ചോറ്റാനിക്കര: യാക്കോബായ സുറിയാനി സഭയിൽ ശ്രേഷ്ഠ കാതോലിക്കയായി ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത അഭിഷിക്തനായതോടെ അഭിമാന തിളക്കത്തിലാണ് ജന്മനാടായ മുളന്തുരുത്തിഗ്രാമം.
വൈദികനായി അരനൂറ്റാണ്ട് പിന്നിടുമ്പോഴാണ് ജോസഫ് മോർ ഗ്രിഗോ റിയോസ് യാക്കോബായ സഭയുടെ കാതോലിക്കാ ബാവയായി ചുമതല ഏൽക്കുന്നത്.
പതിമൂന്നാം വയസിൽ ശെമ്മാശപ്പട്ടം സ്വീകരിച്ച് ദൈവീക വഴിയിൽ സഞ്ചരിച്ച ഇദ്ദേഹം വിദ്യാഭ്യാസം, ആതുര സേവനം തുടങ്ങി സമഗ്ര മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ആത്മീയ ആചാര്യനാണ്. എറണാകുളം മഹാരാജാസ് കോളേജ്, അയർലൻഡ്, യു.എസ് എന്നിവിടങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി. 33-ാം വയസിൽ പാത്രിയാർക്കീസ് ബാവ മെത്രാപൊലീത്തയായി വാഴിച്ചു.സഭയിലെ പ്രഥമ പരിശുദ്ധനായ പരുമല തിരുമേനിയുടെ നാലാം തലമുറക്കാരനായ കാതോലിക്ക ബാവ സഭയ്ക്കും സമൂഹത്തിനും പ്രതീക്ഷ നൽകുന്ന ഇടയനാണ്.
ഇതര ക്രൈസ്തവ സഭകളുമായിട്ടുള്ള ബന്ധം സഭയെ നയിക്കാൻ കൂടുതൽ കരുത്ത് പകരും. ആരോടും പിണക്കമോ പരിഭവമോ ഇല്ലാതെ നിറഞ്ഞ ചിരിയോടെയുള്ള ബാവയുടെ ഇടപെടൽ ആരെയും ആകർഷിക്കുന്നതാണ്.
യാക്കോബായ സഭയുടെ നേതൃസ്ഥാനത്തേക്കുള്ള ദൈവ നിയോഗം സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും കാരണമാകുമെന്ന വിശ്വാസത്തിലാണ് വിശ്വാസി സമൂഹം. മലങ്കര സഭാ തർക്കം പരിഹരിക്കാനുള്ള തുറന്ന സമീപനം പൊതു സമൂഹത്തിന്റെ പിന്തുണക്ക് കാരണമായിട്ടുണ്ട്.
അന്ത്യോഖ്യ വിശ്വാസത്തിൽ ഉറച്ച് നിന്നുള്ള നിലപാടുകൾ യാ ക്കോബായ സഭാ വിശ്വാസികൾക്ക് ഊർജ്ജം പകരും. വിശ്വാസ വൈദിക സമൂഹത്തെ ഒരു പോലെ ചേർത്ത് നിർത്താനുള്ള നൈപുണ്യമാണ് 64കാരനായ ഇടയ ശ്രേഷ്ഠന്റെ പ്രത്യേകത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |