വിഖ്യാത ചലച്ചിത്ര സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ. കരുൺ വിട പറയുമ്പോൾ ദേശീയ - അന്തർ ദേശീയ തലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയെയാണ് നഷ്ടമാകുന്നത്. അതുല്യ ചലച്ചിത്രകാരൻ ജി. അരവിന്ദന്റെ ഛായാഗ്രഹകൻ എന്ന നിലയിൽ മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് സർഗാത്മകമായ ഊർജം നൽകിയ കലാകാരനായിരുന്നു ഷാജി എൻ കരുൺ . പിറവി, സ്വം, നിഷാദ്, വാനപ്രസ്ഥം, കുട്ടി സ്രാങ്ക്, സ്വപാനം, ഓള്എന്നീ അതുല്യ സംവിധാന ചിത്രങ്ങൾ സമ്മാനിച്ചാണ് മടക്കം. പുരസ്കാരങ്ങൾ വാരിക്കൂട്ടുന്നതാണ് ഷാജി എൻ. കരുൺ സിനിമകളുടെ പ്രത്യേകത. ആദ്യ ചിത്രമായ പിറവിക്ക് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ക്യാമറ പ്രത്യേക പരാമർശം അടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചു.
രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രം എന്ന സവിശേഷത കൂടിയുണ്ട്. പ്രശസ്ത സംവിധായകൻ അരവിന്ദനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. അരവിന്ദിന്റെ കീഴിൽ ഛായാഗ്രാഹകനായി നിരവധി സിനിമകൾ ചെയ്തു. കെ.ജി, ജോർജ്, എം.ടി. വാസുദേവൻ നായർ,ലെനിൻ രാജേന്ദ്രൻ, ഹരിഹരൻ തുടങ്ങിയവരുടെ ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചു. നഖക്ഷതങ്ങൾ സിനിമയിലൂടെ വിനീതിനെയും മോനിഷയെയും ആദ്യമായി ക്യാമറകണ്ണിലൂടെ കണ്ടത് ഷാജി ആണ്.
പുരസ്കാരങ്ങൾ
വാരിക്കൂട്ടി പിറവി
എഴുപതോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച പിറവി 31 പുരസ്കാരങ്ങളാണ് നേടിയത്. കാൻ ചലച്ചിത്രമേളയിൽ പാംഡി ഒാർ നാമനിർദ്ദേശം ചെയ്യപ്പെട്ട 'സ്വം" കാനിൽ ഔദ്യോഗിക വിഭാഗത്തിൽ പ്രദർശിപ്പിച്ച വാനപ്രസ്ഥം തുടങ്ങി ചിത്രങ്ങളിലൂടെ അന്തർ ദേശീയ തലത്തിൽ മലയാള സിനിമയ്ക്ക് അഭിമനാനകരമായ നേട്ടങ്ങൾ നേടിത്തന്നു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്നു സംസ്ഥാന അവാർഡുകളും നേടി. ഏഴുതവണ ദേശീയ- സംസ്ഥാന പുരസ്കാരങ്ങൾ നേടി. കലാസാംസ്കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ 'ദ ഓർഡർ ഒഫ് ആർട്സ് ആന്റ് ലെറ്റേഴ്സ്', മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള ജെ. സി ഡാനിയേൽ പുരസ്കാരവും നേടി. ഷാജി എൻ. കരുൺ ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങളിലും കൈയൊപ്പ് പതിഞ്ഞതാണ്. കാഞ്ചന സീത, കുമ്മാട്ടി, മഞ്ഞ്, ചിദംബരം പഞ്ചവടി പാലം, മീനമാസത്തിലെ സൂര്യൻ, പഞ്ചാഗ്നി, ഒരിടത്ത്, നേരം പുലരുമ്പോൾ, ഒന്നു മുതൽ പൂജ്യം വരെ, സർഗ്ഗം തുടങ്ങി 40 ലധികം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചു.
എഴുപതുകളുടെ അന്ത്യത്തിലാണ് ഷാജി എൻ. കരുണിന്റെ ജീവിതം കളറാകുന്നത്. അരവിന്ദൻ ചിത്രമായ കാഞ്ചന സീതയിലൂടെ അത് അടയാളപ്പെടുത്തി. കറുപ്പിന്റെയും വെളുപ്പിന്റെയും വർണ വൈരുദ്ധ്യം കൊണ്ട് വെള്ളിത്തിരയിൽ കവിത പോലെ മനോഹരങ്ങളായ 'കാഞ്ചന സീത"യിലെ ഷോട്ടുകൾ ഷാജിക്ക് ആദ്യത്തെ സംസ്ഥാന അവാർഡ് സമ്മാനിച്ചു. തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ തുടങ്ങിയ ചിത്രങ്ങൾക്ക് സംസ്ഥാന - ദേശീയ അവാർഡുകൾ . പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ച് ഇറങ്ങുമ്പോൾ വ്യൂ ഫൈൻഡറിൽ മാത്രമായിരുന്നു ഷാജിയുടെ കണ്ണ്. പിന്നെയാണ് ഷാജിയുടെ ഫ്രെയിം അവിടെ നിന്ന് ഷോട്ടിലേക്ക് മാറിയത്. അതായിരുന്നു 'പിറവി"യുടെ പിറവി. ഒരു സംവിധായകന്റെയും. മലയാളത്തിൽ ഇത്രയേറെ ചലച്ചിത്രമേളകളിൽ അടയാളപ്പെടുത്തിയ മറ്റൊരു ചിത്രമില്ല. പതിനാലോളം ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തു. ചലച്ചിത്രഅക്കാഡമിയുടെ ആദ്യ ചെയർമാനായ ഷാജി എൻ കരുൺ നിലവിൽ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനാണ്. ഷാജി എൻ. കരുൺ യാത്രയാകുമ്പോൾ നവതരംഗ സിനിമയുടെ നല്ല പിറവി കാലം കൂടി അസ്തമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |