SignIn
Kerala Kaumudi Online
Saturday, 26 July 2025 10.58 AM IST

പദ്‌മനാഭന്റെ മണ്ണിലെ തുറമുഖ വിസ്‌മയം

Increase Font Size Decrease Font Size Print Page
vizhinjam

തിരുവനന്തപുരം എന്ന നഗരത്തെ ലോക ഭൂപടത്തിൽ സവിശേഷമായി അടയാളപ്പെടുത്താൻ പോകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുകയാണ്. മൂന്ന് ദശാബ്ദങ്ങൾക്കു മുമ്പ് വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യ രൂപരേഖ തയ്യാറാകുമ്പോൾ ഒരിക്കലും ഈ തുറമുഖം യാഥാർത്ഥ്യമാകാൻ പോകുന്നില്ല എന്നു കരുതിയവരാണ് ഭൂരിപക്ഷവും. അത്രമാത്രമായിരുന്നു പ്രതിബന്ധങ്ങളും എതിർപ്പുകളും. പദ്ധതിയെ എതിർക്കുന്നവർക്ക് ഇന്ധനം പകരാൻ രാജ്യാന്തര ശക്തികൾ പോലും ശ്രമിച്ചിരുന്നു എന്നത് ഇന്നൊരു രഹസ്യമല്ല. പക്ഷേ, ആരൊക്കെ തടഞ്ഞാലും നിശ്ചയദാർഢ്യത്തോടെയുള്ള പ്രയത്നങ്ങൾ സഫലമാവുക തന്നെ ചെയ്യുമെന്നതിന് നമ്മുടെ കൺമുന്നിലെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ് വിഴിഞ്ഞം തുറമുഖം.

കേരളത്തിന്റെ മുഖ്യമന്ത്രിമാരായിരുന്ന കെ. കരുണാകരൻ, ഇ.കെ. നായനാർ, എ.കെ. ആന്റണി, വി.എസ്. അച്യുതാനന്ദൻ, ഉമ്മൻചാണ്ടി, പിണറായി വിജയൻ എന്നിവർക്കും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവൻ മുതൽ ഇപ്പോൾ ആ വകുപ്പിന്റെ ചുമതല വഹിക്കുന്ന വി.എൻ. വാസവൻ വരെയുള്ള മന്ത്രിമാർക്കും മൻമോഹൻസിംഗിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന കേന്ദ്രത്തിലെ യു.പി.എ മന്ത്രിസഭയ്ക്കും പിന്നീട് 2014 മുതൽ അധികാരത്തിലുള്ള മോദി മന്ത്രിസഭയ്ക്കും ഈ തുറമുഖത്തിന്റെ സാക്ഷാത്‌കാരത്തിൽ ഏറിയും കുറഞ്ഞുമുള്ള പങ്കുണ്ട് എന്നത് ഈ ഘട്ടത്തിൽ ഓർമ്മിക്കാതിരിക്കാനാവില്ല. എന്തിന്,​ പദ്ധതിയെ എതിർത്തവർക്കു പോലും ഇതിന്റെ പൂർത്തീകരണത്തിൽ അവരുടേതായ പങ്കുണ്ട്. എതിർപ്പ് ശക്തമായപ്പോഴാണ് ഏതു വിധേനയും തുറമുഖം യാഥാർത്ഥ്യമാക്കണമെന്ന ഇച്ഛാശക്തി രാഷ്ട്രീയകക്ഷികളുടെയും ഭരണകർത്താക്കളുടെയും ഭാഗത്തുനിന്ന് ഉണ്ടായത്!

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2015-ൽ തുറമുഖ നിർമ്മാണത്തിന് അദാനി ഗ്രൂപ്പുമായി കരാറായതാണ് തുറമുഖം യാഥാർത്ഥ്യമാക്കിയ വഴിത്തിരിവ്. 2016-ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് തുറമുഖ നിർമ്മാണത്തിന്റെ പ്രധാന പണികൾ തുടങ്ങിയത്. ഇതിനിടയിൽ തീരശോഷണമുൾപ്പെടെയുള്ള വിഷയങ്ങളിൽ പദ്ധതിക്കെതിരെ നടന്ന വമ്പൻ സമരങ്ങൾ, പാറക്കല്ലിന്റെ ക്ഷാമം മുതൽ ഓഖി, കൊവിഡ് പ്രതിസന്ധികൾ തുടങ്ങിയവ തുറമുഖ നിർമ്മാണത്തിന് സൃഷ്ടിച്ച വെല്ലുവിളികൾ ചെറുതല്ല. നിർമ്മാണം തുടങ്ങി എട്ട് വർഷത്തിനു ശേഷമാണ് തുറമുഖം ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്. തുറമുഖത്തിനു പിന്നാലെ,​ നാളെ കൂറ്റൻ കപ്പൽ നിർമ്മാണശാലയും ഇന്ത്യൻ നാവികസേനയുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളും തുറമുഖ ബിസിനസുമായി ബന്ധപ്പെട്ട അന്യരാജ്യങ്ങളുടെ കമ്പനികളും മറ്റും ഇതിനു ചുറ്റും ഉയർന്നുവരാതിരിക്കില്ല.

ഈ തുറമുഖം സംസ്ഥാനത്തിന് പ്രത്യക്ഷമായും പരോക്ഷമായും നേടിത്തരാൻ പോകുന്ന നികുതി വരുമാനം നമ്മുടെ ഖജനാവിന്റെ സാമ്പത്തിക ക്ളേശങ്ങൾ പരിഹരിക്കാൻ പോലും പര്യാപ്തമായതായിരിക്കും. നേരിട്ടും അല്ലാതെയും പതിനായിരങ്ങൾക്ക് ജോലിസാദ്ധ്യത തുറക്കുക കൂടി ചെയ്യുന്നതാണ് ഈ തുറമുഖം. തുറമുഖത്തിന്റെ തുടർന്നുള്ള ഘട്ടങ്ങളുടെ നിർമ്മാണത്തിനൊപ്പം അനുബന്ധമായി വൻ വികസന പദ്ധതികളാണ് ഇതിനകം സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവ സമയബന്ധിതമായി നടപ്പാക്കാനുള്ള ശ്രമങ്ങളാണ് ഭരണതലത്തിൽ നിന്ന് ഇനി ഉണ്ടാകേണ്ടത്.

തുറമുഖം പ്രവർത്തനസജ്ജമാകുന്നതിനൊപ്പം ജില്ലയിൽ ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ, ഔട്ടർ റിംഗ് റോഡ്, വിഴിഞ്ഞം - കൊല്ലം - പുനലൂർ വളർച്ചാ ത്രികോണം എന്നിവയാണ് സർക്കാർ ഇതിനകം പ്രഖ്യാപിച്ച പദ്ധതികൾ. തുറമുഖം മൂലമുള്ള നേട്ടങ്ങൾ അനുബന്ധ മേഖലയിൽ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഈ പദ്ധതികളുടെ ലക്ഷ്യം.

തദ്ദേശവാസികൾ നടത്തിയ സമരങ്ങളെ വികസന വിരുദ്ധ സമരങ്ങളായി ചിത്രീകരിക്കാനുള്ള ശ്രമം ഈ സന്ദർഭത്തിൽ ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. കുടിവെള്ളം, പാർപ്പിടം, മത്സ്യബന്ധനത്തിനായുള്ള സൗകര്യം തുടങ്ങിയ അവരുടെ ന്യായമായ അവകാശങ്ങൾ നേടിക്കൊടുക്കാൻ സർക്കാർ തലത്തിൽ എല്ലാ ശ്രമങ്ങളും ത്വരിതപ്പെടുത്തേണ്ടതാണ്. തുറമുഖ ജോലികളിലും മറ്റും അവർക്ക് പ്രത്യേക പരിഗണന നൽകേണ്ടതുമാണ്. പദ്‌മനാഭന്റെ മണ്ണിൽ ഉയരുന്ന ഈ തുറമുഖം കേരളത്തിന്റെ തന്നെ മുഖച്ഛായ മാറ്റാൻ പോന്നതായിരിക്കും. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുകയെന്ന സ്വപ്നത്തിനും ശ്രമങ്ങൾക്കും ശക്തിപകർന്ന് 'കേരളകൗമുദി"യും എന്നും ഒപ്പമുണ്ടായിരുന്നു. മലയാളികളുടെ വരും തലമുറകളെപ്പോലും പരിപോഷിപ്പിക്കുവാൻ ഉതകുന്ന ഈ ചിരകാല സ്വപ്നത്തിന്റെ സാഫല്യം പങ്കുവയ്ക്കുന്ന അഭിമാന നിമിഷത്തിൽ ഞങ്ങളും ആഹ്ളാദപൂർവം ഭാഗഭാക്കാകുന്നു.

TAGS: VIZHINGAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.