ആലപ്പുഴ : ''പൂന്തോട്ടത്തിലെ ഏറ്റവും ഇഷ്ടമുള്ള പൂവിനെ ദൈവം ആദ്യം കൂട്ടിക്കൊണ്ടുപോവുകയാണ്''... തത്തംപള്ളി സെന്റ് മൈക്കിൾസ് സകൂൾ മുറ്റത്തേക്ക് അവസാനമായി ഒമ്പതാംക്ലാസുകാരൻ മിഖിൽ തോമസ് കടന്നുവന്നപ്പോൾ പ്രഥാനാദ്ധ്യാപിക പറഞ്ഞു. ഇതോടെ മിഖിലിന് അന്തിമോപചാരമർപ്പിക്കാനെത്തിയ സഹപാഠികളും രക്ഷിതാക്കളും വിതുമ്പി. കൂട്ടുകാർ ഒരുമിച്ച് കെട്ടിപ്പിടിച്ച് കരഞ്ഞു. അവർക്കരികിൽ നിസ്സഹായരായി മിഖിലിന്റെ അമ്മ ഷേർളിയും അച്ഛൻ തോമസും സഹോദരി സ്റ്റെഫിയും. എറണാകുളത്ത് ജർമ്മൻ കോഴ്സ് പഠിക്കുന്ന സ്റ്റെഫി കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോഴേക്കും മിഖിൽ കല്യാണം കൂടാൻ നെടുമുടിയിലേക്ക് പോയിരുന്നു. കാത്തിരിപ്പിനൊടുവിൽ കാണാനായത് കുഞ്ഞനുജന്റെ ചേതനയറ്റ ശരീരമാണ്. സ്കൂളിലും നാട്ടിലും ദേവാലയത്തിലും എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ നിൽക്കുന്നതായിരുന്നു മിഖിലിന്റെ പ്രകൃതം. പള്ളിയിലെ ആൺകുട്ടികളുടെ മാർഗംകളി സംഘത്തിലും അംഗമായിരുന്നു.
ശനിയാഴ്ച്ച രാവിലെ 10.15ന് ചേന്നങ്കരി കളരിക്കൽ കുളിക്കടവിൽ കാൽതെന്നി ആറ്റിൽ വീണാണ് മിഖിൽ മരിച്ചത്. ഇരുന്നിട്ട് എഴുന്നേറ്റപ്പോൾ കാൽവഴുതിപ്പോവുകയായിരുന്നു. മിഖിൽ പങ്കെടുക്കാൻ പോയ സ്കൂളിലെ അനദ്ധ്യാപികയുടെ വിവാഹം ഇന്നാണ്. ഈ യുവതിയും മിഖിലിനെ രക്ഷിക്കാൻ ആറ്റിലേക്ക് ചാടിയിരുന്നു. പ്രദേശവാസിയായ സ്ത്രീ ചാടിയാണ് ഈ യുവതിയെ രക്ഷിച്ചത്. മിഖിലിന്റെ വിയോഗത്തിൽ തളർന്നിരിക്കുകയാണെങ്കിലും യുവതിയുടെ നിശ്ചയിച്ച വിവാഹം ഇന്ന് തന്നെ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |