ചാലക്കുടി /കൊടുങ്ങല്ലൂർ: വ്യാജ എൽ.എസ്.ഡി സ്റ്റാമ്പിന്റെ പേരിൽ ഷീലാ സണ്ണിയെ 72 ദിവസം ജയിലിലാക്കിയ കേസിൽ മുഖ്യപ്രതി നാരായണ ദാസിനെ ചാലക്കുടി മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോടതി സമയം കഴിഞ്ഞതിനാൽ മജിസ്ട്രേറ്റിന്റെ വസതിയിലാണ് ഹാജരാക്കിയത്. കേസിൽ ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസിനെ പ്രതിചേർത്തു. നൈജീരിയൻ സ്വദേശിയുടെ കൈയിൽ നിന്ന് വ്യാജ ലഹരി സ്റ്റാമ്പുകൾ വാങ്ങിയത് ലിവിയയാണ്. ഇതോടെ ലിവിയ കേസിൽ രണ്ടാം പ്രതിയാകും.
ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന തൃപ്പൂണിത്തുറ നാരായണീയം വീട്ടിൽ നാരായണദാസിനെ (58) ഇന്നലെ രാവിലെയാണ് നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകും. ഷീലാ സണ്ണി ലഹരി സ്റ്റാമ്പുകൾ വിൽക്കുന്നുവെന്ന് എക്‌സൈസിന് വിവരം കൈമാറിയത് നാരായണദാസാണ്. മരുമകളുമായുള്ള കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് ഷീലാ സണ്ണിയെ വ്യാജലഹരി കേസിൽ കുടുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |