തിരുവനന്തപുരം: മെഗാ സൂംബയ്ക്ക് ഇരുപത് സ്കൂളുകളിൽ നിന്നായി 1500 വിദ്യാർത്ഥികൾ ചടുലതാളം പകർന്നു.
ഇന്നലെ വൈകിട്ട് 5ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ മെഗാ സൂംബ ഡിസ്‌പ്ലേ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി കുടുംബസമേതമാണെത്തിയത്. ഭാര്യ കമല,മകൾ വീണാ വിജയൻ,മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർ അദ്ദേഹത്തിനൊപ്പം സൂംബ ആസ്വദിച്ചു. കുട്ടികൾ 'സേ നോ ടു ഡ്രഗ്സ് ' പ്ലക്കാർഡ് ഉയത്തിയാണ് ചുവടുകൾക്ക് വിരാമമിട്ടത്.
മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ സജി ചെറിയാൻ,രാമചന്ദ്രൻ കടന്നപ്പള്ളി,ജി.ആർ.അനിൽ,ആന്റണിരാജു എം.എൽ.എ,മേയർ ആര്യാ രാജേന്ദ്രൻ,പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്,പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്,എസ്.സി.ഇ.ആർ.ടി ഡയറക്ടർ ആർ.കെ.ജയപ്രകാശ്,ഡി.ഡി.ഇ സുബിൻ പോൾ എന്നിവർ പങ്കെടുത്തു.
സംസ്ഥാന സ്‌കൂൾ കായികമേള നടത്തിപ്പ് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുസ്തകം മന്ത്രി മുഹമ്മദ് റിയാസ് മന്ത്രി വി.ശിവൻകുട്ടിക്ക് നൽകി പ്രകാശനം ചെയ്തു.ദേശീയ ഗെയിംസിൽ മെഡൽ നേടിയ കുട്ടികൾക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു.
മാഫിയ ആകർഷിക്കുന്നത്
മ്ലാനരായവരെ : മുഖ്യമന്ത്രി
മ്ലാനരായവരെയാണ് മയക്കുമരുന്ന് മാഫിയ ആകർഷിക്കുന്നതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്‌കൂളിലെത്തി വൈകിട്ട് തിരിച്ചു പോകുമ്പോൾ കുട്ടികൾ വാടിത്തളരുന്നതിനാൽ അവരെ ഉന്മേഷവാന്മാരാക്കാനാണ് സൂംബ പോലുള്ള പരിപാടികൾ ആവിഷ്‌കരിക്കുന്നത്. കുട്ടികൾക്ക് കളിയിടങ്ങൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സൂംബ എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |