ചന്ദനപ്പള്ളി : ഭക്തിയുടെയും ആവേശത്തിന്റെയും അലകളുയർത്തി ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്ന ആഗോള തീർത്ഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പെരുന്നാളിന് കൊടിയേറി. രാവിലെ ഡോ.എബ്രഹാം മാർ സെറാഫിമിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന മൂന്നിന്മേൽ കുർബാനയ്ക്ക് ശേഷം പള്ളിയങ്കണത്തിലെ സ്വർണ്ണ കൊടിമരത്തിലാണ് കൊടി ഉയർത്തിയത്. വികാരി ഫാ.സുനിൽ എബ്രഹാം, സഹവികാരി ഫാ.ജോബിൻ യോഹന്നാൻ, ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ, കുര്യൻ വർഗീസ് കോർ എപ്പിസ്‌കോപ്പ എന്നിവർ സഹകർമ്മികർ ആയിരുന്നു. യുവജന പ്രസ്ഥാനത്തിന്റെ വിളംബര റാലിയോടനുബന്ധിച്ചു കുരിശടികളിലും ഭവനങ്ങളിലും കൊടി ഉയർത്തി. തീർത്ഥാടന വാരാചരണവും ജോർജിയൻ യുവതി സമാജത്തിന്റെ സഹായ പദ്ധതി ഉദ്ഘാടനവും മെത്രാപ്പൊലീത്ത നിർവഹിച്ചു.
കൽക്കുരിശടിയിൽ ഉയർത്തുന്നതിനുള്ള കൊടിമരം ഇടഭാഗം കരയിലെ വിളയിൽ പുത്തൻവീട്ടിൽ ജോസ്‌മോന്റെ ഭവനത്തിൽ നിന്ന് ആഘോഷപൂർവമായി എത്തിച്ചു. സഹദായുടെ അപദാനങ്ങൾ വാഴ്ത്തി പാടി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ഘോഷയാത്രയ്ക്ക് ജംഗ്ഷനിലും ചെമ്പിന്മൂട്ടിലും പൂക്കൾ വിതറിയും വെറ്റില എറിഞ്ഞും സ്വീകരണം നൽകി. കൽക്കുരിശടിയിൽ എത്തിച്ച കൊടിമരത്തെ പരമ്പരാഗത രീതിയിൽ ചെത്തിയൊരുക്കിയും മാവില ചാർത്തിയും അലങ്കരിച്ചു. സന്ധ്യാ നമസ്‌കാരത്തിന് ഫാദർ ഇടിക്കുള്ള ഡാനിയേൽ, ഫാദർ ജേക്കബ് ബേബി, ഫാദർ ജേക്കബ് ഡാനിയേൽ, ഫാദർ ഷൈജു ചെറിയാൻ, ഫാദർ എബിൻ സജി എന്നിവർ കർമ്മികരായി. തുടർന്നു വികാരി സുനിൽ എബ്രഹാം കൊടി ഉയർത്തി. ട്രസ്റ്റീ വർഗീസ് കെ.ജെയിംസ്, സെക്രട്ടറി ഷാജി തോമസ്, ടി.എസ്.ജോയി, ടി.ജി.സാമുവൽ, ബാബു ജോർജ് എന്നിവർ നേതൃത്വം നൽകി. മേയ് ഒന്നു മുതൽ തുടങ്ങുന്ന പെരുന്നാളിന്റെ പ്രധാന ദിനങ്ങൾ 7,8 തീയതികളിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |