ശബരിമല : ശബരിമലയുടെ വികസനത്തിന് സുപ്രധാന ചാലകമാകുന്ന റോപ് വേ പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായി. മുഖ്യമന്ത്രി അദ്ധ്യക്ഷനായ വന്യജീവി ബോർഡിന്റെ അനുമതി കിട്ടാത്തതാണ് പദ്ധതി അനന്തമായി നീണ്ടുപോകാൻ കാരണം. വന്യജീവി ബോർഡിന്റെ അനുമതിയോടെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചെങ്കിൽ മാത്രമേ നിർമ്മാണം ആരംഭിക്കാൻ കഴിയു. മാസങ്ങൾക്ക് മുൻപുതന്നെ പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള നിർദ്ദിഷ്ട റോപ്‌വേയുടെ പ്രാഥമിക സ്ഥലപരിശോധന പൂർത്തിയാക്കി സർവേക്കല്ലുകൾ സ്ഥാപിച്ചിരുന്നു. തുടർന്ന് റിപ്പോർട്ട് വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ, സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡ് എന്നിവർക്ക് കൈമാറി. സംസ്ഥാന വന്യജീവി ബോർഡ് ഇതിനുശേഷം രണ്ടുതവണ കൂടിയെങ്കിലും അജണ്ടയിൽ ഉൾപ്പെടുത്തിയ റോപ് വേ പദ്ധതി സംബന്ധിച്ച വിഷയം പരിഗണിച്ചില്ല.
2011ൽ ആരംഭിച്ച റോപ് വേ നിർമ്മാണ പദ്ധതി വി.എൻ.വാസവൻ ദേവസ്വം മന്ത്രിയായതോടെയാണ് ഊർജീതമായത്. തുടർന്ന് വിവിധ വകുപ്പുകളെ ഏകോപിപ്പ് പദ്ധതിയുടെ നടപടി ക്രമങ്ങൾ അദ്ദേഹം വേഗത്തിലാക്കി. വനംവകുപ്പിന്റെ പെരിയാർ ടൈഗർ റിസർവിലൂടെയും റാന്നി ഫോറസ്റ്റ് ഡിവിഷനിലൂടെയുമാണ് റോപ് വേ കടന്നുപോകുന്നത്. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം കൊല്ലം ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷനിലെ കട്ടിളപ്പാറ സെറ്റിൽമെന്റിലെ 4.5336 ഹെക്ടർ റവന്യു ഭൂമി വനംവകുപ്പിന് കൈമാറി.
ചരക്കുനീക്കത്തിനും അടിയന്തര ആവശ്യത്തിനും
പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാനും ആംബുലൻസ് സർവീസിനും പുറമെ രോഗികൾക്കും പ്രായമായവർക്കും ഡോളിയിൽ സഞ്ചരിക്കുന്നവർക്കും അടിയന്തരഘട്ടങ്ങളിലും റോപ്‌വേ അനുവദിക്കാനായിരുന്നു നീക്കം. പമ്പ ഹിൽടോപ്പിൽ നിന്ന് ആരംഭിച്ച് അഞ്ച് സ്റ്റീൽ ടവറുകളിലൂടെ മാളികപ്പുറം പൊലീസ് ബാരക്കിന് പിന്നിലെത്തും വിധമാണ് നിർമ്മാണം.
അനുമതി ലഭിച്ചാൽ മഴക്കാലവും തീർത്ഥാടനകാലവും ഒഴികെയുള്ള 24 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയും. എന്നാൽ അനുമതി സംബന്ധിച്ച തീരുമാനം അനന്തമായി നീളുന്നത് പദ്ധതിയെ പ്രതികൂലമായി ബാധിക്കും.
നിർമ്മാണ കമ്പിനി
സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതി വൈകുന്നു
പദ്ധി ചെലവ്: 150 - 180കോടി വരെ
നീളം: 2.7 കിലോമീറ്റർ
വേഗത: ഒരു സെക്കന്റിൽ മൂന്ന് മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |