കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം 39.07 കോടി രൂപയായി
തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 39.07 കോടി രൂപയുടെ ചരിത്ര ലാഭവുമായി മിൽമ തിരുവനന്തപുരം മേഖല യൂണിയൻ. പത്തു വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന ലാഭമാണിതെന്ന് മേഖല യൂണിയൻ ചെയർമാൻ മണി വിശ്വനാഥ് അറിയിച്ചു.
ലാഭവിഹിതത്തിൽ നിന്ന് 35.08 കോടി രൂപ അധിക പാൽ വിലയായും 3.06 കോടി രൂപ കാലിത്തീറ്റ സബ്സിഡിയായും ക്ഷീരകർഷകർക്ക് നൽകി.
വേനൽക്കാല ആശ്വാസമായി യൂണിയനിലെ അംഗസംഘങ്ങൾക്ക് ഏപ്രിലിൽ ലിറ്ററൊന്നിന് എട്ടു രൂപ വീതം അധിക പാൽവില നൽകും. ഇതോടെ മേഖല യൂണിയനിലെ ക്ഷീരസംഘങ്ങളുടെ ശരാശരി പാൽ വില ഒരു ലിറ്ററിന് 53.13 രൂപയായി വർദ്ധിക്കും. ഇതിനായി ആറ് കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നതെന്ന് ചെയർമാൻ മണി വിശ്വനാഥ്, മാനേജിംഗ് ഡയറക്ടർ ഡോ. പി . മുരളി എന്നിവർ അറിയിച്ചു. കർഷക ക്ഷേമ പദ്ധതികൾക്കായി 27 കോടി രൂപയാണ് വകയിരുത്തിയത്.
പാൽ ഉത്പാദനം ഉയർത്തുന്നതിനും കർഷക ക്ഷേമത്തിനുമായി 30 കോടി രൂപ ചെലവഴിച്ചു. വിവാഹ ധനസഹായ പദ്ധതിയായ ക്ഷീരസുമംഗലി, ചികിത്സാ പദ്ധതിയായ സാന്ത്വന സ്പർശം, പെൺകുട്ടികൾക്കായുള്ള ക്ഷീരസൗഭാഗ്യ, സബ്സിഡി നിരക്കിൽ സൈലേജ് ലഭ്യമാക്കുന്ന പദ്ധതി തുടങ്ങിയവയ്ക്കാണ് തുക ചെലവഴിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |