കൊച്ചി: മലയാളത്തിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരികൊളുത്തിയെന്ന നിർമ്മാതാവ് ലിസ്‌റ്റിൻ സ്‌റ്റീഫന്റെ പരാമർശത്തെച്ചൊല്ലി വിവാദം. തെറ്റ് ആവർത്തിച്ചാൽ വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ലിസ്‌റ്റിൻ മുന്നറിയിപ്പ് നൽകി. നടന്റെ പേര് വെളിപ്പെടുത്താതെയാണ് പരാമർശം.
ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് നിർമ്മിക്കുന്ന ദിലീപിന്റെ 150-ാം ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലിയുടെ അവതരണ ചടങ്ങിലായിരുന്നു പരാമർശം.
''മലയാളത്തിൽ പത്തുപതിനഞ്ചു വർഷത്തിനിടെ താൻ കുറെ സിനിമകൾ ചെയ്‌തിട്ടുണ്ട്. പ്രമുഖനടൻ വലിയ തെറ്റിന്റെ മാലപ്പടക്കത്തിന് തിരികൊളുത്തിയിട്ടുണ്ട്. അത് വേണ്ടായിരുന്നു. നടൻ ചെയ്‌തത് വലിയ തെറ്റാണ്. തെറ്റ് ആവർത്തിക്കരുത്. ആവർത്തിച്ചാൽ വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകും '' എന്നായിരുന്നു ലിസ്റ്റിന്റെ വാക്കുകൾ.
അതേസമയം കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷററായ ലിസ്‌റ്റിനെ നിർമ്മാതാവ് സാന്ദ്രാ തോമസ് വിമർശിച്ചു. മലയാളത്തിലെ നടന്മാരെയെല്ലാം സംശയനിഴലിലാക്കുകയാണ് ലിസ്‌റ്റിൻ. അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമായ പ്രസ്‌താവനയ്‌ക്കെതിരെ അസോസിയേഷനും ഫിലിം ചേംബറും നടപടി സ്വീകരിക്കണമെന്ന് സാന്ദ്ര ആവശ്യപ്പെട്ടു.
നടൻ പ്രതിസന്ധിയിലെന്ന് സൂചന
ലിസ്‌റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന സിനിമയിൽ നിന്ന് പിന്മാറിയ നടനെക്കുറിച്ചാണ് വിമർശനമെന്നാണ് സിനിമാവൃത്തങ്ങൾ നൽകുന്ന സൂചന. വലിയൊരുതുക നടൻ അഡ്വാൻസായി വാങ്ങിയിരുന്നു. മറ്റൊരു സിനിമയ്‌ക്കും നടൻ വൻതുക അഡ്വാൻസ് വാങ്ങി. ഇതിനുശേഷം ലിസ്‌റ്റിന്റെ സിനിമയിൽ നിന്ന് പിൻവാങ്ങിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം. സ്വന്തമായി നിർമ്മിച്ചതുൾപ്പെടെ സമീപകാല സിനിമകൾ തിയേറ്ററിൽ പരാജയപ്പെട്ട നടൻ സാമ്പത്തിക പ്രശ്‌നങ്ങളിലാണ്. നായകനും നിർമ്മാതാവുമാകാമെന്ന് ഏതാനും വർഷംമുമ്പ് ധാരണയിലെത്തിയ സിനിമയും പ്രതിസന്ധിയിലാണ്. തുടർന്നാണ് കൂടുതൽ തുക വാങ്ങിയ മറ്റൊരു സിനിമയ്‌ക്ക് പ്രാധാന്യം നൽകിയതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |