കൊല്ലം: കഞ്ചാവ് വിൽപ്പനയെ കുറിച്ച് പൊലീസിന് വിവരം നൽകിയ ആളെ വധിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ 9 വർഷം കഠിന തടവിനും 20,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. തഴുത്തല ഉപാസന നഴ്‌സിംഗ് സ്‌കൂളിന് സമീപം വയലിൽ പുത്തൻവീട്ടിൽ സാബുദാസിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പുന്തലത്താഴം ചരുവിളവീട്ടിൽ ആദർശിനെ (32) കൊല്ലം നാലാം അഡി. ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്‌ജി എം.സി.ആന്റണി ശിക്ഷിച്ചത്. ആദർശ് സാബുദാസിന്റെ വീടിന് സമീപം കഞ്ചാവ് വിൽപ്പന നടത്തിയത് പൊലീസിനെ അറിയിച്ചതിന്റെ വിരോധത്തിൽ 2016 നവംബർ 26 നാണ് വയറ്റിൽ കുത്തി കുടൽമാല പുറത്തെടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ അടിയന്തര ശസ്‌ത്രക്രിയയെ തുടർന്നാണ് സാബുദാസിനെ രക്ഷിക്കാനായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആദർശ് നിലവിൽ കാപ്പ പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടവിലാണ്. കൊട്ടിയം പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ അരമന സി.കെ.സൈജു, അഡ്വ. എസ്.മീനുദാസ് എന്നിവർ വാദി ഭാഗത്തിനായി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |