വിവാഹമായാലും ലിവിംഗ് റിലേഷൻഷിപ്പുകളായാലും പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ജീവിതത്തിൽ പ്രധാനപ്പെട്ടതാണ്. ചിലപ്പോൾ നിങ്ങൾ തിരഞ്ഞെടുക്കുന്ന പങ്കാളിയുടെ സ്വഭാവമായോ ജീവിതവുമായോ ഒരിക്കലും യോജിച്ച് പോകാൻ കഴിയണമെന്നില്ല. അതുകൊണ്ട് തന്നെ ആ ബന്ധം പൂർണപരാജയമാകാനും സാദ്ധ്യതയുണ്ട്. പങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നല്ലൊരു ജീവിതം നേടിയെടുക്കാൻ കഴിയുമെന്നാണ് മാനസിക വിധഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
നിങ്ങൾ തിരഞ്ഞെടുക്കുന്ന പങ്കാളിയുടെ സ്വഭാവം, ലക്ഷ്യങ്ങൾ, കുടുംബ സാഹചര്യങ്ങൾ, ജോലി, സുഹൃത്ത് വലയം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരിക്കില്ല. തുറന്ന സംഭാഷണങ്ങളിലൂടെ ഇത്തരം കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും. തിരിച്ചും പങ്കാളിയോട് ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നത് കൂടുതൽ ഗുണം ചെയ്യും. വിവാഹത്തിനുശേഷമോ ലിവിംഗ് റിലേഷനിലായതിനുശേഷമോ ആണ് ഇത്തരം കാര്യങ്ങൾ തുറന്നുപറയുന്നതെങ്കിൽ അത് വിജയിക്കണമെന്നില്ല. ബന്ധത്തിലാകുന്നതിന് മുൻപ് പങ്കാളിയാകാൻ പോകുന്ന വ്യക്തിയുടെ പോരായ്മകളും ഗുണങ്ങളും തിരിച്ചറിഞ്ഞാൽ കൂടുതൽ ഗുണം ചെയ്യും. ഒരു പക്ഷെ പങ്കാളിയുടെ സ്വഭാവം അംഗീകരിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടായാൽ ആ ബന്ധം മുന്നോട്ട് കൊണ്ടുപോകാതെ അവസാനിപ്പിക്കാനും അവസരമുണ്ട്.
അടുത്തിടെ പുറത്തുവന്ന ചില പഠനങ്ങളിൽ പറയുന്നത്, നമ്മുടെ പങ്കാളിയാകാൻ പോകുന്ന വ്യക്തിയുമായി നാല് മുതൽ അഞ്ച് ആഴ്ച വരെ അടുത്ത് ഇടപഴകുമ്പോൾ ലൈംഗിക താൽപര്യം ഉണ്ടാകണമെന്നാണ്. നിങ്ങളുടെ പങ്കാളിയാകാൻ പോകുന്ന വ്യക്തിയുമായി അത്തരം താൽപര്യം ഉണ്ടായില്ലെങ്കിൽ ബന്ധം തുടരുന്നതിനെക്കുറിച്ച് വിധഗ്ദരുടെ ഉപദേശം തേടാവുന്നതാണ്. ഇത് ചെയ്തില്ലെങ്കിൽ ഒന്നിച്ചുളള ജീവിതം സുഖകരമായിരിക്കില്ല.
ചിലർ പങ്കാളിയോടൊപ്പമുളള ജീവിതത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ചില വിട്ടുവീഴ്ചകൾ ചെയ്യാറുണ്ട്. അത് കുറച്ചുപേരുടെ ജീവിതത്തിന് ഗുണം ചെയ്യാം. എന്നാൽ മിക്കവരുടെയും വിവാഹശേഷമുളള ജീവിതത്തിൽ വിട്ടുവീഴ്ചകൾ വില്ലനാകാൻ സാദ്ധ്യതയുണ്ട്. നിങ്ങൾ വിട്ടുവീഴ്ചകൾ ചെയ്താണ് ജീവിക്കുന്നതെന്ന് പങ്കാളിക്ക് അറിയണമെന്ന് വരില്ല. ഒരു സാഹചര്യത്തിൽ അത്തരത്തിലുളള വിട്ടുവീഴ്ചകൾ ഇല്ലാതെ വരുമ്പോൾ അത് പങ്കാളി അംഗീകരിക്കണമെന്ന് വരില്ല. ഇത് പല പ്രശ്നങ്ങൾക്കും കാരണമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |