മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടത്തിന് കാലിക്കറ്റ് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും യാത്രയാകുന്ന തീർത്ഥാടകരുടെ യാത്ര സൗകര്യങ്ങളും മുന്നൊരുക്കങ്ങളും ചർച്ച ചെയ്യുന്നതിനായി എയർപോർട്ട് അതോറിറ്റിയുടെ നേൃത്വത്തിൽ വിവിധ ഏജൻസികളുടെ പ്രാഥമിക യോഗം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്നു. എയർപോർട്ട് ഡയറക്ടർ സി. വി
രവീന്ദ്രൻ, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് എന്നിവർ നേതൃത്വം നൽകി.
31വിമാനങ്ങളിലായി 5361 തീർത്ഥാടകരാണ് കരിപ്പൂർ വിമാനത്താവളം മുഖേന യാത്ര പുറപ്പെടുന്നത്. ഒന്നാമത്തെ വിമാനം മേയ് പത്തിന് പുലർച്ചെ 1.20ന് പുറപ്പെടും. മേയ് 22നാണ് കരിപ്പൂരിൽ നിന്നുള്ള അവസാന വിമാനം.
തീർത്ഥാടകരുടെ യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് തയ്യാറാകുന്നത്. ലഗേജ് സ്വീകരിക്കുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ വിമാനത്തിന്റെയും ലഗേജുകൾ കൈമാറുന്നത് വരെ അതത് തീർത്ഥാടകരുടെ താത്‌കാലിക വിശ്രമത്തിന് പ്രത്യേക ഇരിപ്പിടവും സജ്ജമാക്കുന്നുണ്ട്. മുൻ വർഷങ്ങളിലെ പോലെ ഈവർഷവും കൂടുതൽ കാര്യക്ഷമമായി സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും ഹാജിമാരുടെ സുഗമമായ യാത്ര ഉറപ്പുവരുത്തുമെന്നും ചെയർമാൻ അറിയിച്ചു.
എയർപോർട്ട് അതോറിറ്റി, കസ്റ്റംസ്, എയർലൈൻസ്, സി.ഐ.എസ്.എഫ്, എമിഗ്രേഷൻ തുടങ്ങി എയർപോർട്ടിലെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.
യോഗത്തിൽ ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ജാഫർ കക്കൂത്ത്, അസ്സയിൻ പി.കെ. (ഹജ്ജ്കമ്മിറ്റി), സി.ഐ.എസ്. എഫ് കമാൻഡന്റ് ശങ്കരരാവു ബൈറെഡ്ഡി, എയർപോർട്ട് ഡെപ്യൂട്ടി ജനറൽ മാനേജർ സുനിത വർഗീസ്, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ എ.ആഷിഫ്, ജയചന്ദ്രൻ ( എ ഫ് ആർ ആർ ഒ ), മുഹമ്മദ് ജലാലുദ്ധീൻ (എ പി എച്ച് ഒ), സുജിത് ജോസഫ് (എയർലൈൻസ്), അൻവർ സാദത്ത്, എ. യാസർ തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ ക്യാപ്ഷൻ: കാലിക്കറ്റ് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും യാത്രയാകുന്ന ഹജ്ജ് തീർത്ഥാടകരുടെ യാത്രാ സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി എയർ പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിവിധ ഏജൻസികളുടെ യോഗം
പാണ്ടിക്കാട്: ചെമ്പ്രശേരി കൊറത്തി തൊടിയിലെ ഉത്സവവുമായി ബന്ധപ്പെട്ട് യുവാവിന് വെടിയേറ്റ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊടശേരി സ്വദേശി നീലേങ്ങോടൻ മിഥുലാജിനെയാണ്(33) പാണ്ടിക്കാട് പൊലീസ് ബംഗളുരൂ എയർപോർട്ടിൽ നിന്ന് പിടികൂടിയത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 16 ആയി. മാർച്ച് 21നാണ് കേസിനാസ്പദമായ സംഭവം. ഉത്സവത്തിനിടെയുണ്ടായ സംഘർഷം എയർഗൺ ഉപയോഗിച്ചുള്ള വെടിവയ്പിലാണ് കലാശിച്ചത്. ചെമ്പ്രശേരി സ്വദേശി നെല്ലേങ്ങര ലുഖ്മാനാണ് വെടിയേറ്റത്. ഒന്നാം പ്രതിയായ മുന്തിരി റഫീഖ് ഉൾപ്പടെ 15 പേരെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മിഥുലാജിനെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വണ്ടൂർ: മിന്നലിൽ കത്തിയത് രണ്ടു തെങ്ങുകൾ.
ഇന്നലെ ഉച്ചയ്ക്കുണ്ടായ ഇടിമിന്നലിൽ പത്തിരിയാൽ തരിക്കുളം
നെച്ചിയിൽ അബ്ദുൾ കരീമിന്റെ വീട്ടിലെ രണ്ടു തെങ്ങുകൾ കത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |