മലപ്പുറം: മലപ്പുറം താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്ററിനുള്ള എൽ.എസ്.ജി.ഡി ഇലക്ട്രിക്ക് എഞ്ചിനീയറിംങ് വിഭാഗത്തിന്റെ എസ്റ്റിമേറ്റ് നടപടികൾ വേഗത്തിലാക്കും. എസ്റ്റിമേറ്റ് ലഭിക്കാത്തതിനാൽ ആശുപത്രിയിലെ ശസ്ത്രക്രിയാ കേന്ദ്രത്തിലെ തീപിടുത്തത്തെ തുടർന്ന് തകരാറിലായ വയറിംങും അനുബന്ധ ഉപകരണങ്ങളും മാറ്റുന്ന പ്രവൃത്തി അനിശ്ചിതത്വത്തിലായിരുന്നു. ഇതോടെയാണ് സമയബന്ധിതമായി ഇടപെടാൻ തീരുമാനമായത്. എസ്റ്റിമേറ്റ് എൽ.എസ്.ജി.ഡി ഇലക്ട്രിക്ക് എൻജിനീയറിംഗ് വിഭാഗം നഗരസഭയ്ക്ക് കൈമാറിയാൽ പ്രവൃത്തി തുടങ്ങും.
നേരത്തെ ഏപ്രിൽ ഒൻപതിനകം പ്രവൃത്തി തുടങ്ങാനായിരുന്നു നഗരസഭ തീരുമാനമെടുത്തിരുന്നത്. ഇതിനായി എൽ.എസ്.ജി.ഡി ഇലക്ട്രിക് എൻജിനീയറിംഗ് വിഭാഗവുമായും കരാറുകാരനുമായും ധാരണയിലെത്തി. എന്നാൽ, പിന്നീട് പി.ഡബ്യു.ഡി നിരക്കിലെ സാങ്കേതിക തടസ്സം ചൂണ്ടിക്കാണിച്ച് പദ്ധതി പ്രവർത്തനത്തിനുള്ള എസ്റ്റിമേറ്റിനുള്ള എസ്റ്റിമേറ്റ് ദീർഘിപ്പിച്ചതോടെ പ്രവൃത്തി മുടങ്ങുകയായിരുന്നു. നേരത്തെ ആറ് ലക്ഷം രൂപയുടെ പ്രാഥമിക എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്.
ശസ്ത്രക്രിയ എന്ന്
പുനാരംഭിക്കും?
ആശുപത്രിയിലെ ശസ്ത്രക്രിയാ കേന്ദ്രത്തിലെ തീപിടുത്തത്തെ തുടർന്ന് ആശുപത്രിയിൽ ശസ്ത്രക്രിയ നിർത്തിവെച്ചിരുന്നു. നിലവിൽ ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിന്റെ ഓപ്പറേഷൻ തിയ്യേറ്റർ ഉപയോഗിച്ച് ശസ്ത്രക്രിയ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മാർച്ച് 21ന് എൽ.എസ്.ജി.ഡി ഇലക്ട്രിക് വിഭാഗം പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പരിശോധനയിൽ വയറിംങ് പകുതിയിലധികവും ഉപയോഗ ശൂന്യമായിട്ടുണ്ടെന്ന് കണ്ടെത്തി. കൂടാതെ, പഴയ വയറിംങ് പൂർണ്ണമായി മാറ്റി സ്ഥാപിച്ചാൽ മാത്രമേ ഓപ്പറേഷൻ തിയ്യേറ്ററും അനുബന്ധ പ്രവർത്തനങ്ങളും പുനരാരംഭിക്കാൻ സാധിക്കൂവെന്നും സംഘം വിലയിരുത്തിയിരുന്നു. മാർച്ച് 19ന് ചേർന്ന കൗൺസിൽ യോഗ തീരുമാനത്തെ തുടർന്നാണ് വയറിംങ് പുനസ്ഥാപിക്കാൻ വേണ്ട നടപടികളെടുക്കാൻ നിശ്ചയിച്ചത്. എന്നാൽ നടപടികൾ എങ്ങുമെത്താതെ കിടക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |