അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ അടിമാലി ടൗൺ സൗന്ദര്യവൽക്കരണ പദ്ധതി തുടർ പരിപാലനമില്ലാതെ നശിക്കുന്നു. രാത്രികാലത്ത് അടിമാലി ടൗണിനെയാകെ പ്രകാശപൂരിതമാക്കാനും ടൗണിനെ കൂടുതൽ വൃത്തിയുള്ളതാക്കാനും ലക്ഷ്യമിട്ടായിരുന്നു പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗൺ സൗന്ദര്യവൽക്കരണ പദ്ധതി നടപ്പിലാക്കിയത്. അഡ്വ. എ രാജ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്.എന്നാൽ പദ്ധതി യാഥാർത്ഥ്യമായി വർഷങ്ങൾ പിന്നിട്ടതോടെ പദ്ധതിക്ക് വേണ്ടുന്ന തുടർ പരിപാലനം ലഭ്യമാക്കുന്നില്ലെന്നാണ് പരാതി.പരിപാലനം ഇല്ലാതായതോടെ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പൂച്ചെടികൾ പൂർണ്ണമായി നശിച്ചു.ടൗണിനെ പ്രകാശ പൂരിതമാക്കാൻ സ്ഥാപിച്ച ലൈറ്റുകളുടെ തുടർ അറ്റകുറ്റപ്പണികളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്താതായതോടെ അവയും ഏറെക്കുറെ നാശത്തിന്റെ വക്കിലാണ്.ടൗണിന്റെ വിവിധ ഇടങ്ങളിൽ വഴി വിളക്കുകൾ സ്ഥാപിക്കുകയും വിളക്കുകൾ സ്ഥാപിക്കാൻ ഉപയോഗിച്ചിട്ടുള്ള തൂണുകളിൽ അലങ്കാരച്ചെടികളും വെയിസ്റ്റ് ബോക്സും ഘടിപ്പിച്ചായിരുന്നു പദ്ധതി വിഭാവനം ചെയ്തത്.ടൗണിന്റെ വിവിധ ഭാഗങ്ങളിൽ 84ഓളം വഴിവിളക്കുകളും അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുവാൻ വെയിസ്റ്റ് ബോക്സുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്.സോളാർ എനർജിയിലൂടെയാണ് ലൈറ്റുകളുടെ പ്രവർത്തനം.രാത്രികാലത്ത് വൈദ്യുതി തടസ്സമുണ്ടായാലും ടൗണിനെ പ്രകാശപൂരിതമാക്കാനിത് സഹായിക്കും.ഈ പദ്ധതിയാണിപ്പോൾ തുടർ പരിപാലനത്തിന്റെ അഭാവം മൂലം നാശത്തിന്റെ വക്കിൽ എത്തിയിട്ടുള്ളത്. പദ്ധതി നാമാവശേഷമായാൽ വലിയ നഷ്ടം സംഭവിക്കുമെന്നതിനാൽ പദ്ധതിയുടെ തുടർ പരിപാലനം സാധ്യമാക്കണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |