വിതുര: ജില്ലയിൽ ടൂറിസം വികസനം ഫലപ്രദമാക്കുന്നതിനായി സംസ്ഥാന സർക്കാർ 2023ൽ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ടൂറിസം ഇടനാഴി പദ്ധതി അടിയന്തരമായി പൂർത്തീകരിക്കണമെന്ന അവശ്യം ശക്തമാകുന്നു. നെടുമങ്ങാട് താലൂക്കിലെ പത്തോളം വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കിയാണ് ടൂറിസം ഇടനാഴി പദ്ധതി നടപ്പിലാക്കുവാൻ തീരുമാനിച്ചത്. ഇതിലൂടെ സഞ്ചാരികളെ ആകർഷിച്ച് ടൂറിസം വരുമാനം ഉയർത്തുകയാണ് ലക്ഷ്യം.
വിനോദ സഞ്ചാരികളുടെ പറുദീസകളായ മലയോരത്തെ മിക്ക ടൂറിസംകേന്ദ്രങ്ങളും അവഗണനയുടെ നടുവിലാണ്. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ ലക്ഷക്കണക്കിന് സഞ്ചാരികളാണ് പൊൻമുടി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നത്. വർഷങ്ങൾ കഴിയുംതോറും മലയോരമേഖലയിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം കുത്തനെ ഉയരുന്നുണ്ട്. എന്നാൽ മിക്ക ടൂറിസംകേന്ദ്രങ്ങളിലും സഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള ക്രമീകരണങ്ങളൊന്നും ഒരുക്കാറില്ലെന്നുള്ളതാണ് വസ്തുത.
പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും..
ടൂറിസം ഇടനാഴിക്കായി ആദ്യഘട്ടത്തിൽ 50 കോടിരൂപയാണ് സർക്കാർ ബഡ്ജറ്റിൽ വകയിരുത്തിയത്. എന്നാൽ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പിന്നീട് മെല്ലെപ്പോക്കായി.
പരിസ്ഥിതിക്ക് കോട്ടംതട്ടാതെ വിനോദസഞ്ചാരകേന്ദ്രങ്ങളെ വികസിപ്പിക്കുയും തൊഴിലവസരം സൃഷ്ടിച്ച് അനവധി പേർക്ക് തൊഴിൽ ലഭ്യമാക്കാനും ലക്ഷ്യമിടുന്നുണ്ട്. ആദിവാസിമേഖലകളിലും വികസനം സാദ്ധ്യമാക്കും. കൊവിഡിനെ തുടർന്ന് ടൂറിസംകേന്ദ്രങ്ങൾ അടച്ചത് തിരിച്ചടിയായെങ്കിലും ഇപ്പോൾ നല്ലവരുമാനമാണ് ലഭിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളുമില്ല
സാധാരണ വേനൽ കടുക്കുമ്പോൾ പൊൻമുടി ഉൾപ്പെടെയുള്ള വിനേദസഞ്ചാര കേന്ദ്രങ്ങളിൽ ടൂറിസ്റ്റുകളാൽ നിറയുമെങ്കിലും ഇപ്പോൾ മറിച്ചാണ്. സഞ്ചാരികളെ ആകർഷിക്കുന്നതിനായി യാതൊരു പദ്ധതികളും നടപ്പിലാക്കാറുമില്ല. സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങളും മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും ലഭിക്കാറില്ല.
ടൂറിസം ഇടനാഴി പദ്ധതി
ടൂറിസം ഇടനാഴി പദ്ധതിയിൽ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 50 കോടി വിനിയോഗിച്ച് പ്രാരംഭപ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം. കൂടുതൽ തുക പിന്നീട് അനുവദിക്കാനായിരുന്നു തീരുമാനം. ടൂറിസം ഇടനാഴി പദ്ധതിയുടെ പരിധിയിൽ നെയ്യാർഡാം, പൊൻമുടി, കാട്ടാക്കട കാപ്പുകാട് ആനവളർത്തൽകേന്ദ്രം, പേപ്പാറ, അരുവിക്കര, ബോണക്കാട്, കല്ലാർ എന്നീ മേഖലകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാക്കുമെന്നാണ് ടൂറിസം വകുപ്പ് വ്യക്തമാക്കുന്നത്.
സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ടൂറിസം ഇടനാഴി പദ്ധതി അടിയന്തരമായി പൂർത്തീകരിക്കണം. സത്വര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കും.
ഫ്രാറ്റ് വിതുര മേഖലാകമ്മിറ്റി ഭാരവാഹികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |