തൃശൂർ : കഴിഞ്ഞദിവസം തൊഴിൽപൂരത്തിലൂടെ ജോലി ലഭിച്ചത് 633 പേർക്ക്. ഇതോടെ ഓൺലൈൻ വഴിയും മേള വഴിയും തൊഴിൽ ലഭിച്ചവരുടെ എണ്ണം 1,246 ആയി. ഇതിനുപുറമേ 2,636 പേരെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തി. തൊഴിൽ പൂരം തുടരുമെന്നും മേയ് 28നുള്ളിൽ നടക്കുന്ന ചെറുതൊഴിൽ മേള വഴിയും സംസ്ഥാന സർക്കാരിന്റെ വാർഷികത്തിന്റെ ഭാഗമായി കോർപ്പറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന മേളയും ഗൾഫ് റിക്രൂട്ട്‌മെന്റ് വഴിയുമായി 20,000 പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് മന്ത്രി കെ.രാജനും വിജ്ഞാനപൂരം സംസ്ഥാന ഉപദേഷ്ടാവ് ഡോ.തോമസ് ഐസക്കും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അടുത്ത രണ്ടാഴ്ച്ച ജില്ലയിലെ മുഴുവൻ പ്രദേശിക സംരംഭകരുടെ ബന്ധപ്പെട്ട പ്രദേശിക തൊഴിലുകൾ സമാഹരിക്കുന്നതിന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ടീം രൂപീകരിക്കും. ജോലിയെടുക്കാൻ സന്നദ്ധരായ വീട്ടമ്മമാരായ സ്ത്രീകളെ കണ്ടെത്തുന്നതിന് ജനപ്രതിനിധികളുടെയും കൂടുംബശ്രീയുടെയും ഡി.ആർ.പിമാരുടെയും നേതൃത്വത്തിൽ സ്‌ക്വാഡ് പ്രവർത്തിക്കും. മേയ് മൂന്നാം വാരത്തിൽ അവർക്കായി ചെറുതൊഴിൽ മേളകൾ സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസും ഡോ.പി.സരിനും പങ്കെടുത്തു.
കോർപ്പറേഷൻ തൊഴിൽപൂരം
മേയ് 18 മുതൽ 24 വരെ കോർപറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന തൊഴിൽ പൂരത്തിൽ മുമ്പ് പരിപാടിയിൽ പങ്കെടുത്ത് ജോലി ലഭിക്കാത്തവരെയും ഷോർട്ട് ലിസ്റ്റ് ചെയ്തവരെയും ഉൾപ്പെടുത്തി പ്രത്യേക അഭിമുഖം സംഘടിപ്പിക്കും. മേയ് 24ന് ഗൾഫിലേക്ക് ഇല്ക്ട്രീഷൻ, പ്ലംബർ, വെൽഡർ, മെയ്‌സൺ തുടങ്ങിയ നിർമ്മാണ ജോലികൾക്കും അക്കൗണ്ടുമാർക്കുമായി റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കും.
രജിസ്‌ട്രേഷന്റെ ആവേശം മേളയിൽ കണ്ടില്ല
തൊഴിൽ പൂരത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ വഴി സംഘടിപ്പിച്ച ജോബ് ഫെയർ വഴിയും മറ്റ് രജിസ്‌ട്രേഷൻ വഴിയും 20,000ഓളം പേർ രജിസ്റ്റർ ചെയ്‌തെങ്കിലും 4,330 പേരാണ് നേരിട്ട് ഹാജരായത്. 25-ാം തിയതി വരെയായിരുന്നു രജിസ്‌ട്രേഷൻ. എന്നാൽ അടുത്ത് നടക്കുന്ന തൊഴിൽപൂരങ്ങളിലൂടെ ബാക്കിയുള്ളവരെ കൂടിയെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, ജില്ലാ കോർഡിനേറ്റർ ജ്യോതിഷ് കുമാർ, അനൂപ് കിഷോർ എന്നിവരാണ് നേതൃത്വം നൽകുന്നത്.
തൊഴിൽപൂരത്തിൽ പങ്കെടുത്തവർ 4,330
മേളയിൽ ജോലി ലഭിച്ചത് 6,33
ഓൺലൈൻ വഴി ജോലി ലഭിച്ചത് 6,13
ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് 2,636.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |