കൊടുങ്ങല്ലൂർ/ ചാലക്കുടി: ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ എൽ.എസ്.ഡി സ്റ്റാമ്പ് കേസിൽ മുഖ്യപ്രതി പൊലീസ് പിടിയിൽ. ബംഗളൂരുവിൽ ഫ്‌ളാറ്റിൽ ഒളിവിൽ കഴിഞ്ഞിരുന്ന എറണാകുളം തൃപ്പൂണിത്തുറ സ്വദേശി എം.എൻ.നാരായണ ദാസിനെയാണ് (55) ഇന്നലെ രാവിലെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. നാരായണദാസിനെ വിശദ ചോദ്യം ചെയ്യലിനു ശേഷം ഇന്ന് രാവിലെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി: വി.കെ.രാജു പറഞ്ഞു.
മുഖ്യപ്രതി നാരായണദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാകും തുർന്നുള്ള അന്വേഷണം. ഷീല സണ്ണിയുടെ മരുമകളും സഹോദരിയും ചേർന്നാണ് നാരായണ ദാസിന്റെ സഹായത്തോടെ വ്യാജ കേസ് ചമച്ചതെന്നാണ് സൂചന. ഷീലയും മരുമകളും തമ്മിലുള്ള വഴക്കാണ് പിന്നിലെന്നും പറയുന്നു. ബംഗളൂരുവിൽ പിടിയിലായ മരുമകളുടെ അനുജത്തിയാണ് കേസിലെ മറ്റൊരു പ്രതി. അനുജത്തിക്ക് സ്റ്റാമ്പ് നൽകിയത് സുഹൃത്തായ നാരായണദാസായിരുന്നു. വ്യാജ സിന്തറ്റിക് സ്റ്റാമ്പ് ബാഗിലും സ്‌കൂട്ടറിലും ഒളിപ്പിച്ചുവച്ചാണ് ഷീലാ സണ്ണിയെ കുടുക്കിയതെന്ന് പ്രത്യേക അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ചോദ്യംചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ നാരായണദാസ് ഒളിവിൽ പോവുകയായിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ മാർച്ച് ഏഴിനാണ് കൊടുങ്ങല്ലൂർ എ.സി.പി വി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
തെറ്റു ചെയ്യാതെ ജയിലിൽ 72 ദിവസം
2023 ഫെബ്രുവരി 27 നാണ് ലഹരി മരുന്ന് കൈവശം വച്ചെന്നാരോപിച്ച് എക്‌സൈസ് ഷീല സണ്ണിയെ അറസ്റ്റ് ചെയ്തത്. പിന്നീട് നടത്തിയ പരിശോധനയിൽ വ്യാജ എൽ.എസ്.ഡി സ്റ്റാമ്പുകളാണെന്ന് ബോദ്ധ്യപ്പെട്ടു. കുറ്റംചെയ്യാതെ 72 ദിവസമാണ് ഷീല ജയിലിൽ കഴിഞ്ഞത്.
ആരാണ് നാരായണ ദാസെന്ന് അറിയില്ല. ഇയാളുടെയൊപ്പം ഗൂഢാലോചനയിൽ മറ്റാരെങ്കിലുമുണ്ടെങ്കിൽ പൊലീസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷ. മരുമകളുടെ അനുജത്തിക്ക് ചുരുങ്ങിയ കാലം കൊണ്ട് ഇത്രയേറെ വൈരാഗ്യം ഉണ്ടാകാൻ കാരണമെന്തെന്ന് അറിയില്ല. കേസുമായി ബന്ധപ്പെട്ട് മകൻ ഒളിവിലായതിൽ വിഷമമുണ്ട്.
ഷീല സണ്ണി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |