കോട്ടയം : സ്കൂൾ തുറക്കാറായതോടെ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്താൻ മാഫിയ സംഘം ഒരുങ്ങാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് നിരീക്ഷണം ശക്തമാക്കി പൊലീസ്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം നാർക്കോട്ടിക് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനും രൂപം നൽകിയിട്ടുണ്ട്. സ്ഥിരം കഞ്ചാവ് കച്ചവടക്കാർ, ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികൾ എന്നിവരടക്കമുള്ളവരെ നിരീക്ഷിച്ചും നേരിട്ടുകണ്ടുമാകും പ്രവർത്തനം.
വിദേശത്ത് നിന്ന് ഹൈബ്രിഡ് കഞ്ചാവും അന്യസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവും എത്തിക്കാനുള്ള സാദ്ധ്യതയും മുൻകൂട്ടിക്കാണുന്നുണ്ട്. മലേഷ്യയും തായ്ലൻഡും വഴി കൊച്ചിയിലെത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് ജില്ലയിലേയ്ക്ക് എത്തിക്കുന്നത്. വിതരണം ചെയ്യാൻ പ്രത്യേക സംഘമുണ്ട്. ആവശ്യക്കാരേറെയും രാസലഹരി ഉപയോഗിക്കുന്നവർ. അന്താരാഷ്ട്ര പോസ്റ്റ് ഓഫീസ് വഴിയും, വിമാനമാർഗവുമാണ് കടത്തൽ. പതിവ് ലഹരി കച്ചവടക്കാർ തന്നെയാണ് ഇതിന് പിന്നിലും. വിലയും ലാഭവും ലഹരിയും കൂടുതലാണെന്നതാണ് കച്ചവടക്കാർക്കും പ്രിയം.
കഞ്ചാവെത്തിക്കാൻ ഭായിമാർ
അന്യസംസ്ഥാനങ്ങളിൽ നിന്ന് കിലോക്കണക്കിന് കഞ്ചാവ് എത്തിക്കാൻ ഭായിമാരുടെ പ്രത്യേക സംഘമുണ്ട്. ഈ ആഴ്ച രണ്ട് അന്യസംസ്ഥാനത്തൊഴിലാളികളാണ് ഒരു കിലോയിലേറെ കഞ്ചാവുമായി ജില്ലയിൽ പിടിയിലായത്. ഇത് മൊത്ത വിതരണക്കാർക്ക് കൈമാറുകയാണ് പതിവ്. ഈവർഷം ഇതുവരെ അമ്പത് കിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്. രാജ്യാന്തര വിപണിയിൽ കിലോയ്ക്ക് അരക്കോടി രൂപയാണ് ഹൈബ്രിഡ് കഞ്ചാവിന് വില കണക്കാക്കിയിട്ടുള്ളത്. ഒരു കിലോയ്ക്ക് മുകളിൽ കൈവശംവച്ചാൽ മാത്രമേ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കാനാകൂ. അതിനാൽ ഇതിനെ സിന്തറ്റിക് മയക്കുമരുന്നിന്റെ ഗണത്തിൽപ്പെടുത്തണമെന്നാണ് ആവശ്യം. സമൂഹമാദ്ധ്യമങ്ങൾ വഴി ഗ്രൂപ്പുകൾ ഉപയോഗപ്പെടുത്തിയാണ് വിപണനം.
ഹൈബ്രിഡ് കഞ്ചാവ് ഗുരുതര പ്രത്യാഘാതം
സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ മരണത്തിനിടയാക്കും
ഓർമ്മ നഷ്ടപ്പെട്ട് തളർന്നുവീഴുന്ന അവസ്ഥയുണ്ടാകും
ഉപയോഗിച്ചു നോക്കി പിന്നീട് വിലയ്ക്കുവാങ്ങാൻ സൗകര്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |