കൊച്ചി: സർവരാജ്യ തൊഴിലാളി ദിനം വിവിധ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ റാലികൾ, പൊതുയോഗം തുടങ്ങിയ പരിപാടികളോടെ ഇന്ന് ആചരിക്കും. എട്ടു മണിക്കൂർ ജോലിസമയം എന്ന അവകാശം നേടിയെടുക്കാൻ നടത്തിയ പോരാട്ടങ്ങളുടെ സ്‌മരണ പുതുക്കലായാണ് ലോകമെങ്ങും മേയ് ദിനം ആചരിക്കുന്നത്.
20 കേന്ദ്രങ്ങളിൽ തൊഴിലാളി സംഘടനകൾ സംയുക്തമായി റാലികളും സമ്മേളനങ്ങളും സംഘടിപ്പിക്കും. വിവിധ യൂണിയനുകളുടെ നേതാക്കളായ കെ. ചന്ദ്രൻപിള്ള, സി.എൻ. മോഹനൻ, കെ.കെ. അഷറഫ്, ദീപ കെ. രാജൻ, എസ്. ശർമ്മ, ജോൺ ഫെർണാണ്ടസ്, സി.കെ. പരീത്, സി.കെ. മണിശങ്കർ, എം.പി. ഉദയൻ, കെ.എൻ. ഗോപി, ബാബു പോൾ, പ്രസിഡന്റ് പി.എസ്. മോഹനൻ, എ.എ. അൻഷാദ്, എം.ജി. അജി, എം.ബി. സ്യമന്തഭദ്രൻ, എ.ജി. ഉദയകുമാർ, ടിആർ. ബോസ്, പി.വി. ചന്ദ്രബോസ്, സി.ഡി. നന്ദകുമാർ, ടി.ബി. മിനി എന്നിവർ റാലികൾ ഉദ്ഘാടനം ചെയ്യും.
യു.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ മേയ് ദിനാചരണം രാവിലെ 10.30ന് കച്ചേരിപ്പടിയിൽ ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.ടി. വിമലൻ അദ്ധ്യക്ഷത വഹിക്കും. ദേശീയ വർക്കിംഗ് കമ്മറ്റി അംഗം അഡ്വ.ജെ. കൃഷ്ണകുമാർ സന്ദേശം നൽകും.
ആഘോഷം 66 രാജ്യങ്ങളിൽ
1889ൽ ജൂലായ് 14ന് പാരീസിൽ ചേർന്ന രണ്ടാം ഇന്റർനാഷണൽ എന്നറിയപ്പെടുന്ന തൊഴിലാളികളുടെ സർവദേശീയ സമ്മേളനമാണ് മേയ് ഒന്ന് സർവദേശീയ തൊഴിലാളി ദിനമായി പ്രഖ്യാപിച്ചത്. എട്ടു മണിക്കൂറായി ജോലിസമയം നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾക്ക് ശേഷമായിരുന്നു തീരുമാനം. 1919ൽ ഇന്റർനാഷണൽ ലേബർ ഓഫീസ് (ഐ.എൽ.ഒ) ഒന്നാം കൺവെൻഷൻ ജോലി സമയം എട്ടു മണിക്കൂറായി പ്രഖ്യാപിച്ചു. 66 രാജ്യങ്ങൾ മേയ് ദിനത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്.
ഇന്ത്യയിൽ (2023 കണക്ക് )
തൊഴിലാളികൾ 643 ദശലക്ഷം
സ്ഥാപനങ്ങൾ 2,53,000
85 ശതമാനവും അസംഘടിത മേഖലയിൽ
1948ൽ എട്ടു മണിക്കൂർ ജോലി പ്രഖ്യാപിച്ചു
ആദ്യം നടപ്പാക്കിയത് ടാറ്റാ (1912ൽ )
അനുശാസിക്കുന്ന നിയമങ്ങൾ
മിനിമം വേജസ് ആക്ട്
ഫാക്‌ടറീസ് ആൻഡ് ബോയിലേഴ്സ് ആക്ട്
ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ളിഷ്‌മെന്റ് ആക്ട്
മേയ് ദിനാചരണം വെറുമൊരു ആഘോഷമല്ല. ഇന്ത്യയിലും ലോകമെമ്പാടും നടക്കുന്ന പീഡനങ്ങളെയും ചൂഷണങ്ങളെയും തിരിച്ചറിയണം. ഇതിനെതിരായി ലോകം മുഴുവൻ നടക്കുന്ന പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും പശ്ചാലത്തിലാണ് മേയ് ദിനാചരണം പ്രസക്തമാകുന്നത്.
ചാൾസ് ജോർജ്
അഖിലേന്ത്യാ ജനറൽ സെക്രട്ടറി
ടി.യു.സി.ഐ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |