SignIn
Kerala Kaumudi Online
Monday, 21 July 2025 5.34 PM IST

ദൃശ്യങ്ങളിലെ കാവ്യഭാഷ

Increase Font Size Decrease Font Size Print Page
shaji-n-karun

മഴയെക്കുറിച്ച് മാവോസെതൂങ് എഴുതിയ കവിത പ്രസിദ്ധമാണ്- നീല, വയലറ്റ്, മഞ്ഞ, ഓറഞ്ച്, പച്ച എന്നിങ്ങനെ വർണ്ണനാട ചുഴറ്റിക്കറങ്ങി നൃത്തം ചെയ്യുന്ന മഴ ഭൂമിയെപ്പോലെ നിറങ്ങളുടെ രത്‌നഖനിയാണ് ആകാശവും. രണ്ടിന്റെയും നിറങ്ങളിൽ ഭാവനയുടെ നിറം കൂടി ചാലിച്ച ഛായാഗ്രാഹകനും സംവിധായകനുമായിരുന്നു ഷാജി എൻ. കരുൺ. കൊല്ലം പെരിനാട് കണ്ടച്ചിറയിലെ കായലിൽ രാവും പകലും തെളിഞ്ഞുമായുന്ന ദൃശ്യങ്ങളായിരുന്നു കുട്ടിക്കാലത്ത് ഷാജിയുടെ ബാലപാഠം. അത് മനസിന്റെ ഛായാഗ്രഹണത്തിനുള്ള ഗൃഹപാഠങ്ങളായി. ക്യാമറയ്ക്കുള്ളിലും ഡാർക്ക് റൂമിലും നിറങ്ങളുടെ അജ്ഞാതവാസത്തെപ്പറ്റിയായിരുന്നു വളരും തോറും ഷാജിയുടെ ചിന്തയും അന്വേഷണവും. ആ തുടരന്വേഷണമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് ചേർന്നിട്ടും അതുപേക്ഷിച്ച് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാ പഠനത്തിന് എത്തിച്ചത്.

ഷാജി മെഡിസിന് ചേർന്നിരുന്നെങ്കിൽ കൈപ്പുണ്യവും കാരുണ്യവുമുള്ള ഒരു മികച്ച ഡോക്ടറെ നമുക്ക് ലഭിക്കുമായിരുന്നു. പക്ഷേ ക്യാമറക്കണ്ണിലൂടെ നിറങ്ങളുടെയും ജീവിതത്തിന്റെ നിറക്കൂട്ടിനെയും ഒപ്പിയെടുക്കാനായിരുന്നു ഷാജിയുടെ നിയോഗം. അത് ജന്മനാടായ കേരളത്തിനും ഭാരതത്തിനാകെയും ദൃശ്യചാരുതയുടെ പ്രശസ്തിപത്രമായി മാറി. സംവിധാനം, ഛായാഗ്രഹണം എന്നിവയിലൂടെ ലോക സിനിമയുടെ നെറുകയോളമെത്തിയ മലയാളികൾ നമുക്കധികമില്ല. കെ.പി. കുമാരന്റെ 'ലക്ഷ്മീവിജയ"ത്തിലാണ് ആദ്യമായി സ്വതന്ത്ര ക്യാമറാമാനാകുന്നത്. അന്ന് പ്രായം 24 മാത്രം. 'ഉത്തരായന"ത്തിന്റെ വർക്കിനായി മദ്രാസിലെത്തിയ സംവിധായക പ്രതിഭയായ ജി. അരവിന്ദനുമായി അവിടെവച്ച് പരിചയപ്പെട്ടത് ഷാജിയുടെ ജീവിതത്തിന്റെ ഗതിമാറ്റി. അങ്ങനെ അരവിന്ദന്റെ കാഞ്ചനസീതയുടെ ക്യാമറാമാനായി.

പിന്നീടുള്ള ഷാജിയുടെ ചുവടുവയ്പുകൾ കാഞ്ചനംപോലെ തിളക്കമുള്ളവ. അരവിന്ദൻ- ഷാജി കൂട്ടുകെട്ട് ലോക സിനിമയുടെ ഭാഗമായി. അരവിന്ദന്റെ ആദ്യചിത്രവും അവസാന ചിത്രവും ഒഴികെയുള്ള എല്ലാത്തിന്റെയും ഛായാഗ്രഹണം ഷാജിയായിരുന്നു. ഷാജി സ്വതന്ത്ര സംവിധായകനായ 'പിറവി" ലോക ചലച്ചിത്ര ഭൂപടത്തിലൂടെ സഞ്ചരിച്ചു. കാണാതായ മകനെക്കുറിച്ചുള്ള ആകുലതകളിൽ ആടിയുലഞ്ഞ ഒരു വൃദ്ധപിതാവിന്റെ തപ്തമാനസത്തിന്റെ കഥ,​ രാഷ്ട്രീയം എങ്ങനെയെല്ലാം ഒരു സാധാരണ കുടുംബത്തിന്റെ ഉൾത്തളങ്ങളിലേക്ക് കടന്നൽ പോലെ കയറിയിരിക്കുന്നു എന്നതിന്റെ ഛായ കൂടിയായി. 'പിറവി" നിരവധി അവാർഡുകൾ വാരിക്കൂട്ടി. വിജയങ്ങൾ ഒന്നും ഔദാര്യമായി വന്നതല്ല. പ്രതിഭയും കഠിനാദ്ധ്വാനവുംകൊണ്ട് കൈവന്നതാണ്. ഷാജിയോളം ദേശീയ,​ അന്തർദ്ദേശീയ അവാർഡുകൾ വാരിക്കൂട്ടിയ മറ്റൊരു ഇന്ത്യൻ സംവിധായകനില്ല.

'പിറവി"ക്കുശേഷം സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, സ്വപാനം, ഓള് എന്നിങ്ങനെ ഏഴു ചിത്രങ്ങൾ സംവിധാനം ചെയ്തു. ആദ്യ മൂന്നു ചിത്രങ്ങളായ പിറവി, സ്വം, വാനപ്രസ്ഥം എന്നിവ കാനിൽ പ്രദ‌ർശിപ്പിച്ചു. സംഭാഷണപ്രധാനമാണ് സിനിമയെന്ന് ഷാജി വിശ്വസിച്ചില്ല. അല്ലെങ്കിലും,​ അടിസ്ഥാനപരമായി ഛായാഗ്രാഹകനായ ഒരാളുടെ ഭാഷാബോധം അങ്ങനെയാവുക വയ്യല്ലോ. ക്യാമറകൊണ്ടാണ് ഷാജി കഥ പറഞ്ഞത്. ​ 'പിറവി"യും 'വാനപ്രസ്ഥ"വും ആയിരിക്കാം ഒരുപക്ഷേ, സിനിമയിലെ ഈ സംവേദനതന്ത്രം ഏറ്റവും സമർത്ഥമായി മലയാളത്തിൽ പരീക്ഷിച്ചത്. വെയിലും കാറ്റും മഴയും മിന്നലുമൊക്കെച്ചേർന്നതായിരുന്നു ഷാജിയുടെ ഛായാതിരക്കഥ. പ്രകൃതി പ്രതിഭാസങ്ങളെന്നതിനെക്കാൾ സിനിമയിൽ അവ കഥാപാത്രങ്ങളുടെ വികാരവിക്ഷോഭങ്ങൾ ഏറ്റുവാങ്ങിയ ജൈവപ്രതീകങ്ങളായി പുനരവതരിച്ചു. സ്ക്രീനിൽ കണ്ടാൽ വെറുതെ ക്യാമറ തുറന്നുവച്ചിരിക്കുകയാണെന്നേ തോന്നൂ; പക്ഷേ,​ ആ പ്രകൃതി പ്രതിഭാവങ്ങളിലൂടെ സംവിധായകൻ മനുഷ്യന്റെ ഉൾപ്പിടച്ചിലുകളുടെ അടിയൊഴുക്കുകൾ പകർത്തുകയായിരുന്നു.

പത്മരാജന്റെ കൂടെവിടെ, അരപ്പട്ടക്കെട്ടിയ ഗ്രാമം, അരവിന്ദന്റെ തമ്പ്, എം.ടിയുടെ മഞ്ഞ് ,ഹരിഹരന്റെ നഖക്ഷതങ്ങൾ,പഞ്ചാഗ്നി, സർഗം എന്നിവയിലെ ഛായാഗ്രഹണം എടുത്തുപറയത്തക്കതാണ്. തമ്പിൽ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ് നേടി. 'വാനപ്രസ്ഥ"ത്തിൽ മോഹൻലാലിനെയാണ് കഥകളി നടന്റെ വേഷം ഷാജി ഏല്പിച്ചത്. അരങ്ങിലെ നടന്റെ അണിയറയിലെ ആത്മസംഘർഷങ്ങളായിരുന്നു അത്. കഥകളിയിൽ ഏറ്റവും മികച്ച നടനായി എല്ലാവരും കണ്ടിരിക്കുന്നത് കലാമണ്ഡലം കൃഷ്ണൻനായരെയാണ്. അതേ ഫിസിക്കും ലുക്കുമാണ് മോഹൻലാലിനും. ആ വേഷം ഏറ്റവും ഭംഗിയായി മോഹൻലാൽ ചെയ്തെന്നും ഷാജി പിന്നീട് പറഞ്ഞിട്ടുണ്ട്. 'കുട്ടിസ്രാങ്കി"ൽ മമ്മൂട്ടിയുടെ സെലക്ഷനും ഇത്തരത്തിലായിരുന്നു.

സിനിമയിൽ അമ്പത് വർഷങ്ങൾ പിന്നിട്ട ഷാജി ഛായാഗ്രഹണത്തിലും സംവിധാനത്തിലും മാത്രമല്ല, തന്റെ കഴിവുകൾ പ്രകടിപ്പിച്ചത്.

ഇന്ത്യയിലാദ്യമായി ചലച്ചിത്ര അക്കാഡമി രൂപീകരിച്ചത് ഷാജിയുടെ നേതൃത്വത്തിൽ കേരളത്തിലാണ്. അന്ന് സാംസ്കാരിക മന്ത്രിയായിരുന്ന ടി.കെ. രാമകൃഷ്ണൻ നൽകിയ പിന്തുണ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവം മികച്ച രീതിയിൽ സംഘടിപ്പിക്കാൻ ഷാജിയെ സഹായിച്ചു. രണ്ടുവർഷം മുമ്പുവരെയും ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഇഫിയുടെ സിഗ്‌നേച്ചർ ഫിലിം ഷാജിയുടേതായിരുന്നു. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ എന്ന നിലയിൽ ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റായി പ്രവർത്തിക്കുമ്പോഴും സിനിമാനയം രൂപീകരിക്കാനുള്ള കമ്മിറ്റിയുടെ നേതൃത്വം ഷാജിക്കായിരുന്നു. പ്രവർത്തിച്ച മണ്ഡലങ്ങളിലെല്ലാം ഒരുപോലെ തിളങ്ങിയ അദ്ദേഹത്തെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഈയിടെയാണ് ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേൽ പുരസ്കാരം അദ്ദേഹത്തിന് സമ്മാനിച്ചത്.

'പിറവി" എന്ന സിനിമയാണ് ഷാജിക്ക് ഏറ്റവും കൂടുതൽ പ്രശസ്തിയും അംഗീകാരങ്ങളും നൽകിയത്. തിരുവനന്തപുരത്ത് വഴുതയ്ക്കാട്ടുള്ള വസതിക്ക് അദ്ദേഹമിട്ട പേരും 'പിറവി" എന്നാണ്. അത് ഷാജിയുടെ കർമ്മ തപസ്യയുടെ ഒരു പ്രതീകം കൂടിയാണ്. കാരണം,​ ഷാജിയുടെ രംഗപ്രവേശത്തോടെ ഛായാഗ്രഹണത്തിൽ പുതിയൊരു യുഗപ്പിറവിയായിരുന്നു. സംവിധാനത്തിലും അങ്ങനെതന്നെ. ആതുര സേവനരംഗത്ത് ആശ്വാസത്തിന്റെയും കാരുണ്യത്തിന്റെയും പര്യായമായ ഡോ. പി.കെ. ആർ. വാര്യരുടെ മകൾ അനസൂയയാണ് ഷാജിയുടെ ജീവിത പങ്കാളി. ഏത് ജോലിയായാലും അത് ആസ്വദിച്ച് ഇഷ്ടത്തോടെ ചെയ്യാൻ കഴിയുന്നതായിരിക്കണം എന്ന ഡോ. വാര്യരുടെ വാക്കുകൾ സിനിമയിലും ജീവിതത്തിലും ഷാജി പാലിച്ചു.

ഒരുപക്ഷേ, വാര്യരുടെ ആ വാക്കുകളാണ് കുടുംബത്തിലെ എതിർപ്പുകൾ മാറ്റി ഷാജിയെ സിനിമയിലേക്കു നയിച്ചത്. സൗമ്യമായ വാക്കുകളും പെരുമാറ്റവുംകൊണ്ട് ഷാജി അടുത്തിടപഴകിയവരുടെയും സഹപ്രവർത്തകരുടെയും ആദരവും പ്രശംസയും പിടിച്ചുപറ്റി. 'കേരളകൗമുദി"യെ സംബന്ധിച്ചിടത്തോളം ഷാജി ഞങ്ങളുടെ കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു. അത്രമാത്രം ഹൃദയബന്ധം എന്നും ഷാജി 'കൗമുദി"യോടും പുലർത്തി. ജീവനുള്ളപ്പോൾ കളർഫുള്ളും ജീവനറ്റാൽ ബ്ളാക്ക് ആൻഡ് വൈറ്റുമാണ് ജീവിതമെന്ന് പറയാറുണ്ട്. എന്നാൽ ആയിരക്കണക്കിന് ഫ്രെയിമുകളിൽ ദൃശ്യകവിത രചിച്ച ഷാജിയുടെ സ്മരണകൾ എക്കാലവും വർണപ്പകിട്ടുള്ളതായിരിക്കും.ഷാജി എൻ. കരുണിന്റെ കുടുംബാംഗങ്ങളുടെയും ലക്ഷക്കണക്കിനു വരുന്ന അദ്ദേഹത്തിന്റെ ചലച്ചിത്രാസ്വാദകരുടെയും ദു:ഖത്തിൽ ഞങ്ങളും ആദരപൂർവം പങ്കുചേരുന്നു.

TAGS: SHAJI N KARUN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.