പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരത്വമുള്ളവർ രാജ്യം വിടണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്. ഇതുപ്രകാരം നിരവധി പേർ ഇന്ത്യ വിടുകയും ചെയ്തു. ഇതിനിടെ മുപ്പത്തിയഞ്ച് വർഷമായി ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരയായ സ്ത്രീ, തന്നെ ഇവിടെതന്നെ തുടരാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നു. ശാരദാ ഭായ് ഒഡീഷയിലാണ് താമസിക്കുന്നത്. ശാരദയോട് എത്രയും വേഗം രാജ്യം വിടണമെന്ന് നിർദേശിച്ചിരിക്കുകയാണ് ഒഡീഷ പൊലീസ്.
ബൊലാംഗീറിലെ ഒരു ഹിന്ദു കുടുംബത്തിലെ മരുമകളാണ് ശാരദ. ശാരദാ ഭായിയുടെ വിസ റദ്ദാക്കിയിട്ടുണ്ടെന്നും രാജ്യം വിട്ടില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ പ്രധാന രേഖകളും ഉണ്ടായിരുന്നിട്ടും ശാരദയ്ക്ക് ഇന്ത്യൻ പൗരത്വം നൽകിയില്ല. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരത്വത്തിന് ആവശ്യമായ രേഖകൾ എന്തെല്ലാമാണെന്ന ചോദ്യം ഉയരുകയാണ്.
സാധാരണയായി ഇന്ത്യൻ പൗരന്മാർ തിരിച്ചറിയൽ രേഖകളായി ഉപയോഗിക്കുന്നത് ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി തുടങ്ങിയവയാണ്. റേഷൻ കാർഡ് ഉൾപ്പെടെയുള്ളവ ഭരണപരവും ക്ഷേമപരവുമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെങ്കിലും ഇതൊന്നും ഇന്ത്യൻ പൗരത്വത്തിന്റെ കൃത്യമായ തെളിവായി നിലകൊള്ളുന്നില്ല.
ഇന്ത്യൻ പൗരത്വത്തിനായി കേന്ദ്ര സർക്കാർ അംഗീകരിക്കുന്ന അടിസ്ഥാന രേഖകൾ ജനന സർട്ടിഫിക്കറ്റും താമസ സർട്ടിഫിക്കറ്റും മാത്രമാണ്. ആധാർ കാർഡ് തിരിച്ചറിയൽ രേഖയായും താമസ രേഖയായും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യ (യുഐഡിഎഐ) പരിഗണിക്കുന്നുണ്ടെങ്കിലും പൗരത്വ രേഖയായി കണക്കാക്കുന്നില്ല. പാൻ കാർഡും റേഷൻ കാർഡും ഇങ്ങനെ തന്നെയാണ്.
1969ലെ ജനന-മരണ സർട്ടിഫിക്കറ്റ് നിയമമാണ് അധികാരികൾക്ക് ജനന സർട്ടിഫിക്കറ്റുകൾ നൽകാനുള്ള അധികാരം നൽകുന്നത്. ഇന്ത്യയിലെ ജനന അവകാശവാദങ്ങളെ അടിസ്ഥാനമാക്കി ജനന സർട്ടിഫിക്കറ്റ് പൗരത്വത്തെ സാധൂകരിക്കുന്നു. ഒരു വ്യക്തി ഇന്ത്യയിലെ ഒരു പ്രത്യേക സംസ്ഥാനത്തിലോ കേന്ദ്രഭരണ പ്രദേശത്തോ താമസിച്ചിട്ടുണ്ടെന്ന് സാധൂകരിക്കുന്നതാണ് ഡൊമിസൈൽ സർട്ടിഫിക്കറ്റുകൾ (താമസ സർട്ടിഫിക്കറ്റ്). ഇത് ഇന്ത്യൻ പൗരത്വം കൈവശം വച്ചിരിക്കുന്നതിന്റെ അവകാശവാദങ്ങളെ കൂടുതൽ ശരിവയ്ക്കുന്നു. അതിനാൽ തന്നെ ഈ രണ്ട് സർട്ടിഫിക്കറ്റുകളും ഇല്ലെങ്കിൽ എത്ര നാൾ ഇന്ത്യയിൽ താമസിച്ചാലും ഒരാൾക്ക് ഇന്ത്യൻ പൗരനായി അവകാശവാദം ഉന്നയിക്കാനാവില്ല. സർക്കാർ തൊഴിൽ നേടുന്ന സമയത്തും പാസ്‌പോർട്ടിനായി അപേക്ഷിക്കുമ്പോഴും, കോടതി ആവശ്യങ്ങൾക്കും ഈ സർട്ടിഫിക്കറ്റുകൾ വളരെ പ്രധാനമാണ്. ഈ രണ്ട് സർട്ടിഫിക്കറ്റുകൾ കൃത്യമാണെന്നും തെറ്റുകൾ തിരുത്തിയിട്ടുണ്ടെന്നും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
അതേസമയം, പഹൽഗാം ആക്രമണ പശ്ചാത്തലത്തിൽ ഇന്ത്യ വിടാൻ പാകിസ്ഥാനികൾക്ക് നൽകിയ അവസാന തീയതി ഏപ്രിൽ 27 ആയിരുന്നു. മെഡിക്കൽ വിസ കൈവശമുള്ളവർക്ക് നൽകിയ അവസാന തീയതി ഏപ്രിൽ 29ഉം. 2025ലെ ഇമിഗ്രേഷൻ ആന്റ് ഫോറിനേഴ്‌സ് ആക്ട് പ്രകാരം കേന്ദ്ര സർക്കാർ നൽകിയ അവസാന തീയതിക്ക് മുൻപായി രാജ്യം വിടാത്തവർ മൂന്ന് വർഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടതായി വരും. മൂന്ന് ലക്ഷം രൂപവരെ പിഴയും ചുമത്തും.
വിസ ഓൺ അറൈവൽ, ബിസിനസ്, ഫിലിം, ജേർണലിസ്റ്റ്, ട്രാൻസിറ്റ്, കോൺഫറൻസ്, മൗണ്ടനീയറിംഗ്, സ്റ്റുഡന്റ്, വിസിറ്റർ, ഗ്രൂപ്പ് ടൂറിസ്റ്റ്, പിൽഗ്രിം, ഗ്രൂപ്പ് പിൽഗ്രിം എന്നീ വിസകളോടെ ഇന്ത്യയിൽ എത്തിയവർക്കാണ് രാജ്യം വിടേണ്ടി വരുന്നത്. കേന്ദ്ര നിർദേശത്തെ തുടർന്ന് പഹൽഗാം ആക്രമണത്തിനുശേഷം അട്ടാരി അതിർത്തി വഴി ഇതുവരെ 530ൽ അധികം പാകിസ്ഥാനികളാണ് ഇന്ത്യ വിട്ടത്. 850 ഇന്ത്യക്കാർ രാജ്യത്തേക്ക് തിരികെ എത്തുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |