കോഴിക്കോട്: വെള്ളയിൽ ബീച്ചിൽ സഞ്ചാരികളെ മനം മടുപ്പിക്കുന്ന മാലിന്യക്കൂമ്പാരങ്ങൾ ഇനിയുണ്ടാവില്ല. കോർപ്പറേഷൻ ഇടപെട്ട് പ്രദേശത്തെ മാലിന്യങ്ങൾ നീക്കം ചെയ്തു. വെള്ളയിൽ ബീച്ചിന്റെ ചിത്രമുൾപ്പെടെ പ്രദേശത്ത് നാളുകളായി കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങളെക്കുറിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്ത വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ തദ്ദേശ മന്ത്രി എം.ബി രാജേഷ് വൃത്തിയാക്കിയ ബീച്ചിന്റെ ചിത്രമുൾപ്പെടെ ഫേസ്ബുക്കിൽ പങ്കുവെച്ചു. കഴിഞ്ഞ 25 നാണ് '' ഇതാണോ മാലിന്യമുക്ത നഗരം?'' എന്ന തലക്കെട്ടോടെ വെള്ളയിൽ ബീച്ചിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന രീതിയിൽ ബിയർ കുപ്പി ഉൾപ്പെടെ മാലിന്യങ്ങൾ നിറഞ്ഞ വാർത്ത കേരള കൗമുദി പ്രസിദ്ധീകരിച്ചത്. വ്യവസായിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പളളി വാർത്താചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് ഇത് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ കോർപറേഷന്റെ നേതൃത്വത്തിൽ പ്രദേശം പൂർണമായി വൃത്തിയാക്കി. വിഷയം ശ്രദ്ധയിൽപ്പെടുത്തിയ കേരള കൗമുദിക്കും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കും നന്ദി അറിയിക്കുന്നതായും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഏത് പ്രദേശത്തെയും വൃത്തിയോടെ കാത്തുസൂക്ഷിക്കേണ്ടത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനൊപ്പം അവിടെയെത്തുന്ന മനുഷ്യരുടെയും ഉത്തരവാദിത്തമാണെന്നും സംസ്ഥാനത്ത് എവിടെയും ഇത്തരം വിഷയങ്ങളുണ്ടെങ്കിൽ, അധികൃതരെ അറിയിക്കാൻ സിംഗിൾ വാട്ട്സാപ്പ് നമ്പറായ 9446700800 ൽ ബന്ധപ്പെടാമെന്നും മന്ത്രി ഫേസ് ബുക്കിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |