യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കി സിനിമകൾ ചെയ്യുന്നത് കടുത്ത വെല്ലുവിളിയാണ്. കായികതാരങ്ങളുടെ ജീവിതം കൂടിയാകുമ്പോൾ ആ വെല്ലുവിളി പിന്നെയും വലുതായി മാറും. അത്തരം വെല്ലുവിളികളെ അതിജീവിച്ചാണ് നവാഗതനായ പി.ആർ.അരുൺ ഫൈനൽസ് എന്ന സിനിമയൊരുക്കിയിരിക്കുന്നത്. ദേശീയ സൈക്ളിംഗ് താരം മത്സരത്തിനിടെ അപകടത്തിൽപെട്ട സംഭവമാണ് സിനിമയ്ക്ക് ആധാരമാക്കിയിരിക്കുന്നത്. ജൂൺ എന്ന സിനിമയ്ക്കുശേഷം യുവനായിക രജിഷ വിജയനെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിച്ച ഈ സിനിമ പ്രമേയം കൊണ്ടും അവതരണരീതി കൊണ്ടും വേറിട്ടുനിൽക്കുന്നു.
ദേശീയ സൈക്ളിംഗ് ചാമ്പ്യൻഷിപ്പിൽ റെക്കാഡോടെ സ്വർണം നേടിയ ആലീസ് വർഗീസ് (രജിഷ ) ടോക്യോവിൽ 2020ൽ നടക്കുന്ന ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിക്കാനൊരുങ്ങുകയാണ്. അതിനിടെയാണ് അപ്രതീക്ഷിതമായി അവളൊരു അപകടത്തിൽപെടുന്നത്. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
സൈക്കിൾ വളയം പോലെയുള്ള കഥ
ഒരു കായികതാരത്തിന്റെ കരിയർ സൈക്കിൾ പോലെയാണ്. സൈക്കിളിന്റെ ചക്രം പോലെ അവളുടെ ജീവിതവും കറങ്ങുകയാണ്. അവിടെ വെല്ലുവിളികളുണ്ട്, തോൽവികളുണ്ട്, വിജയങ്ങളുണ്ട്, കഷ്ടപ്പാടുണ്ട് എന്നുവേണ്ട കായികതാരത്തിന്റെ കഠിന്വാദ്ധ്വാനത്തിന്റെ, പരിശ്രമത്തിന്റെ ആരും പറയാത്ത കഥകളുണ്ട്. അതെല്ലാം ഈ സിനിമയിൽ ചങ്ങലക്കണ്ണികൾ പോലെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് സംവിധായകൻ കോർത്തിണക്കിയിട്ടുണ്ട്. ആദ്യപകുതിയിൽ ആലീസിന്റെ വ്യക്തിജീവിതവും കരിയറും പ്രണയവുമെല്ലാമാണ് സിനിമ അനാവാരണം ചെയ്യുന്നത്. മാംസനിബദ്ധമല്ല രാഗം എന്ന കുമാരനാശാന്റെ ആശയം കൂടി സംവിധായകൻ ഈ പ്രണയത്തിലൂടെ പറഞ്ഞുവയ്ക്കുന്നുണ്ട്. കായികതാരങ്ങൾ നേരിടേണ്ടി വരുന്ന അവഗണന, പരിശീലനത്തിന് മതിയായ സൗകര്യങ്ങളുടെ അഭാവം, പരിശീലകരെ കിട്ടാത്ത അവസ്ഥ, സൗകര്യങ്ങളില്ലാത്ത സ്പോർട്സ് ഹോസ്റ്റലുകൾ, കായിക ഫെഡറേഷനുകളിലെ അഴിമതി, താരങ്ങൾക്കു നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം എന്നുവേണ്ട ഈ മേഖലയിലെ പുഴുക്കുത്തുകളെയും സിനിമ തുറന്നുകാട്ടുന്നുണ്ട്.
വർഗീസിന്റെയും കഥ
ആലീസിന്റെ കഥ പറയുന്നതോടൊപ്പം അവളുടെ പിതാവും കായികാദ്ധ്യാപകനുമായ വർഗീസ് മാഷിന്റെ കഥ കൂടി സിനിമ അനാവാരണം ചെയ്യുന്നുണ്ട്. അവഗണനയുടെ കയ്‌പുനീർ കുടിക്കേണ്ടി വരികയും പിന്നീട് സ്വന്തമായി സ്പോർട്സ് സ്കൂൾ തുടങ്ങുകയും കായികതാരങ്ങളെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട് വർഗീസ്. അത്തരക്കാരെ തകർക്കാനുള്ള അണിയറശ്രമങ്ങളും സിനിമയിൽ കൊണ്ടുവന്നിട്ടുണ്ട്. വർഗീസിനെ അവതരിപ്പിക്കുന്ന ദേശീയ അവാർഡ് ജേതാവ് സുരാജ് വെഞ്ഞാറമൂട് വൈകാരികവും സ്വാഭാവികവുമായ അഭിനയമികവു കൊണ്ട് പ്രേക്ഷകരെ ഒരിക്കൽകൂടി അത്ഭുതപ്പെടുത്തുന്നുണ്ട്.
ആലീസായെത്തുന്ന രജിഷ വിജയൻ, കഥാപാത്രത്തെ ആഴത്തിൽ ഉൾക്കൊണ്ടിരിക്കുന്നുവെന്ന് അഭിനയത്തിൽ നിന്ന് മനസിലാകും. ഒരു കായികതാരമായി മാറാൻവേണ്ടി വളരെയേറെ പ്രയത്നം രജിഷ എടുത്തിട്ടുണ്ട്. ആദ്യ പകുതിയിൽ രജിഷയുടെ നിഴലിലാകുന്ന നായകൻ മാനുവൽ തോമസിനെ അവതരിപ്പിക്കുന്ന നിരഞ്ജ് (മണിയൻപിള്ള രാജുവിന്റെ മകൻ) രണ്ടാം പകുതിയിൽ സിനിമയുടെ കേന്ദ്രബിന്ദുവാകുകയാണ്. നിരഞ്ജിന് ഇതുവരെ ലഭിച്ചതിൽ വച്ചേറ്റവും മികച്ച വേഷമാണിത്.ടിനി ടോം, മണിയൻപിള്ള രാജു, മുത്തുമണി, സോനാ നായർ, കുഞ്ചൻ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന സിനിമ മലയോര ജില്ലയുടെ വന്യസൗന്ദര്യം ചോരാതെ പകർത്തിയിട്ടുണ്ട്. പശ്ചാത്തസംഗീതവും സിനിമയ്ക്ക് ചേരുന്നതായി.
റേറ്റിംഗ്: 3
വാൽക്കഷണം: വിജയത്തിലേക്കൊരു സ്റ്റാർട്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |