പ്രമാടം : പൂങ്കാവ് - പ്രമാടം - പത്തനംതിട്ട റോഡിൽ ഈറ്റ ഡിപ്പോയുടെ മുന്നിലെ കൊടുംവളവ് അപകടക്കെണിയാകുന്നു. ഇവിടെ അപകടങ്ങൾ ഒഴിയാത്ത നേരമില്ല. കഴിഞ്ഞ ദിവസം കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഉന്നത നിലവാരത്തിൽ നിർമ്മിച്ച റോഡിലെ നാല് കൊടുംവളവുകൾ നിവർത്തിയെങ്കിലും ഈറ്റ ഡിപ്പോയുടെ മുന്നിലെ വളവ് അപകടരഹിതമാക്കാനായില്ല. സ്വകാര്യ വ്യക്തികളും സർക്കാരും വസ്തുവിട്ടുനൽകിയാണ് മറ്റ് വളവുകൾ ഒഴിവാക്കി റോഡ് വീതികൂട്ടിയത്. ഈറ്റ ഡിപ്പോയിക്ക് മുന്നിലെ വളവ് നിവർത്തി വീതികൂട്ടണമെന്ന് റോഡ് വികസനത്തിന്റെ തുടക്കത്തിൽ ആവശ്യം ഉയർന്നിരുന്നു. എന്നാൽ വസ്തു ഏറ്റെടുക്കാനുള്ള ഫണ്ട് ലഭ്യമാകാതിരുന്നത് പ്രതിസന്ധിയായി. ഇരുവശത്തുമുള്ള സ്വകാര്യ വ്യക്തികളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
നല്ല റോഡ്, അപകടങ്ങളും കൂടി
റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ചതോടെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് വാഹനങ്ങൾ പായുന്നത്. വേഗനിയന്ത്രണ സംവിധാനങ്ങൾ ഒരുക്കാത്തതിനാൽ അപകട ഭീഷണിയേറി.
പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഏഴ് കോടി രൂപ ചെലവിൽ റോഡ് ഉന്നത നിരവാരത്തിൽ പുനർനിർമ്മിച്ചത്.
പ്രമാടം ഗ്രമപഞ്ചായത്തിനെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാത. പത്തനംതിട്ടയിൽ നിന്ന് കോന്നി മെഡിക്കൽ കോളേജിലേക്കും ആനക്കൂട്, അടവി തുടങ്ങിയ ടൂറിസം മേഖലകളിലേക്കും പത്തനാപുരം, പുനലൂർ , അടൂർ, കൊടുമൺ തുടങ്ങിയ ഭാഗങ്ങളിലേക്കും എളുപ്പത്തിൽ എത്താനുള്ള മാർഗം.
അനാസ്ഥ അവസാനിപ്പിക്കണം : നാട്ടുകാർ
പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിച്ച് കൊടുംവളവിനെ അപകട രഹിതമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |