ജനങ്ങൾ നൽകുന്ന സ്‌നേഹത്തിന്റെ പുറത്ത് താരങ്ങൾ നിർമാതാക്കളെ മുതലെടുക്കുകയാണെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. താരങ്ങൾ മതിമറക്കുകയാണെന്നും ലിസ്റ്റിൻ വിമർശിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആർട്ടിസ്റ്റുകൾക്ക് ഒരു ഇൻകം മാത്രമാണ് കിട്ടുന്നത്. ഇവരങ്ങ് മതിമറക്കുകയാണ്. ജനങ്ങൾ കാട്ടുന്ന സ്‌നേഹം ഇവർ ഞങ്ങളുടെ അടുത്ത് നിന്ന് മുതലെടുക്കുന്നു. ബിസിനസ് അനുസരിച്ച് ആണോ ശമ്പളം വാങ്ങുന്നത്, ഇത്രയും സൗകര്യങ്ങളുടെ ആവശ്യമുണ്ടോ, തൃപ്‌തിയോടെയാണോ പ്രൊഡ്യൂസർ ഇതെല്ലാം ചെയ്യുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളുണ്ട്. പല ആർട്ടിസ്റ്റുകളുമായും സംസാരിക്കേണ്ട ഘട്ടത്തിലേയ്ക്ക് വരികയാണ്. അനുഭവ സമ്പത്തുള്ള നിർമാതാക്കൾക്ക് പോലും പലതും നേരിടേണ്ടി വരുന്നു.
മേക്കപ്പിട്ട് കഴിഞ്ഞാൽ ഇവർ വേറെ ക്യാരക്‌ടറാണ്. പിന്നെ ഫൈവ് സ്റ്റാർ ഫെസിലിറ്റിയാണ്. സ്വയം മറന്ന് പോവുകയാണ്. ചെറിയ കാര്യങ്ങൾ വന്നാൽ പോലും ഇവർ ഭയങ്കര സെൻസിറ്റീവായി മാറും. അപ്പോൾ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. നേരിട്ടുള്ള ഇടപെടൽ അതോടെ പോകും. സിനിമ നമുക്കും പാഷനാണ്. എന്നാൽ നമ്മൾ ആക്‌ടേഴ്‌സ് അല്ല. നമ്മൾ ആക്‌ട് ചെയ്യുന്നത് ഇവരുടെ അടുത്താണ്. നമ്മുടെ പ്രശ്നങ്ങൾ മനസിലാകാത്തത് പോലെ അവർ ഇങ്ങോട്ട് ആക്‌ട് ചെയ്യുമ്പോൾ ചിലപ്പോൾ നിർമാതാക്കളും പൊട്ടിത്തെറിക്കും.
ഈ ഇൻഡസ്‌ട്രിയിൽ അഞ്ച് ശതമാനത്തിൽ താഴെപേർ മാത്രമാണ് മുഴുവൻ പൈസയും കൊണ്ടുവന്ന് പടം പ്രൊഡ്യൂസ് ചെയ്യുന്നവർ. ബാക്കിയുള്ളവർ ലോൺ എടുത്തും പലിശയ്ക്ക് വാങ്ങിയുമാണ് സിനിമ നിർമിക്കുന്നത്. അഭിനേതാക്കളോട് ശമ്പളം കുറയ്ക്കണമെന്ന് പറയുന്നയാളാണ് ഞാൻ. എന്തുകൊണ്ടാണ് സിനിമയിൽ ഉള്ളവർക്ക് മാത്രം വലിയ വണ്ടികൾ എടുക്കാൻ പറ്റുന്നത്? സിനിമയിൽ നിന്ന് പണം അൺലിമിറ്റഡായി കിട്ടുകയാണ്'- ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |