കൊച്ചി: പ്രതിസന്ധി ഘട്ടത്തിൽ ഉള്ളുപൊള്ളും വേദനയോടെ ഉപേക്ഷിക്കേണ്ടി വന്ന നിധിയെന്ന പൊന്നോമനയെ മാതാപിതാക്കളുടെ കൈകളിലേക്ക് ഉടനെ കിട്ടില്ല. സി.ഡബ്ല്യു.സിയുടെ വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ മാതാപിതാക്കൾക്ക് കുട്ടിയെ വിട്ടു നൽകൂ. കഴിഞ്ഞ ദിവസം ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ പിതാവ് മംഗളേശ്വറും മാതാവ് രഞ്ജിതയും ഇന്നലെ സി.ഡബ്ല്യു.സി അധികൃതരെ നേരിട്ട് സന്ദർശിച്ചിരുന്നു.
തിങ്കളാഴ്ച ഇരുവരോടും വിവരങ്ങൾ ആരാഞ്ഞതിനു പിന്നാലെ പൊലീസ് സി.ഡബ്ല്യു.സിക്ക് റിപ്പോർട്ട് നൽകിയിരുന്നു. മാതാപിതാക്കളുടെ മൊഴികൾ മുഖവിലയ്ക്കെടുക്കാവുന്നതാണെന്നും ഇരുവർക്കുമെതിരെ ചുമത്തിയ ജെ.ജെ ആക്ടിലെ 75-ാം വകുപ്പ് (കുട്ടിയോടുള്ള ക്രൂരത), ഭാരതീയ ന്യായ സംഹിതയിലെ 3(5) (കുട്ടിയെ ബോധപൂർവം ഉപേക്ഷിക്കൽ) എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ ഒഴിവാക്കാവുന്നതാണെന്നും കാണിച്ചാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കളെ കാണാൻ സി.ഡബ്ല്യു.സി അധികൃതർ തീരുമാനിച്ചത്. ഇവരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ അധികൃതർ ആവശ്യമെങ്കിൽ കുട്ടിയെ കാണുന്നതിനുള്ള സൗകര്യമൊരുക്കാമെന്നും അറിയിച്ചു. ഇതിനു പിന്നാലെയാണ് ഇന്നലെ ഇരുവരും സി.ഡബ്ല്യു.സി അധികൃതരെ കണ്ടത്.
ഇന്നലെ തന്നെ ജാർഖണ്ഡ് സി.ഡബ്ല്യു.സിയുമായി ബന്ധപ്പെട്ട എറണാകുളം സി.ഡബ്ല്യു.സി അധികൃതർ കുട്ടിയെ പോറ്റാനുള്ള സാഹചര്യം മാതാപിതാക്കൾക്ക് ഉണ്ടോ എന്ന് അന്വേഷിക്കാൻ നിർദ്ദേശം നൽകി.
മാതാപിതാക്കളെ കുറിച്ച് വിശദമായി അന്വേഷണം നടത്താനും നിർദേശമുണ്ട്. ഇനി ഈ റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമാകും തുടർ നടപടികൾ.
ഉണ്ടായിരുന്ന പണമെല്ലാം
ആശുപത്രിയിൽ അടച്ചു
ജനുവരി 29ന് എറണാകുളം ജനറൽ ആശുപത്രിയിൽ രഞ്ജിത ജന്മം നൽകിയ കേവലം 28 ആഴ്ച മാത്രം വളർച്ചയുണ്ടായിരുന്ന കുഞ്ഞിനെ കടുത്ത ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അന്ന് മാത്രം കുഞ്ഞിന്റെ ചികിത്സയ്ക്ക് കൈവശം ആകെയുണ്ടായിരുന്ന 23,000രൂപയും ബില്ലടച്ചെന്ന് മംഗളേശ്വർ കഴിഞ്ഞ ദിവസവും പൊലീസിനോട് ആവർത്തിച്ചു.
പിന്നെയും രണ്ടു ലക്ഷം രൂപ കൂടി അടയ്ക്കണമെന്ന് ആശുപത്രി ആവശ്യപ്പെട്ടു. ഇക്കാര്യം ഒന്നിലേറെ തവണ ആവശ്യപ്പെട്ടപ്പോഴാണ് താൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാര്യയെ കാര്യങ്ങൾ ധരിപ്പിച്ചതും അവിടെ നിന്ന് മടങ്ങിയതെന്നുമാണ് മംഗളേശ്വർ തിങ്കളാഴ്ച നൽകിയ മൊഴിയിലുമുള്ളത്.
എറണാകുളത്ത് നടന്ന അഖിലേന്ത്യാ പൊലീസ് ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ ജാർഖണ്ഡിലെ ഉദ്യോഗസ്ഥരെ കേരള പൊലീസ് ഉദ്യോഗസ്ഥർ നിധിയുടെ കാര്യം അറിയിച്ചതിനെ തുടർന്നാണ് ദമ്പതികളെ കണ്ടെത്തിയത്. നോർത്ത് എസ്.ഐ പി.പി. റെജിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ജനുവരി 29ന്- 28 ആഴ്ച പ്രായത്തിൽ കുഞ്ഞിന്റെ ജനനം
ജനുവരി 29ന്- കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നു
ജനുവരി 31ന് - കുഞ്ഞിനെ മാതാപിതാക്കൾ ഉപേക്ഷിക്കുന്നു
ഫെബ്രുവരി 22ന്- ജനറൽ ആശുപത്രിയിലേക്ക് തിരികെ എത്തിക്കുന്നു
ഏപ്രിൽ 10ന് - കുഞ്ഞിന് ആരോഗ്യമന്ത്രി നിധി എന്ന് പേരിടുന്നു
ഏപ്രിൽ 11ന്- ആരോഗ്യവതിയായ കുഞ്ഞിനെ സി.ഡബ്ള്യു.സിക്ക് കൈമാറുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |