കേരളത്തിന്റെ വികസനത്തിൽ നിർണായകമാവുന്ന വിഴിഞ്ഞം തുറമുഖം വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കുകയാണ്. തിരുവനന്തപുരം നഗരസഭയുടെ മൂന്നിരട്ടി മാത്രമുള്ള സിംഗപ്പൂർ, തുറമുഖംകൊണ്ട് വളർന്നതുപോലെ കേരളത്തിനുള്ള അവസരമാണ് ഇനി. തുറമുഖം കൊണ്ട് കേരളം വളരണമെങ്കിൽ കയറ്റുമതി, ഇറക്കുമതി സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണം. സംരംഭകരെ ക്ഷണിച്ചു വരുത്തുകയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും അതിനായി ഭൂമിയേറ്റെടുക്കുകയും വേണം. തുറമുഖത്തെ കയറ്റുമതി-ഇറക്കുമതി (എക്സിം) തുറമുഖമാക്കി ലക്ഷ്യമിട്ട് വിഴിഞ്ഞം-കൊല്ലം-പുനലൂർ വികസന ത്രികോണ പദ്ധതി പ്രഖ്യാപിച്ച് അടിയന്തര നടപടികളുമായി മുന്നോട്ടു പോവുകയാണ് സർക്കാർ. പക്ഷേ ഈ നടപടികൾക്ക് പ്രതീക്ഷിച്ച വേഗം പോരെന്നാണ് വിലയിരുത്തൽ.
രാജ്യത്തിന്റെ മാത്രമല്ല, ഇന്ത്യൻ മഹാസമുദ്രത്തിന് ചുറ്റുമുള്ള എല്ലാ രാജ്യങ്ങൾക്കും ഗുണകരമാവുന്നതാണ് വിഴിഞ്ഞം തുറമുഖം. അന്താരാഷ്ട്ര കപ്പൽച്ചാലിന് 10നോട്ടിക്കൽ മൈൽ അടുത്താണ് വിഴിഞ്ഞം. മുംബയ് 700 നോട്ടിക്കൽ മൈലും മുന്ദ്ര 1150 നോട്ടിക്കൽ മൈലും അകലെയാണ്. കപ്പലുകളുടെ ശരാശരി വേഗം 20 നോട്ടിക്കൽ മൈലാണ്. വിഴിഞ്ഞത്തിന് പകരം ഇവിടങ്ങളിലെത്താൻ 50 മണിക്കൂറിലേറെ അധികയാത്ര വേണം. മദർഷിപ്പുകൾ അടുപ്പിക്കാനാവുന്ന ശ്രീലങ്കയിലെ കൊളംബോ തുറമുഖം പോലും രാജ്യാന്തര കപ്പൽച്ചാലിൽ നിന്ന് 25നോട്ടിക്കൽ മൈൽ അകലെയാണ്. അവിടെ 18 മീറ്ററാണ് പരമാവധി ആഴം. ഡ്രജ്ജിംഗ് വേണ്ടിവരും. സെമി-ഓട്ടോമേറ്റഡാണ്. വിഴിഞ്ഞത്തിന് ദൂരം 10 നോട്ടിക്കൽ മൈൽ. 20 മീറ്റർ സ്വാഭാവിക ആഴം. ഡ്രജ്ജിംഗ് ആവശ്യമില്ല. യൂറോപ്പ്, ഗൾഫ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കുള്ള തന്ത്രപരമായ സ്ഥാനത്തുള്ള വിഴിഞ്ഞത്തേക്ക് ലോകത്തെ വമ്പൻ കപ്പലുകൾ നങ്കൂരമിടുന്നതിന്റെ കാരണം ഇതാണ്.
വലിയകപ്പലുകളിലെ കണ്ടെയ്നറുകൾ ഇറക്കിവച്ച് ചെറിയ കപ്പലുകളിൽ വിതരണംചെയ്യുന്ന ട്രാൻസ്‌ഷിപ്പ്മെന്റ് ബിസിനസുകൊണ്ട് സംസ്ഥാനത്തിന് ഗുണമില്ല. രാജ്യത്തിന്റെ ചരക്കു ഗതാഗതത്തിന്റെ ഗേറ്റ്‌വേ ആയി വിഴിഞ്ഞം മാറണം. സംസ്കരിച്ച മത്സ്യം, പച്ചക്കറി, പഴങ്ങൾ, തേൻ, പൂക്കൾ, കാർഷികോത്പ്പന്നങ്ങൾ, സുഗന്ധ വ്യജ്ഞനങ്ങൾ, കുടുംബശ്രീ ഉത്പ്പന്നങ്ങൾ, എൻജിനിയറിംഗ് ഉത്പ്പന്നങ്ങൾ എന്നിങ്ങനെ കയറ്റുമതിക്ക് സാദ്ധ്യതകളേറെയുണ്ട്. തുറമുഖത്തിനടുത്തായി ഉത്പാദന ശാലകളും അവയോട് ചേർന്ന് ചെറുകിടവ്യവസായ യൂണിറ്റുകളുമുണ്ടായാൽ തൊഴിലവസരങ്ങൾ വൻതോതിലാവും. വിഴിഞ്ഞത്തേക്ക് നിക്ഷേപകരെത്തണമെങ്കിൽ വെയർഹൗസ് കോംപ്ലക്സുകൾ, കണ്ടെയ്നർ ഫ്രൈറ്റ്സ്റ്റേഷനുകൾ, കോൾഡ്-കൂൾചെയ്നുകൾ, കണ്ടെയ്നർ റിപ്പയറിംഗ് യാർഡുകൾ, കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ, ഇന്ധനംനിറയ്ക്കാൻ ബങ്കറിംഗ്സൗകര്യം, റോഡ്-റെയിൽ കണക്ടിവിറ്റി, ലോജിസ്റ്റിക്സ് സൗകര്യങ്ങൾ എന്നിവയൊരുക്കണം. അല്ലെങ്കിൽ മദർഷിപ്പ് വന്നുപോവുമ്പോൾ തുറമുഖത്തിനു കിട്ടുന്ന ഒരുകോടി രൂപ വരുമാനം കൊണ്ട് നമ്മൾ തൃപ്തിപ്പെടേണ്ടിവരും.
റോഡ്, റെയിൽ
കണക്ഷൻ വരണം
തുറമുഖത്തിന്റെ പ്രയോജനം പൂർണതോതിലാവണമെങ്കിൽ റോഡ്, റെയിൽ കണക്ടിവിറ്റി വേണം. തുറമുഖത്തേക്കുള്ള 9.5കി.മീ തുരങ്ക റെയിൽപ്പാതയ്ക്കായി നിർമ്മാണചുമതലയുള്ള കൊങ്കൺ റെയിൽവേയ്ക്ക് ആദ്യഗഡുവായ 96.2കോടി കൈമാറിയിട്ടുണ്ട്. 45മാസംകൊണ്ട് തുരങ്കപാത പൂർത്തിയാക്കും. ബാലരാമപുരം സ്റ്റേഷനിൽ യാർഡ് നിർമ്മാണത്തിനും രണ്ട് സമാന്തര ട്രാക്കുകളടക്കം നിർമ്മിക്കാനും 243.08കോടി രൂപ ദക്ഷിണ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗത്തിന് കൈമാറി. ഇതിനെ പ്രധാന ലൈനുമായും തുരങ്കപാതയുമായും ബന്ധിപ്പിക്കാനടക്കം 11.5ഏക്കർ സ്വകാര്യ ഭൂമിയേറ്റെടുക്കാൻ 170കോടി ജില്ലാകളക്ടർക്കും നൽകിക്കഴിഞ്ഞു. റോഡ് കണക്ടിവിറ്റിക്ക് ദേശീയപാത അതോറിട്ടിയുമായി ചേർന്ന് രൂപരേഖയുണ്ടാക്കിയിട്ടുണ്ട്. ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ, ഔട്ടർ റിംഗ് റോഡ്, വിഴിഞ്ഞം-കൊല്ലം-പുനലൂർ വളർച്ചാത്രികോണം എന്നിവ വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ നീക്കം.
അടുത്ത വികസനം
ഉടൻ തുടങ്ങും
തുറമുഖത്തിന്റെ തുടർഘട്ടങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. കണ്ടെയ്നർ ടെർമിനൽ 1,200 മീറ്റർ നീളത്തിലേക്ക് വിപുലീകരിക്കും. പുലിമുട്ടിന്റെ നീളം 900 മീറ്റർ കൂടി വർദ്ധിപ്പിക്കും. 250മീറ്റർ നീളത്തിൽ ലിക്വിഡ് കണ്ടെയ്നർ ബർത്തും വരും. അടുത്ത ഘട്ടങ്ങൾ പൂർത്തിയാവുമ്പോൾ കൂടുതൽ നേട്ടങ്ങൾ നാടിനുണ്ടാവും. വികസനത്തിനായി ഭൂമി കണ്ടെത്തുന്നത് കടൽ നികത്തിയായിരിക്കും. സ്വകാര്യ ഭൂമി ഏറ്റെടുക്കില്ല. വികസനത്തിന്റെ ഭാഗമായി കണ്ടെയ്‌നർ ടെർമിനൽ 1,200 മീറ്റർ കൂടി ദീർഘിപ്പിച്ചു ആകെ 2000 മീറ്റർ ആക്കും. ഇതിന്റെ ഭാഗമായുള്ള 30 ലക്ഷം കണ്ടെയ്നർ വരെ വാർഷിക ശേഷിയുള്ള കണ്ടെയ്‌നർ യാർഡ് നിർമ്മിക്കാൻ ആവശ്യമായ 77.17 ഹെക്ടർ വിസ്തൃതിയിലുള്ള ഭൂമിയാണ് ഡ്രഡ്ജിംഗിലൂടെ കടൽ നികത്തി കണ്ടത്തുക. ആദ്യഘട്ടത്തിൽ തുറമുഖ നിർമാണത്തിനായി 63 ഹെക്ടർ ഭൂമി കടൽ നികത്തി വികസിപ്പിച്ചിരുന്നു. പുലിമുട്ടിന്റെ നീളം കൂട്ടുന്ന പ്രവൃത്തിയാണ് ആദ്യം തുടങ്ങുക. കരിങ്കല്ലു നിക്ഷേപിക്കുന്നതിനു ബാർജ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉടൻ എത്തിച്ചുതുടങ്ങും. 400 മീറ്റർ വീതമാണ് ബെർത്ത് നീളം കൂട്ടുക. 2028 ഡിസംബറിനകം അടുത്തഘട്ട വികസനം പൂർത്തിയാക്കും.
കേരളം വളരാൻ
സിംഗപ്പൂർ മോഡൽ
വിഴിഞ്ഞത്തെ ബൃഹത്തായ കയറ്റുമതി, ഇറക്കുമതി (എക്സിം) തുറമുഖമാക്കി മാറ്റാൻ ലക്ഷ്യമിട്ടാണ് വിഴിഞ്ഞം-കൊല്ലം-പുനലൂർ വികസന ത്രികോണ പദ്ധതി നടപ്പാക്കുന്നത്. കണ്ടെയ്നർ നീക്കത്തിനുള്ള ട്രാൻസ്ഷിപ്പ്മെന്റ് കേന്ദ്രത്തിനപ്പുറം സിംഗപ്പൂർ, റോട്ടർഡാം, ദുബായ് തുറമുഖങ്ങളുടെ മാതൃകയിൽ വിഴിഞ്ഞത്തെ വളർത്താനാണ് ശ്രമം. വികസന ത്രികോണ മേഖലയിൽ വ്യവസായ പാർക്കുകൾ, ഉത്പാദന കേന്ദ്രങ്ങൾ, സംഭരണ സൗകര്യങ്ങൾ, സംസ്കരണ യൂണിറ്റുകൾ, അസംബ്ലിംഗ് യൂണിറ്റുകൾ, കയറ്റിറക്ക് കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കും. ഇടനാഴിക്ക് സമീപമുള്ള പ്രദേശങ്ങളെ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കും. ഭൂവികസനവും നിക്ഷേപങ്ങളും ശക്തിപ്പെടുത്താൻ കമ്പനി രൂപീകരിക്കും. നേരിട്ടുള്ള ഭൂമി വാങ്ങലിന് കിഫ്ബി 1000കോടി മുടക്കും. മറ്റ് സംസ്ഥാനങ്ങൾക്ക് തിരുവനന്തപുരത്ത് വാണിജ്യ, വ്യാപാര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ, ഔദ്യോഗിക ബിസിനസ് വികസന കേന്ദ്രങ്ങൾക്കായി സ്ഥലം അനുവദിക്കും.
വികസനത്തിന് വരും
സ്വാശ്രയ ടൗൺഷിപ്പുകൾ
വിഴിഞ്ഞം-നാവായിക്കുളം 63കി.മി ഔട്ടർറിംഗ് റോഡിന്റെ ഇരുവശത്തും രണ്ടരകിലോമീറ്റർ മേഖലയിൽ ഔട്ടർ റിംഗ് ഏരിയ ഗ്രോത്ത് കോറിഡോർ പദ്ധതി നടപ്പാക്കും. ആധുനിക സൗകര്യങ്ങളുമുള്ള സ്വാശ്രയ ടൗൺഷിപ്പായി ഇതിനെ മാറ്റും. വിഴിഞ്ഞം, കോവളം, കാട്ടാക്കട, നെടുമങ്ങാട്, വെമ്പായം, കിളിമാനൂർ, കല്ലമ്പലം എന്നിവിടങ്ങളിൽ സാമ്പത്തിക നോഡുകൾ വരും. ഇവ സാമ്പത്തിക മേഖലകളായി വികസിപ്പിക്കും. ഇവിടങ്ങളിൽ വികസനത്തിന് ലാൻഡ് പൂളിംഗിലൂടെ ഭൂമിയേറ്റെടുക്കും. വിഴിഞ്ഞത്തെ കാസർകോട് വരെ ബന്ധിപ്പിക്കുന്നതാവും തീരദേശ ഹൈവേ. ഹൈവേ കടന്നുപോവുന്ന 8ജില്ലകളിൽ 181ഏക്കറിൽ 68ലാൻഡ് പാഴ്സലുകളേറ്റെടുക്കും. ഹൈവേയുടെ വശങ്ങളിൽ സൈക്ലിംഗ് ട്രാക്കുകൾ, ബീച്ച് സവാരികേന്ദ്രം, നടപ്പാതകൾ, വൈദ്യുതിവാഹന ചാർജ്ജിംഗ് കേന്ദ്രങ്ങൾ, ഹൈഡ്രജൻ റീഫ്യുവലിംഗ് സ്റ്റേഷനുകൾ വരും. കണ്ടെയ്നർ നീക്കം സുഗമമാക്കാൻ ദേശീയ, സംസ്ഥാന പാതകൾ വികസിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |