വിഴിഞ്ഞം: ഡിസംബർ മുതൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് റോഡ്മാർഗം താത്കാലിക ചരക്കുനീക്കം നടത്താൻ തീരുമാനം. ഇതിന്റെ ഭാഗമായി റോഡിന്റെ വീതികൂട്ടാനുള്ള പണികളും തുടങ്ങി. പദ്ധതി പ്രകാരം മുല്ലൂർ തലയ്ക്കോട് ഭാഗത്തെത്തുന്ന റോഡ് ഇടത്തേക്ക് തിരിഞ്ഞ് സർവീസ് റോഡിൽകയറി 200 മീറ്റർ മുന്നോട്ടുമാറി ബൈപ്പാസുമായി ബന്ധിപ്പിക്കാനാണ് പദ്ധതി. അണ്ടർപാസേജ് വഴി വലതുവശത്തെ സർവീസ് റോഡിൽ കയറുന്നതിനും റോഡ് നിർമ്മിക്കും. ഇതോടെ നഗരത്തിലേക്കും തമിഴ്നാട് ഭാഗത്തേക്കും ചരക്കുനീക്കം നടത്താനാകും. തലയ്ക്കോട് ജംഗ്ഷനിൽ സർവീസ് റോഡ് വീതികൂട്ടുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനുള്ള ഭൂമി നേരത്തെ ഏറ്റെടുത്തിരുന്നു.
അനുമതി ലഭിച്ചു
തുറമുഖ കവാടത്തിൽ നിന്നും ആരംഭിക്കുന്ന റോഡ് താത്കാലികമായി ബന്ധിപ്പിക്കുന്നതിന് ദേശീയപാത അതോറിട്ടിയുടെ അനുമതി ലഭിച്ചതോടെയാണ് റോഡ് നിർമ്മാണം ആരംഭിച്ചത്. നിലവിൽ ഈ റോഡിനുകുറുകെ വരുന്ന സർവീസ് റോഡിനും രൂപമാറ്റമുണ്ടാകും. പോർട്ട് റോഡും ബൈപ്പാസ് റോഡും തമ്മിൽ കയറ്റിറക്ക്ഭാഗമായതിനാൽ ഇവിടെ മണ്ണിട്ട് ഉയർത്തും. റിംഗ് റോഡ് പൂർത്തിയാകുന്നതുവരെ ഈ വഴിയാകും ചരക്കുനീക്കം.
നിർമ്മാണം പുരോഗമിക്കുന്നു
രണ്ട് മാസം മുമ്പാണ് തുറമുഖത്തേക്കുള്ള റോഡ് നിർമ്മാണം ആരംഭിച്ചത്. തുറമുഖ കവാടത്തിൽ നിന്ന് ബൈപ്പാസ് വരെ ഏകദേശം1.7 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിലെ രണ്ടു പാലങ്ങൾ ഏതാണ്ട് പൂർത്തിയായി. ബാക്കി റോഡിന്റെ നിർമ്മാണം നടക്കുകയാണ്. അന്താരാഷ്ട്ര തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കാൻ ക്ലോവർ ലീഫ് മാതൃകയിൽ റോഡ് നിർമ്മിക്കാനും അംഗീകാരം ലഭിച്ചിട്ടുണ്ട്.
ക്ലോവർ ലീഫ് മാതൃക
നാലു വളയങ്ങൾ പരസ്‌പരം ചേർന്ന രൂപമാണ് ക്ലോവർ ലീഫ്. കേരളത്തിൽ ആദ്യത്തേതാണ് വിഴിഞ്ഞത്ത് വരുന്നത്. തുറമുഖത്തുനിന്നുള്ള റോഡിനെ ബൈപ്പാസുമായും നിർദ്ദിഷ്ട ഔട്ടർറിംഗ് റോഡുമായും ബന്ധിപ്പിക്കുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം.
റെയിൽവേ ഭൂഗർഭ പാതയിലൂടെ
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് നിന്ന് ബാലരാമപുരം വരെ നീളുന്ന ഭൂഗർഭ റെയിൽപാതയ്ക്കും അംഗീകാരമായി. തുറമുഖപദ്ധതി പ്രദേശത്ത് നിന്ന് കഴക്കൂട്ടം-കന്യാകുമാരി ദേശീയ പാതയിലേക്കുള്ള കണക്ടിവിറ്റി ഇതോടെ സാദ്ധ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |