ബാലരാമപുരം: വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതോടെ കൈത്തറി നാടിന്റെയും മുഖച്ഛായ മാറുന്നു. ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ വാർഡുകളുടെ അതിർത്തി പുനഃനിർണയിച്ചുള്ള അന്തിമപട്ടികയിൽ തേമ്പാമുട്ടം,ഹൗസിംഗ് ബോർഡ്,കല്ലമ്പലം എന്നിങ്ങനെ മൂന്ന് പുതിയ വാർഡുകളുടെ പേരുകൾ കൂട്ടിച്ചേർക്കപ്പെട്ടതോടെ പുതിയ വികസനമുഖം കൈവന്നിരിക്കുകയാണ്.വിഴിഞ്ഞം ലക്ഷ്യമാക്കി നിരവധി വികസനപദ്ധതികളാണ് നടപ്പാക്കുന്നത്.ബാലരാമപുരത്ത് നിർമ്മിക്കുന്ന മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിന്റെ തറക്കല്ലിടൽ 12ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.ബാലരാമപുരം പഞ്ചായത്തിൽ വികസനമുരടിപ്പെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആക്ഷേപം. ഇതിന് മറുപടിയെന്നോണമാണ് പുതിയ കർമ്മപദ്ധതികളുമായി പഞ്ചായത്ത് മുന്നോട്ടുപോകുന്നത്.വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി ബാലരാമപുരം - വിഴിഞ്ഞം റോഡ് വികസനവും മുന്നിൽകണ്ടാണ് പദ്ധതികൾ.
ബാലരാമപുരത്ത്
നടപ്പാക്കുന്ന പദ്ധതികൾ
1) വൃദ്ധസദനം
2) കെ.വി.എൽ.പി.എസിൽ പുതിയ ഓഡിറ്റോറിയം
3) കോൺഫറൻസ് ഹാൾ
4) കല്ലമ്പലം പൈതൃകസ്മരണിക വിശ്രമകേന്ദ്രം
5) ചിൽഡ്രൻസ് പാർക്ക്
6) മിനി സിവിൽ സ്റ്റേഷൻ
ബാലരാമപുരം മാർക്കറ്റ്
ഹൈടെക്കാകും
8 കോടി രൂപയുടെ വികസനപ്രവർത്തനമാണ് ബാലരാമപുരം ഹൈടെക് മാർക്കറ്റിൽ നടപ്പാക്കുന്നത്.നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി കൊടിനട കച്ചേരിക്കുളത്തേക്ക് മാർക്കറ്റിന്റെ പ്രവർത്തനം താത്കാലികമായി മാറ്റിയിരുന്നു.88,284 സ്‌ക്വയർ ഫീറ്റിൽ നാല് നിലകളായാണ് മാർക്കറ്റ് പുനർനിർമ്മിക്കുന്നത്. ഗ്രൗണ്ടിൽ 20 കാറുകൾക്കും 50 ബൈക്കുകൾക്കും പാർക്കിംഗ് സൗകര്യമൊരുക്കും.ഒന്നാം നിലയിൽ പച്ചക്കറി,മീൻ കടകളുൾപ്പെടെ 27കടകൾ, രണ്ടാംനിലയിൽ ഇരുനിലഹാളും 15 കടകളും,മൂന്നാം നിലയിൽ മിനി ഓഡിറ്റോറിയം. വിവിധ സർക്കാർ എജൻസികളുമായി ചേർന്ന് മാലിന്യസംസ്‌കരണത്തിനായി സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും ജൈവമാലിന്യ സംസ്‌കരണ യൂണിറ്റും, കെമിക്കൽ ടോയ്‌ലെറ്റും ഇതോടൊപ്പം നിർമ്മിക്കും.കെട്ടിടത്തിൽ ലിഫ്ട് സൗകര്യവുമുണ്ട്. ചരക്കുവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സൗകര്യമൊരുക്കും. താത്കാലിക മാർക്കറ്റ് കൊടിനട കച്ചേരിക്കുളത്തേക്ക് മാറ്റിസ്ഥാപിച്ചെങ്കിലും തൊഴിലാളികൾ അസൗകര്യം ചൂണ്ടിക്കാട്ടി അങ്ങോട്ടേക്ക് മാറാൻ തയ്യാറാവാത്തത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
വിഴിഞ്ഞം തുറമുഖം വന്നതോടെ ബാലരാമപുരം പഞ്ചായത്താണ് കൂടുതൽ വാണിജ്യ ശ്രദ്ധാകേന്ദ്രമാകുന്നത്.കൈത്തറിനാടിന് കൂടുതൽ പ്രാധാന്യം നൽകി വിവിധ സർക്കാർ ഫണ്ടുകൾ അനുവദിപ്പിക്കാൻ മന്ത്രിതലത്തിൽ സമ്മർദ്ദം ചെലുത്തും.
വി.മോഹനൻ, ബാലരാമപുരം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |