നെന്മാറ: രണ്ടാം വിള കൊയ്ത്തു കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നെല്ല് സംഭരണം പൂർത്തിയായില്ല. സപ്ലൈകോ നെല്ലിന്റെ പ്രാഥമിക പരിശോധന സ്ലിപ്പ്( മഞ്ഞ ചീട്ട്) കൃഷി, വിസ്തീർണ്ണം, ഇനം, ചാക്കിന്റെ എണ്ണം, തൂക്കം, മില്ലിന്റെ പേര് എന്നിവ രേഖപ്പെടുത്തിയ സ്ലിപ്പ് ലഭിച്ചിട്ട് ഒരു മാസത്തോളമായിട്ടും വിവിധ പാടശേഖരങ്ങളിൽ നിന്ന് മില്ലിന്റെ ഏജന്റുമാർ പൂർണമായും നെല്ല് സംഭരിച്ചിട്ടില്ല. നെന്മാറ, അയിലൂർ പഞ്ചായത്തുകളിലെ നെല്ല് സംഭരണമാണ് പൂർത്തിയാവാത്തത്. ഒറവഞ്ചിറ, അടിപ്പെരണ്ട, പയ്യാങ്കോട് തുടങ്ങി വിവിധ പാടശേഖര സമിതികളിൽ ഭാഗികമായി സംഭരിച്ച് ശേഷിക്കുന്ന നെല്ല് കെട്ടിക്കിടക്കുകയാണ്. ജില്ലാ കളക്ടറേറ്റ്, സപ്ലൈകോ ജില്ലാ ഓഫീസ് തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ കർഷകർ സമരം നടത്തിയിട്ടും സംഭരണത്തിന് വേഗത വന്നിട്ടില്ലെന്ന് കർഷകനായ ശിവദാസ് പെരുമാങ്കോട് പറഞ്ഞു. സപ്ലൈകോ സ്ലിപ്പിൽ 10 ദിവസമാണ് കാലാവധി രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും ഒരു മാസമായിട്ടും നെല്ല് സംഭരിച്ചിട്ടില്ല. മിക്ക സമിതികളിലും ഭാഗികമായാണ് നെല്ല് സംഭരിച്ചിട്ടുള്ളതെന്ന് കർഷകരായ എം.അബ്ബാസ്, കറുപ്പസ്വാമി എന്നിവർ പറഞ്ഞു. ഓരോ സമിതികളിലെയും നെല്ല് സംഭരണം പൂർത്തിയാക്കി പാഡി മാർക്കറ്റിംഗ് ഓഫീസർക്ക് സമിതി ഭാരവാഹികൾ കർഷകരുടെ പേരും രജിസ്‌ട്രേഷൻ നമ്പറും അടങ്ങിയ സംഭരണം പൂർത്തിയായ ലിസ്റ്റ് നൽകിയാൽ മാത്രമേ സപ്ലൈകോ പി.ആർ.എസ് നൽകുകയുള്ളൂ. പി.ആർ.എസ് ലഭിച്ചാലും ലോൺ ആയി കർഷകർക്ക് നെല്ല് വില ലഭിക്കണമെങ്കിൽ പിന്നെയും ഒരു മാസത്തിലേറെ വൈകും. മില്ലുടമകളുടെ മെല്ലെ പോക്ക് നയം മൂലം നെൽ കർഷകരാണ് ബുദ്ധിമുട്ടിലാവുന്നത്.
ഗ്രാമീണ മേഖലയിൽ നെല്ല് എടുക്കാൻ 200 ചാക്ക് കയറ്റാൻ കഴിയുന്ന ചെറിയ ലോറികൾ കിട്ടാനില്ലെന്നാണ് ഏജന്റുമാർ പറയുന്നത്. എന്നാൽ 200ൽ കൂടുതൽ ചാക്ക് നെല്ലുള്ള കർഷകരുടെ നെല്ലും ഭാഗികമായി കടത്തി ദിവസങ്ങൾ ആയിട്ടും ശേഷിക്കുന്ന നെല്ല് കൊണ്ടുപോയിട്ടില്ല. വേല, വിഷു, ഈസ്റ്റർ തുടങ്ങി വിവിധ കാരണങ്ങൾ നിരത്തി ആഴ്ചകൾ വൈകിപ്പിച്ച ശേഷമാണ് ഇപ്പോൾ വാഹനക്ഷാമം പറഞ്ഞ് സംഭരണം വൈകിപ്പിക്കുന്നത്. വീട്ടിലും പരിസരത്തും പ്ലാസ്റ്റിക് ഷീറ്റുകളും ടാർപ്പായയും ഉപയോഗിച്ച് മഴ നനയാതെ സൂക്ഷിക്കുകയാണ് കർഷകർ. നെല്ല് സംഭരണം വൈകിപ്പിക്കുന്ന മില്ലുകൾക്കും ഏജന്റ് മാർക്കും എതിരെ സപ്ലൈകോ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |