തിരുവനന്തപുരം: ഫയർഫോഴ്സ് മേധാവി ഡി.ജി.പി കെ.പദ്മകുമാർ നാളെ വിരമിക്കും. 1989 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. വിടവാങ്ങൽ പരേഡ് നാളെ രാവിലെ 7.45ന് തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടിൽ നടക്കും. പൊലീസിന്റെ എല്ലാ വിഭാഗങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഗതാഗത കമ്മിഷണർ, ബറ്റാലിയൻ, തീരദേശ പൊലീസ്, പൊലീസ് അക്കാഡമി എന്നിവിടങ്ങളിലും പ്രവർത്തിച്ചു. പൊലീസ് അഡ്മിനിസ്ട്രേഷനിലും കഴിവുതെളിയിച്ചു. ഏറെക്കാലം ശബരിമലയുടെ സുരക്ഷയൊരുക്കുന്ന ചീഫ് കോ-ഓർഡിനേറ്ററായിരുന്നു. തൃശൂർ തിരുവില്വാമല സ്വദേശിയാണ്. തിരുവനന്തപുരത്താണ് സ്ഥിര താമസം. ഭാര്യ: ചിത്ര പദ്മകുമാർ. മക്കൾ: ഡോ. കല്യാണി പദ്മകുമാർ, മാധവ് നാരായൺ കുമാർ.
എൻ.ഡി.എ ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: 2025ലെ എൻ.ഡി.എ 1 പരീക്ഷ ഫലം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: upsc.gov.in.
ഒ.ടി.ടികളിലെ അശ്ലീല ഉള്ളടക്കം
ഗുരുതര വിഷയമെന്ന്
സുപ്രീംകോടതി
കേന്ദ്രത്തിനുൾപ്പെടെ നോട്ടീസ്
ന്യൂഡൽഹി: ഒ.ടി.ടികളിലെയും സാമൂഹ്യ മാദ്ധ്യമങ്ങളിലെയും അശ്ലീല ഉള്ളടക്കങ്ങൾ ഗുരുതര വിഷയമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇത്തരം ഇടങ്ങളിൽ യാതൊരു നിയന്ത്രണവുമില്ലാതെ അശ്ലീല ഉള്ളടക്കം പരക്കുന്നെന്ന പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു കോടതി.
നിയമനിർമ്മാണം ആവശ്യമായ കാര്യമാണെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നെറ്റ്ഫ്ലിക്സിന് ഉൾപ്പെടെ സാമൂഹ്യ ഉത്തരവാദിത്വമുണ്ടെന്ന് ഓർമ്മിപ്പിച്ചു. ഒരുമിച്ചിരുന്ന് കാണാൻ കഴിയാത്ത തരത്തിലാണ് ചില പ്രോഗ്രാമുകളെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി. ചില നിയന്ത്രണങ്ങൾ നിലവിലുണ്ട്. കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ടെന്നും അറിയിച്ചു. തുടർന്ന് വിഷയം വിശദമായി പരിഗണിക്കാൻ കോടതി തീരുമാനിച്ചു. കേന്ദ്രത്തിനും ഒ.ടി.ടി, സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്ഫോമുകൾക്കും നോട്ടീസ് അയയ്ക്കാൻ ഉത്തരവുമിട്ടു.
ശ്രീലങ്കൻ മേയ് ദിനാഘോഷങ്ങളിൽ ബിനോയ് വിശ്വം പങ്കെടുക്കും
തിരുവനന്തപുരം:ശ്രീലങ്കയിലെ പുതിയ ഇടതുപക്ഷ സർക്കാറിനെ നയിക്കുന്ന ജനതാ വിമുക്തി പെരമുനയുടെ മേയ്ദിന ആഘോഷങ്ങളിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കും.ജെ.വി.പി നേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ചകളിലും പങ്കെടുക്കും.ജെ.വി.പി യും സി.പി.ഐ യും തമ്മിൽ ഒരു ദശാബ്ദമായി സൗഹൃദ ബന്ധത്തിൽ ഉണ്ടെങ്കിലും പാർട്ടികൾ തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്ചയും ചർച്ചയും ഇതാദ്യമാണ്.കോർപ്പറേറ്റ് ശക്തികളും വലതുപക്ഷ രാഷ്ട്രീയവും ലോകം കീഴടക്കാൻ ശ്രമിക്കുമ്പോൾ മാർക്സിന്റെ പാത പിന്തുടരുന്ന ജനതാ വിമുക്തി പെരമുനയുടെ വിജയത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെ ഉണ്ടെന്നാണ് സി.പി.ഐ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |