കൊല്ലം: സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിലുള്ള പതിനായിരം പേർക്ക് കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.എ.വൈ ഗ്രാമീൺ പദ്ധതിയിൽ നിന്ന് വീട് ലഭിക്കും. പി.എം.എ.വൈ പദ്ധതിയുടെ പുതിയ ഗുണഭോക്താക്കളെ കണ്ടെത്താൻ ലൈഫ് ലിസ്റ്റ് അടിസ്ഥാനമാക്കി സർവേ ആരംഭിച്ചു.
ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉള്ളവരിൽ ഇതുവരെ വീട് നിർമ്മാണത്തിന് ധനസഹായം ലഭിക്കാത്തവരെയാകും സർവേ നടത്തി പി.എം.എ.വൈ പദ്ധതിയുടെ പട്ടികയിൽ ഉൾപ്പെടുത്തുക. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ ലൈഫ് പട്ടികയുടെ ലിസ്റ്റിലുള്ളവരുടെ താമസ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയാകും പരിശോധന. നേരത്തെ അവാസ്, അവാസ് പ്ലസ് എന്നീ പേരുകളിൽ പ്രത്യേക സർവേകൾ നടത്തിയാണ് പി.എം.എ.വൈ പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിരുന്നത്.
പി.എം.എ.വൈ ഗ്രാമീൺ പദ്ധതിയിൽ ജില്ലയ്ക്ക് അടുത്തിടെ 15160 വീടുകൾ അനുവദിച്ചിരുന്നു. അയ്യായിരം പേർക്ക് നേരത്തെ നിലവിലുണ്ടായിരുന്ന ആവാസ് പട്ടികയിൽ നിന്ന് വീട് അനുവദിച്ചിരുന്നു. ഈ പട്ടികയിലുള്ള പലർക്കും ലൈഫ് പദ്ധതിയിലൂടെ വീട് ലഭിച്ചതിനാൽ അവാസ് പട്ടിക കൊണ്ട് നിലവിലെ ടാർഗറ്റ് പൂർത്തീകരിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് ലൈഫ് പട്ടിക കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്തുന്നത്.
ലൈഫ് പദ്ധതി
(ഗ്രാമീണ മേഖലയിൽ)
പട്ടികയിലുള്ള ഭവന രഹിതർ- 33675
വീട് അനുവദിച്ചത് 25000 പേർക്ക്
ജില്ലയിൽ പൂർത്തിയായ വീടുകൾ 39000
നിർമ്മാണം പുരോഗമിക്കുന്നത്-1000 വീടുകൾ
പി.എം.എ.വൈ പദ്ധതിയിൽ
ഒരു വീടിന് 4 ലക്ഷം
കേന്ദ്ര സർക്കാർ വിഹിതം ₹ 72,000
സംസ്ഥാന സർക്കാർ വിഹിതം ₹ 48,000
പഞ്ചായത്ത് ₹ 70,000
ബ്ലോക്ക് പഞ്ചായത്ത് ₹ 1.12 ലക്ഷം
ജില്ലാ പഞ്ചായത്ത് ₹ 98,000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |