SignIn
Kerala Kaumudi Online
Friday, 18 September 2026 4.37 AM IST

ഐ.ടി പാർക്കുകളിലെ മദ്യ വിൽപ്പന

READ ENGLISH VERSION
liqur

മദ്യത്തിന്റെ പൂർണ നിരോധനം ഇന്ത്യയിൽ പ്രായോഗികമല്ല. മദ്യം നിരോധിച്ചിട്ടുള്ള സംസ്ഥാനങ്ങളിൽ കരിഞ്ചന്തയിൽ മദ്യം സുലഭമാണ്. വളരെ വർഷങ്ങളായി മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. ബീഹാറിലും ഇപ്പോൾ മദ്യ നിരോധനം നിലവിലുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കടത്തിക്കൊണ്ടുവരുന്ന വിദേശ മദ്യവും അതുകൂടാതെ വ്യാജമദ്യത്തിന്റെ വിൽപ്പനയും വൻതോതിൽ ഇവിടങ്ങളിൽ നടന്നുവരുന്നതായാണ് പൊലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മദ്യ വിൽപ്പനയിൽ നിന്നുള്ള നികുതി വരുമാനം ഈ സംസ്ഥാനങ്ങൾക്ക് ലഭിക്കാതെ വരികയും, അതേസമയം അനധികൃതമായി പണം സമ്പാദിക്കുന്ന വ്യാജമദ്യ മാഫിയകൾ കൊഴുക്കുകയും ചെയ്യുന്നു. ലോകമൊട്ടാകെ, ഗൾഫിലെയും മറ്റും ചില രാജ്യങ്ങളിൽ ഒഴികെ പരാജയപ്പെട്ട ഒരു സമ്പ്രദായമാണ് പൂർണമായ മദ്യനിരോധനം എന്നത്.

മദ്യം നിരോധിക്കുമ്പോൾ അതിന്റെ സ്ഥാനത്ത് മാരകമായ രാസലഹരി ഉൾപ്പെടെയുള്ളവ സ്ഥാനം പിടിക്കും എന്ന വലിയ അപകടവും ഇതിനു പിന്നിലുണ്ട്. മാത്രമല്ല, കാലത്തിന്റെ മാറിയ സാഹചര്യത്തിൽ ബിസിനസ് പ്രൊമോഷന്റെയും മറ്റും ഭാഗമായി മദ്യസൽക്കാരം മാറിയിരിക്കുന്നതിനാൽ അതിൽനിന്ന് പൂർണമായൊരു തിരിച്ചുപോക്ക് സുസാദ്ധ്യമല്ല. അതിനാൽ നിയമവിധേയമായി മദ്യം നൽകുക എന്ന നയമാണ് കേരളം ഉൾപ്പെടെയുള്ള ഭൂരിപക്ഷം സംസ്ഥാനങ്ങളും സ്വീകരിച്ചുവരുന്നത്. ഓരോ സംസ്ഥാനത്തിന്റെ എക്‌സൈസ് ചട്ടങ്ങളും നിയമങ്ങളും വ്യത്യസ്തമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബാർ പ്രവർത്തിക്കുന്ന ഹോട്ടലിൽ കയറിയാൽ റെസ്റ്റോറന്റിലും അവർ മദ്യം നൽകും. എന്നാൽ കേരളത്തിൽ അങ്ങനെ പതിവില്ല. ഏതും അധികമായാൽ വിഷമാണ്; മദ്യവും. എന്നാൽ മിതമായ തോതിൽ മദ്യം ഉപയോഗിക്കുന്നത് പൊതുവെ ദോഷകരമായി കണക്കാക്കാറില്ല. മദ്യം ഉപയോഗിക്കണമോ വേണ്ടയോ എന്നത് പ്രായപൂർത്തിയായ വ്യക്തിയുടെ സ്വാതന്ത്ര്യ‌ത്തിന്റെ കൂടി പ്രശ്നമാണ്.

കേരളത്തിൽ മദ്യവുമായി ബന്ധപ്പെട്ട ഏതു സർക്കാർ തീരുമാനവും വിവാദമായി മാറാറുണ്ട്. യു.ഡി.എഫ് ഭരണകാലത്ത് ബാർ ഹോട്ടലുകൾ അടച്ചിട്ട കാലത്തും ബിവറേജസുകൾ പ്രവർത്തിച്ചിരുന്നു. അതിനാൽ സർക്കാരിന്റെ ആ തീരുമാനംകൊണ്ട് കേരളം മദ്യവിപത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് ആർക്ക് പറയാനാകും? എന്നാൽ ആ നിരോധനവും, തുടർന്ന് കൊവിഡിന്റെ ഭാഗമായി വന്ന മദ്യ നിരോധനവും കേരളത്തിൽ കഞ്ചാവിന്റെയും രാസലഹരിയുടെയും ഉപയോഗം വർദ്ധിപ്പിച്ചു എന്നതാണ് ഇതു സംബന്ധിച്ച എക്സൈസ് കേസുകളുടെ എണ്ണം സൂചിപ്പിക്കുന്നത്. അതിനാൽ മദ്യനയത്തിൽ കാലോചിതമായ മാറ്റം കൊണ്ടുവരുന്നത് എന്തുകൊണ്ടും സ്വാഗതാർഹമാണ്. സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ ഐ.ടി പാർക്കുകളിൽ ഇനിമുതൽ മദ്യം വിളമ്പാൻ സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. വിദേശ രാജ്യങ്ങളിലെല്ലാം ഇത് അനുവദനീയമാണ്. അതിന്റെ പേരിൽ ഐ.ടി ജീവനക്കാർ മദ്യപിച്ച് കൂത്താടി നടക്കാറുമില്ല.

ടെക്നോപാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക്, സ്മാർട്ട് സിറ്റി ഉൾപ്പെടെയുള്ളവയ്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പത്തുലക്ഷമാണ് ലൈസൻസ് ഫീസ്. ഒരു പാർക്കിന് ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂ. കമ്പനികളോട് ചേർന്നുള്ള ഒരു ഭാഗത്തായിരിക്കണം മദ്യശാല. ഓഫീസുകളുമായി നേരിട്ട് ബന്ധമുണ്ടാകാൻ പാടില്ല. ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഇവർക്കും ബാധകമായിരിക്കും. നാട്ടുകാർക്ക് ഇവിടെ നിന്ന് മദ്യം കഴിക്കാൻ അനുവാദമില്ല. ഇപ്പോൾ ക്ളബുകൾ പ്രവർത്തിക്കുന്നതും സമാന രീതിയിലാണ്. കമ്പനികളിലെ അംഗീകൃത ജീവനക്കാർക്കു പുറമെ അതിഥികൾ, ഔദ്യോഗിക സന്ദർശകർ എന്നിവർക്ക് ഐ.ടി മദ്യശാലകളിൽ പ്രവേശനം ഉണ്ടായിരിക്കും. കേരളത്തിലെ പല വിദേശ ഐ.ടി കമ്പനികളും മുമ്പ് സർക്കാരുമായി നടത്തിയ ചർച്ചകളിൽ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിലൊന്നായ ഇത് വൈകിയാണെങ്കിലും അംഗീകരിച്ചത് അഭിനന്ദനീയമാണ്. ഇതിന്റെ ചുവടുപിടിച്ച് ടൂറിസം മേഖലയിലും മദ്യവിൽപ്പനയിൽ കൂടുതൽ ഇളവുകൾ വരുത്താൻ സർക്കാർ നടപടിയെടുക്കേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY