# തിരുവനന്തപുരം സി.ബി.ഐ
കോടതിയിൽ എഫ്. ഐ.ആർ
#ഉടൻ ചോദ്യം ചെയ്യും
#വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു
# കേസ് രേഖകൾ വിജിലൻസ് നൽകിയില്ല
കൊച്ചി/തിരുവനന്തപുരം: വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ കേസെടുത്തു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളാണ് ചുമത്തിയത്.
ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. കിഫ്ബി സി.ഇ.ഒകൂടിയായ എബ്രഹാമിനെ ഉടൻ ചോദ്യംചെയ്യും. എഫ്.ഐ.ആർ ഇന്നലെ തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ സമർപ്പിച്ചു. കോടതി തിങ്കളാഴ്ച പരിഗണിക്കും.
2015ൽ ധനകാര്യ അഡി. ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തിൽ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് പരാതി.
ഈ മാസം 21ന് സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഹർജിയിലായിരുന്നു ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്. ഇതേ പരാതിയിൽ കേസന്വേഷിച്ചിരുന്ന വിജിലൻസിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ട് സി.ബി.ഐ കത്ത് നൽകിയെങ്കിലും ലഭ്യമായില്ല. ഹൈക്കോടതി ഉത്തരവുണ്ടായി രണ്ടാഴ്ചയായിട്ടും കേസെടുക്കുന്നില്ലെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ കൊച്ചിയിലെ സി.ബി.ഐ എസ്.പിക്ക് പരാതി നൽകിയതിനെത്തുടർന്നാണ് ഇന്നലെത്തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കൊച്ചി സി.ബി.ഐ യൂണിറ്റിലെ ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.
മുംബയിലെ മൂന്നു കോടിയുടെ ആഡംബര ഫ്ലാറ്റ്, തിരുവനന്തപുരം ജഗതിയിലെ ഒരു കോടിയുടെ ഫ്ലാറ്റ്, കൊല്ലം കടപ്പാക്കടയിൽ 8കോടിയുടെ ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയടക്കം അന്വേഷണ പരിധിയിലുണ്ട്.
മുംബൈയിലെ ഫ്ലാറ്റിനും, തിരുവനന്തപുരം ജഗതിയിലുള്ള ഫ്ലാറ്റിനും വായ്പയുണ്ട്. സ്വത്തു വെളിപ്പെടുത്തിയതിൽ കൊല്ലത്തെ ഷോപ്പിംഗ് കോംപ്ലക്സ് ഉൾപ്പെടുത്തിയിരുന്നില്ല. 2015ൽ ധനകാര്യ വകുപ്പ് അഡി.ചീഫ് സെക്രട്ടറി പദവിയിൽ എത്തുന്നതിനു മുമ്പുള്ള സമ്പാദ്യവും അന്വേഷണ പരിധിയിൽ വരും.
# ഏഴുവർഷം മുമ്പ് ക്ലീൻചിറ്റ്
2018ൽ കെ.എം. എബ്രഹാമിന് വിജിലൻസ് ക്ലീൻചിറ്റ് നൽകിയിരുന്നു. ആരോപണങ്ങളിൽ കഴമ്പില്ലെന്നായിരുന്നു കണ്ടെത്തൽ. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. എബ്രഹാമിന്റെ വീട്ടിൽ പരിശോധന നടത്തിയത് വിവാദമായി. ക്ലീൻചിറ്റിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |