കോട്ടയം: വില കൊണ്ട് കുരുമുളക് കറുത്ത പൊന്ന് എന്ന വിളിപ്പേര് അന്വർത്ഥമാക്കുകയാണ്. വർഷങ്ങൾക്ക് ശേഷമാണ് റെക്കാഡ് വിലയിലേക്ക് കുരുമുളക് കുതിക്കുന്നത്. ഉത്തരേന്ത്യൻ വ്യാപാരികൾ താത്പര്യം കാണിച്ചതോടെ കുരുമുളക് വില ക്വിന്റലിന് 720 രൂപ വരെ ഉയർന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണം. കേന്ദ്ര സർക്കാർ കണക്കിൽ ഇന്ത്യയിൽ കുരുമുളക്ഉ ത്പാദനം 75000 ടണ്ണാണ്. എന്നാൽ ഉത്പാദനം 50000 ടണ്ണിൽ താഴെയെന്നാണ് കർഷക സംഘടനകളുടെ കണക്ക്. അൻപതിനായിരം ടൺ കുരുമുളക് കർഷകർക്കിടയിലും മറ്റു മേഖലകളിലുമായി സ്റ്റോക്കുണ്ടെന്നാണ് കേന്ദ്ര കൃഷി വകുപ്പ് റിപ്പോർട്ട് .
ഇറക്കുമതിക്ക് സമ്മർദ്ദം
10000 ടണ്ണാണ് ഇന്ത്യയിൽ കുരുമുളക് പ്രതിമാസ ഉപഭോഗം. ഉത്പാദനത്തേക്കാൾ ഉപഭോഗം കൂടുതലായതിനാൽ ഇറക്കുമതി അനിവാര്യമായി. ഇതോടെ ഇറക്കുമതി ലോബി സമ്മർദ്ദം ശക്തമാക്കി. മറ്റ് ഉത്പാദക രാജ്യങ്ങളും ഇന്ത്യയിലേക്ക് കുരുമുളക് ഇറക്കുമതിക്ക് താത്പര്യം കാട്ടി തുടങ്ങി. രൂപയുടെ മൂല്യം ഉയർന്നു നിൽക്കുന്നതിനാൽ ഇറക്കുമതിക്കാർക്ക് സാമ്പത്തിക ഭാരം കൂടും. ആവശ്യത്തിന് അനുസരിച്ച് മുളക് എത്താത്തതിനാൽ വില ഇനിയും ഉയരുമെന്നാണ് വിപണി നൽകുന്ന സൂചന.
വിയറ്റ് നാം കുരുമുളക് വില 7200 ഡോളർ.
ഇന്ത്യൻ കുരുമുളക് വില 8800 ഡോളർ.
തകർച്ചയിൽ റബർ
അന്താരാഷ്ട്ര തലത്തിലെ വ്യാപാര യുദ്ധത്തളർച്ച മുതലെടുത്ത് ടയർ വ്യവസായികൾ റബറിന്റെ ആഭ്യന്തര വില ഇടിച്ചു. ടാപ്പിംഗ് സീസൺ കഴിഞ്ഞതിനാൽ ഷീറ്റ് വരവ് കുറഞ്ഞു. പ്രതികൂല കാലാവസ്ഥ കാരണം ടാപ്പിംഗ് കുറവായിരുന്നു. ഇനി ജൂൺ വരെ ടാപ്പിംഗിന് കാക്കണം. ഓഫ് സീസണിൽ വൻ തോതിൽ റബർ ആവശ്യമെങ്കിലും വില ഇടിക്കാനുള്ള ശ്രമം ടയർ ലോബി തുടരുന്നു. താഴ്ന്ന വിലയ്ക്കും ഷീറ്റും ലാറ്റക്സും കർഷകരിൽ നിന്ന് സംഭരിച്ച് സ്റ്റോക്ക് ചെയ്യാനുള്ള കളികളാണ് നടത്തുന്നത്. മാസത്തിന്റെ തുടക്കത്തിൽ കിലോയ്ക്ക് 206 വരെ ഉയർന്ന ആർ.എസ്.എസ് ഫോറിനെ ടയർ ലോബി 190 ൽ പിടിച്ചു കെട്ടി. അന്താരാഷ്ട്ര വില കോലാലംബൂരിലും 190ൽ തട്ടി നിൽക്കുകയാണ്. നേരത്തേ അന്താരാഷ്ട്ര- ആഭ്യന്തര വിലകൾ തമ്മിൽ 40 രൂപ വരെ വ്യത്യാസമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |