തൃശൂർ: ലക്ഷങ്ങൾ കാത്തിരിക്കുന്ന തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറുന്നതോടെ വഴി നീളെ പൂരത്തിന്റെ ആവേശം ഉയരുമ്പോൾ, ഗതാഗതക്കുരുക്കും പാർക്കിംഗും മുൻ വർഷത്തേക്കാൾ കടുക്കും. കഴിഞ്ഞ വർഷത്തേക്കാൾ ജനങ്ങൾ പൂരത്തിനെത്തുമെന്നാണ് കണക്കുകൂട്ടൽ. ദേശീയപാതയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കാണ് ഏറ്റവും വലിയ പ്രതിസന്ധി. തൃശൂർ - കുറ്റിപ്പുറം പാതയിലും പണികൾ ഇനിയും മാസങ്ങളോളം നീളും. പാലിയേക്കര ടോൾപിരിവ് നിറുത്തിവെച്ചുകൊണ്ട് തിങ്കളാഴച പുറപ്പെടുവിച്ച ഉത്തരവ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഇന്നലെ റദ്ദാക്കി ഉത്തരവിറക്കുകയും ചെയ്തു.
ദേശീയപാത അധികൃതർ രേഖാമൂലം ഉറപ്പ് നൽകിയതിന്റെയും സർക്കാർ നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിലാണിതെന്നാണ് പറയുന്നത്. പൂരം നാളുകളിൽ ഈ ഉറപ്പ് എത്രത്തോളം പാലിക്കപ്പെടുമെന്നാണ് കണ്ടറിയേണ്ടത്. ദേശീയപാത 544 ൽ മണ്ണുത്തി - ഇടപ്പള്ളി മേഖലയിൽ ബ്ലാക്ക് സ്‌പോട്ട് റെക്ടിഫിക്കേഷന്റെ ഭാഗമായി നിർമ്മിക്കുന്ന അടിപ്പാത, മേൽപ്പാലങ്ങളുടെ നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായിരുന്നു പാലിയേക്കര ടോൾ പ്ലാസയിലെ ടോൾപിരിവ് നിറുത്തിയത്.
പാർക്കിംഗും കുരുക്കാകും
സ്വകാര്യ പാർക്കിംഗ് സ്ഥലങ്ങൾ എല്ലാത്തവണയും ഒരുക്കുമെങ്കിലും സുരക്ഷിതമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയില്ലെങ്കിൽ അതും ഗതാഗതക്കുരുക്കിന് വഴിയൊരുക്കും. കഴിഞ്ഞ വർഷങ്ങളിൽ കോർപറേഷനും പൊലീസും ചേർന്നാണ് പാർക്കിംഗ് സംവിധാനമൊരുക്കിയത്. ഇത്തവണ കൂടുതൽ വാഹനങ്ങൾ ഉറപ്പാണ്. അതുകൊണ്ടു തന്നെ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്താനാണ് പൊലീസിന്റെ നീക്കം. നഗരത്തിൽ നൂറിലേറെ പാർക്കിംഗ് ഇടങ്ങൾ കണ്ടെത്തേണ്ടി വരുമെന്നാണ് പറയുന്നത്. വാഹനങ്ങൾ മുഴുവൻ പാർക്ക് ചെയ്യാനുള്ള സ്ഥലസൗകര്യം നഗരത്തിലില്ല. അതിൽ ഭൂരിഭാഗവും വിവിധ ദേവസ്വങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള പണം നൽകിയുള്ള പാർക്കിംഗ് ഇടങ്ങളാണ്. ഒഴിഞ്ഞുകിടക്കുന്ന മൈതാനങ്ങൾ, കോർപറേഷൻ വക സ്ഥലങ്ങൾ തുടങ്ങിയിടങ്ങൾ പാർക്കിംഗിനായി ഒരുക്കാനാണ് പൊലീസിന്റെ ശ്രമം. ഇവിടെയെല്ലാം എത്ര വാഹനങ്ങൾ പാർക്കുചെയ്യാം എന്നും കണക്കെടുക്കേണ്ടി വരും.
പൂരപ്പന്തലുകൾ ഉയരുന്നു
മണികണ്ഠനാൽ, നടുവിലാൽ, നായ്ക്കനാൽ എന്നിവിടങ്ങളിൽ പൂരപ്പന്തലുകൾ ഉയർന്നു തുടങ്ങി. ഇലഞ്ഞിത്തറ മേളം നടക്കുന്ന വടക്കുന്നാഥനിലെ ഇലഞ്ഞിച്ചുവട്ടിലും കുടമാറ്റം നടക്കുന്ന തെക്കേഗോപുരനടയിലും ഒരുക്കം അതിവേഗം നടക്കുന്നുണ്ട്. സ്വരാജ് റൗണ്ടിലും വാഹനങ്ങളുടെ എണ്ണം കൂടിത്തുടങ്ങി. പന്തലുകളുടെ പണി പൂർത്തിയാകുന്നതോടെ സ്വരാജ് റൗണ്ടും കുരുങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |