ആറ്റിങ്ങൽ: വേനൽമഴ ശക്തമായതോടെ പനിബാധിതരുടെ എണ്ണവും വർദ്ധിക്കുന്നു. വലിയകുന്ന് താലൂക്ക് ആശുപത്രിയിലും ആറ്രിങ്ങൽ ഹോമിയോ ആശുപത്രിയിലുമെത്തുന്ന പനിബാധിതരും കുറവല്ല. മറ്റ് ചികിത്സയ്ക്കായെത്തുന്ന രോഗികൾക്കൊപ്പം പനിക്കാരും കൂടി എത്തുന്നതോടെ വലിയകുന്ന് ആശുപത്രിയിൽ തിരക്ക് ഇരട്ടിയാകും. എന്നാൽ, ഇവരെയെല്ലാം ഉൾക്കൊള്ളാനുള്ള ക്രമീകരണങ്ങൾ ഇവിടെയില്ലെന്നാണ് രോഗികളുടെ പരാതി. ഉച്ചകഴിഞ്ഞാൽ അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. രാത്രിയിലും ഇതുതന്നെയാണവസ്ഥ. നഗരസഭയിൽ മഴക്കാല പൂർവ ശുചീകരണങ്ങൾ ആരംഭിച്ചില്ലെന്നും ആക്ഷേപമുണ്ട്.
ജാഗ്രത വേണം
വേനൽമഴ ഇടവിട്ട് പെയ്യുന്നതിനാൽ ഇത് ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാദ്ധ്യത കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി. ഒപ്പം പനിയെ പ്രതിരോധിക്കാനുള്ള നിർദ്ദശവും പുറത്തിറക്കി.
1.വീട്ടിനകത്ത് ...... ഫ്രിഡ്ജിന്റെ പിറകിലെ ഡ്രേ, ചെടിച്ചട്ടികയുടെ അടിയിലെ പാത്രങ്ങൾ,വെള്ളത്തിൽ വളരുന്ന അലങ്കാരച്ചെടികൾ എന്നിവയിൽ കൂത്താടികൾ വരാതെ നോക്കണം
2.വീടിന്റെ പരിസരങ്ങളിൽ........ ഉപയോഗശൂന്യമായ പാത്രങ്ങൾ, ചിരട്ട, കുപ്പി, ടയർ, വാഷ്ബേസിനുകളിലെ വെള്ളം വീഴുന്ന സ്ഥലങ്ങൾ എന്നിവിടങ്ങൾ വൃത്തിയോടെ സൂക്ഷിക്കണം
3. തോട്ടങ്ങൾ...... ചെടിച്ചട്ടികളിലും മറ്റും വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക, താമര, ആമ്പൽ തുടങ്ങിയവയുടെ വെള്ളത്തിൽ മീനുകളെ വളർത്താൻ ശ്രമിക്കുക
4. പൊതു ഇടങ്ങൾ...... മാലിന്യങ്ങൾ പ്രത്യേകിച്ച് അറവ് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക
കൊതുകുകൾ വളരാനുള്ള സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശസ്വയംഭരണ വകുപ്പിനെയോ ആരോഗ്യ വകുപ്പിനെയോ അറിയിക്കണമെന്ന് നിർദ്ദേശം.
ശ്രദ്ധിക്കണം
കൊതുകുകടി ഏൽക്കാതെ നോക്കുകയാണ് ഏക മാർഗ്ഗം. അതിനായി ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും കൊതുക് കടക്കാത്ത തരത്തിൽ ജനലും വാതിലും കൊതുകുവല ഘടിപ്പിക്കുകയും ചെയ്യണം. പനി പിടിപെട്ടാൻ ഉടൻതന്നെ ആരോഗ്യപ്രവർത്തകരെ അറിയിക്കണം, കൃത്യമായി ചികിത്സ തേടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |