തിരുവനന്തപുരം: ചിരട്ട അച്ചാറെന്ന് അധികമാരും കേൾക്കാനിടയില്ല.പാലോട് സബ്‌ജില്ലയിലെ പാലുവള്ളി ഗവ.യു.പി.എസിലെ കൂട്ടുകാർ ഇന്നലെ മാനവീയംവീഥിയിൽ നടന്ന ക്രിയേറ്റീവ് ഫെസ്റ്റിലെത്തിച്ചതാണീ ഐറ്റം. ചെത്തിയൊരുക്കിയ ചിരട്ടയുടെ ഉള്ളിൽ വാട്ടിയ വാഴയിലവച്ച് അച്ചാറുകൾ നിറച്ച് ചിരട്ടക്കഷണങ്ങൾ മുകളിലും താഴെയുമായി ചേർത്തൊട്ടിച്ച് ചിരട്ടക്കണ്ണ് തടികൊണ്ടുള്ള കോർക്ക് വച്ച് അടച്ചെടുത്താൽ ചിരട്ട അച്ചാർ റെഡി. മാങ്ങ,നാരങ്ങ,പുളിഞ്ചിക്ക,ബീറ്റ്റൂട്ട്-ക്യാരറ്റ്,ഇഞ്ചി എന്നിവയെല്ലാം ചിരട്ട അച്ചാറുകളിലുണ്ടായിരുന്നു. ചക്ക അരിഞ്ഞ്, മിക്സിയിൽ ഉപ്പും മഞ്ഞൾപ്പൊടിയും ജീരകവും ചേർത്തരച്ച് ഉണക്കിയെടുത്ത ചക്കപപ്പടം,മാങ്ങാത്തിര,മുളങ്കുറ്റിയിൽ നിറച്ച ഗോതമ്പ് പായസം,ചക്ക ഹൽവ,വാനില കേക്ക്,സ്‌പോഞ്ച് കേക്ക്,ചോക്ലേറ്റ് കേക്ക്,സ്വയം തയാറാക്കിയ ഫർണിച്ചറുകൾ,ബാഗുകൾ,വസ്ത്രങ്ങൾ തുടങ്ങി യു.പി ക്ളാസുകളിലെ കുട്ടികളുടെ കൈപ്പണിയോയെന്ന് അദ്ഭുതം കൂറുന്നതെല്ലാം ഈ സ്റ്റാളിലുണ്ടായിരുന്നു.കുസാറ്റിന്റെ സഹകരണത്തോടെ എസ്.എസ്.കെ സംഘടിപ്പിക്കുന്ന ക്രിയേറ്റീവ് കോർണറുകളിൽ കുട്ടികളൊരുക്കിയ ഉത്പന്നങ്ങളാണ് ക്രിയേറ്റീവ് ഫെസ്റ്റിലുണ്ടായിരുന്നത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി തയാറാക്കിയതാണ് ക്രിയേറ്റീവ് കോർണറുകൾ. ജില്ലയിലെ 21 സ്കൂളുകൾ പങ്കെടുത്തു.ആന്റണി രാജു എം.എൽ.എ പ്രദർശനവും വിപണനവും ഉദ്ഘാടനം ചെയ്തു.എസ്.എസ്.കെ ഡയറക്ടർ എ.ആർ.സുപ്രിയ അദ്ധ്യക്ഷയായി.പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്.ഷാനവാസ് സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിച്ചു. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ആർ.കെ ജയപ്രകാശ്,കുസാറ്റ് വൈസ് ചാൻസലർ എം.ജുനൈദ് ബുഷ്റി,കുസാറ്റ് സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി ഡയറക്ടർ പി.ഷൈജു,ഡി.ഡി.ഇ സുബിൻപോൾ,സി.രാധാകൃഷ്ണൻ നായർ,ബി.ഷാജി,രഞ്ജിത് സുഭാഷ്,എ.എം.റിയാസ്,ബി.നജീബ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |