ള നീക്കമാണ് ബി.ജെ.പിയുടേതെന്ന് പ്രതിപക്ഷ കക്ഷികളുടെ ആക്ഷേപം.
വിനയായത് ഈ വ്യവസ്ഥ
വെടിക്കെട്ട് നടത്തുന്നതിന്റെ 200 മീറ്റർ മാറി മാത്രമേ വെടിക്കെട്ടുപുര (മാഗസിൻ) പാടുള്ളൂ.
പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനത്തിൽ ഇത് 50 മീറ്ററിൽ താഴെ.
പൂരവും വെടിക്കെട്ടും തൃശൂരുകാരുടെ വികാരം. അത് ഏത് വിധേനയും നടത്താൻ സംസ്ഥാനം മുന്നിലുണ്ടാകും. തങ്ങളാണ് എല്ലാം ചെയ്യുന്നതെന്ന തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമം വിജയിക്കില്ല. നിയമം പാലിച്ച് വെടിക്കെട്ട് നടത്താനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മന്ത്രി കെ. രാജൻ.
വെടിക്കെട്ട് നടത്താനുള്ള സാഹചര്യം ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ ഇടപെടലിൽ ആശ്വാസമുണ്ട്. എല്ലാ തവണയും വെടിക്കെട്ടും എഴുന്നള്ളിപ്പുമൊക്കെ അവസാന നിമിഷം വരെ മുൾമുനയിൽ നിന്നാണ് അനുമതി വാങ്ങാറ്. ഇത്തവണ അത് നേരത്തെ തീരുമാനമായതിൽ സന്തോഷം.
ജി.രാജേഷ്
സെക്രട്ടറി
പാറമേക്കാവ് ദേവസ്വം
കെ.ഗിരീഷ്
സെക്രട്ടറി
തിരുവമ്പാടി ദേവസ്വം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |