കുറ്റിപ്പുറം: രാത്രി ഏഴുമണി കഴിഞ്ഞാൽ കുറ്റിപ്പുറത്ത് നിന്നും പൊന്നാനി എത്തുക ഏറെ ദുരിതം. തിരിച്ചു പൊന്നാനി നിന്നും ഇത് തന്നെയാണ് അവസ്ഥ. പല ബസ്സുകളും അയങ്കലത്തോ നരിപ്പറമ്പോ സർവീസ് അവസാനിപ്പിക്കുന്നതാണ് പതിവ്. പരാതി പറഞ്ഞാൽ ഇക്കാര്യത്തിൽ കാര്യമായ നടപടികൾ ഇല്ല എന്നതും സ്വകാര്യബസുകൾക്ക് അനുഗ്രഹമാണ്. രാത്രി 7.15ന് ശേഷം കുറ്റിപ്പുറം എത്തുന്ന കണ്ണൂർ ഷൊർണ്ണൂർ പാസ്സഞ്ചർ ട്രെയിനിൽ നിത്യേന ഒട്ടനവധി ജോലിക്കാരും വിദ്യാർത്ഥികളും സാധാരണക്കാരും കുറ്റിപ്പുറത്ത് വന്നിറങ്ങും. ഇവരിൽ പലരും പിന്നീട് അയങ്കലം, അതളൂർ, നരിപ്പറമ്പ്, പൊന്നാനി ഭാഗങ്ങളിലേക്ക് എത്തുന്നതിനു ഒന്നുകിൽ വലിയ തുക മുടക്കി ഓട്ടോ വിളിക്കണം അല്ലെങ്കിൽ എടപ്പാൾ വഴി പൊന്നാനി വന്നു വേണം യാത്ര ചെയ്യാൻ. ഇത് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയ ദുരിതമാണ്. ഇതേ അവസ്ഥയാണ് നിലവിൽ പൊന്നാനി നിന്നും കുറ്റിപ്പുറം ഭാഗത്തേയ്ക്കും ചമ്രവട്ടം ജംഗ്ഷനിൽ ദിവസേന ഒരുപാട് പേർ രാത്രി ഏഴു മണിക്ക് ശേഷം അയങ്കലം, അതളൂർ ഭാഗങ്ങളിലേക്ക് പോകുവാൻ കാത്ത് നിൽക്കുന്നുണ്ടാകും. ഇവർക്ക് ആകെ ആശ്രയം ചമ്രവട്ടം പാലം വഴി പോകുന്ന ട്രാൻസ്പോർട്ട് ബസ്സുകൾ മാത്രമാണ.് ഈ ബസ്സിൽ നരിപ്പറമ്പ് ഇറങ്ങി ഭീമമായ തുക ഓട്ടോ ചാർജ് നൽകിയാണ് പലരും പിന്നീട് തുടർയാത്ര ചെയ്യുന്നത്.
നിലവിൽ രാത്രി ഏഴുമണിക്ക് ശേഷവും കുറ്റിപ്പുറം പൊന്നാനി ഭാഗത്തേയ്ക്ക് സർവീസ് നടത്തേണ്ട ഉത്തരവാദിത്വം ഉണ്ടെന്നിരിക്കെ പല സ്വകാര്യ ബസ്സുകളും ടിക്കറ്റ് തുക വേണ്ട രീതിയിൽ ലഭിക്കില്ല എന്ന കാരണം കൊണ്ടാണ് പലപ്പോഴും പാതി വഴി വച്ചു സർവീസ് അവസാനിപ്പിച്ചു ജനത്തെ ദുരിതത്തിലാക്കുന്നത്. കൂടാതെ ഇതേ അവസ്ഥ നിലവിൽ കുന്നംകുളം ഭാഗത്ത് നിന്നും വരുന്ന പൊന്നാനി ബസ്സുകളിലും സ്ഥിരം നടക്കുന്നു. ഈ ബസ്സുകൾക്ക് പൊന്നാനി സ്റ്റാൻഡ് വരെ സർവീസ് ഉണ്ടായിട്ടും കുണ്ട്കടവ് ജംഗ്ഷൻ വെച്ച് സർവീസ് അവസാനിപ്പിക്കുന്നത് പതിവാണ.് പലപ്പോഴും പരിശോധനകൾ ഗതാഗത വകുപ്പ് നടത്തുന്നുണ്ടെങ്കിലും പിന്നീട് പഴയ അവസ്ഥയിലേക്ക് തന്നെ എത്തുന്നു. രാത്രി പൊന്നാനി സ്റ്റാൻഡിൽ നിന്നും മാറഞ്ചേരി, വെളിയങ്കോട്, കുന്നംകുളം ഭാഗത്തേയ്ക്ക് ബസ് ലഭിയ്ക്കുവാൻ സ്റ്റാൻഡിൽ നിന്നും കുണ്ട്കടവ് ജംഗ്ഷനിലേക്ക് ഇരട്ടി തുക നൽകി ബസ് കയറണം. മഴക്കാലം കൂടി വരുന്നതോടെ വലിയ ഇരട്ടി ദുരിതത്തലേക്കാണ് യാത്രക്കാർ പോകുന്നത്. എന്നാൽ ഇത്തരത്തിൽ പല ബസ്സുകളും പൊന്നാനി മേഖലയിൽ പല റൂട്ടുകളിലും ട്രിപ്പ് മുടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്ന ബസ്സുകൾ കൃത്യമായി പൂർണ്ണ സമയം സർവീസ് നടത്തി പൊതുജനത്തിന്റെ സഞ്ചാരസൗകര്യം ഉറപ്പ് വരുത്താൻ ശക്തമായ നിർദേശം നൽകിയതായി പൊന്നാനി ജോയിന്റ് ആർ.ടി.ഒ ജസ്റ്റിൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |