കൊല്ലം: ഒരു വർഷത്തിന് ശേഷം കേന്ദ്ര സർക്കാർ മണ്ണെണ്ണ അനുവദിച്ചെങ്കിലും വിതരണം പ്രതിസന്ധിയിൽ. ഇന്ത്യൻ ഓയിലിന്റെ കൊച്ചിലെ സംഭരണ ശാലയിൽ നിന്ന് മണ്ണെണ്ണ ഏറ്റെടുക്കാൻ ഹോൾ സെയിൽ ഡീലർമാരില്ലാത്തതും റേഷൻ വ്യാപാരികൾ മണ്ണെണ്ണ വിതരണത്തിനുള്ള ലൈസൻസ് പുതുക്കാത്തതുമാണ് പ്രശ്നം.
നേരത്തെ തുടർച്ചയായി മണ്ണെണ്ണ വിതരണം ചെയ്തിരുന്ന കാലത്ത് എല്ലാ താലൂക്കുകളിലും രണ്ടും മൂന്നും ഹോൾസെയിൽ ഡീലർമാരുണ്ടായിരുന്നു. മണ്ണെണ്ണ വിതരണം തുടങ്ങിയതോടെ സംഭരണ കേന്ദ്രങ്ങൾക്ക് വെറുതെ വാടക നൽകി വൻനഷ്ടം സംഭവിച്ച ഡീലർമാർ കരാർ ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ കടയ്ക്കൽ കേന്ദ്രീകരിച്ചുള്ള ഡീലർ മാത്രമാണ് സജീവമായുള്ളത്. കടയ്ക്കലിൽ പോയി മണ്ണെണ്ണ എടുക്കുന്നത് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള റേഷൻ വ്യാപാരികൾക്ക് വലിയ ഭാരമാകും. ഇതിന് പുറമേ ജില്ലാ സപ്ലൈ ഓഫീസിൽ നിന്നും മണ്ണെണ്ണ ലൈസൻസ് റേഷൻ വ്യാപാരികൾ പുതുക്കിയിട്ടുമില്ല.
ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി മണ്ണെണ്ണ വിതരണം പൂർണമായും അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. അതുകൊണ്ട് തന്നെ ഒരു തവണത്തേക്ക് സംഭരണ കേന്ദ്രം വാടകയ്ക്കെടുക്കാൻ കൂടുതൽ ഹോൾസെയിൽ ഡീലർമാർ തയ്യാറാകാൻ സാദ്ധ്യത കുറവാണ്. നിശ്ചിത സമയത്തിനുള്ളിൽ മണ്ണെണ്ണ ഏറ്റെടുത്തില്ലെങ്കിൽ ജില്ലയ്ക്കുള്ള വിഹിതം നഷ്ടമാകും.
ഏറ്റെടുക്കാൻ ഡീലർമാരില്ല
ഒരു വർഷമായി മണ്ണെണ്ണ് വിതരണം ഇല്ല
ഇതോടെ ഹോൾ സെയിൽ ഡീലർമാർ ലൈസൻസ് പുതുക്കിയില്ല
റേഷൻ വ്യാപാരികൾക്കും ലൈസൻസില്ല
എ.എ.വൈ കാർഡുകാർക്ക് ഒരു ലിറ്റർ
മറ്റ് വിഭാഗക്കാർക്ക് അര ലിറ്റർ
ലിറ്ററിന് ₹ 71
ജില്ലയിലെ റേഷൻ കാർഡുകൾ-797045
എ.എ.വൈ കാർഡുകൾ-7543
ഉടൻ ഹോൾസെയിൽ ഡീലർമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്ത് മണ്ണെണ്ണ വിതരണത്തെക്കുറിച്ച് ചർച്ച ചെയ്യും.
ജില്ലാ സപ്ലൈ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |