പരപ്പനങ്ങാടി : ഫറോഖ് ഇ.എസ്.ഐ ആശുപത്രിയിലും ക്ലിനിക്കിലും ഒരു മാസത്തോളമായി മരുന്നില്ല. ഫറോഖ് ആശുപത്രിയിൽ നിന്നും കുറിച്ചു തരുന്ന മരുന്നുകൾ അവിടെത്തന്നെയുള്ള ഫാർമസിയിലും ഇല്ലാത്തവ ചെറുവണ്ണൂർ ക്ലിനിക്കിലും ആയിട്ടാണ് ലഭിക്കാറുള്ളത് . ഒരു മാസത്തോളമായി മരുന്നില്ലാത്തതു കാരണം ഇ.എസ്.ഐ ആശുപത്രിയിലെ ഫാർമസി പ്രവർത്തിക്കുന്നില്ല .ക്ലിനിക്കിൽ ആണെങ്കിൽ പാരാസെറ്റാമോളോ ഗ്യാസ് ഗുളികയോ അല്ലാതെ മറ്റൊന്നും ഇല്ലതാനും . പരപ്പനങ്ങാടിയിൽ നിന്നും ജില്ലയുടെ മറ്റു ഭാഗങ്ങളിൽ നിന്നും ഇ.എസ്.ഐ ആശുപത്രിയെ ആശ്രയിക്കുന്ന തൊഴിലാളികൾ ഇതുമൂലം ഏറെ പ്രയാസത്തിലാണ് .
രോഗികൾക്ക് ആവശ്യമായി വരുന്ന മറ്റു മരുന്നുകൾ പ്രത്യേകിച്ച് വില കൂടിയത് പുറത്തേക്കു എഴുതി കൊടുക്കുകയാണ് പതിവ് . നേരത്തെ അത്യാവശ്യം വരുന്ന മരുന്നുകളൊക്കെ ക്ലിനിക്കിൽ ലഭ്യമായിരുന്നു . വലിയ വില കൊടുത്തു പുറത്തുനിന്ന് മരുന്ന് വാങ്ങുകയാണ് ഇപ്പോൾ ഇ.എസ്.ഐയിൽ എത്തുന്ന രോഗികൾ . പലർക്കും മരുന്നിന്റെ വില കാരണം വാങ്ങാനും കഴിയുന്നില്ല .അഥവാ റീ ഇമ്പേഴ്സ്‌മെന്റ് ലഭിക്കുമെന്നു കരുതി എങ്ങനെയെങ്കിലും മരുന്ന് വാങ്ങാമെന്നു വച്ചാൽ റീ ഇമ്പേഴ്സ്‌മെന്റിനുള്ള സാങ്കേതികത്വം വെല്ലുവിളിയാവുന്നു.
ചുവപ്പുനാട
കോഴിക്കോട് ഉള്ള മരുന്ന് ഡിപ്പോയിൽ നിന്നും എടുത്തു കൊണ്ടുവരാൻ ഡിപാർട്ട്‌മെന്റ് വാഹനം ഇല്ലാത്തതാണ് മരുന്ന് കിട്ടാതിരിക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്. വിവരമറിഞ്ഞ ഇ.എസ്.ഐ വികസന സമിതി അംഗങ്ങൾ വാഹനം വിട്ടു കൊടുക്കാൻ തയ്യാറായിട്ടും സാങ്കേതികത്വത്തിന്റെ പേരിൽ നിഷേധിക്കുകയാണുണ്ടായത് . ഫറോഖ് നിന്നുംകോഴിക്കോട് ചാലപ്പുറത്തെ മരുന്ന് ഡിപ്പോയിൽ എത്താൻ ഏതാനും കിലോമീറ്ററേയുള്ളൂ. ഡിപാർട്ട്മെന്റ് വാഹനം അറ്റകുറ്റപണികൾക്കായി നിറുത്തിയിട്ടിരിക്കുകയാണെന്നാണ് വിവരം . കരിപ്പൂർ എയർപോർട്ട് , കാലിക്കറ്റ് യൂണിവേഴ്സിറ്റി , മലപ്പുറം ജില്ലയിലെ വിവിധ കമ്പനികൾ തുടങ്ങിയവയിൽ നിന്നുള്ള നിരവധി തൊഴിലാളികളാണ് മരുന്ന് ലഭിക്കാത്തതിനാൽ പ്രയാസപ്പെടുന്നത് .
ഫറോക് ആശുപത്രിയിലെ ഫാർമസിസ്റ്റ് നിയമനം താത്കാലികമാണ്. നിലവിൽ ഫാർമസിസ്റ്റ് ഇല്ല. ഇതും ഫാർമസി അടച്ചിടാൻ കാരണമായിട്ടുണ്ട്.
വാഹനം കരാർ വ്യവസ്ഥയിൽ ലഭ്യമാക്കിയിട്ടുണ്ട്. മൂന്നു നാലു ദിവസത്തിനകം മരുന്ന് ലഭിച്ചു തുടങ്ങും.
ആശുപത്രി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |