മേപ്പാടി: വൃദ്ധനെ കൊന്ന കാട്ടാന ജനവാസമേഖലയിൽ ഇറങ്ങാതിരിക്കാൻ കരുതലോടെ വനം വകുപ്പ്. നാലാം ദിവസവും കാട്ടാനയെ കണ്ടെത്താനായില്ല.
കുങ്കി ആനകളെ വനാതിർത്തിയിൽ നിർത്തിയാണ് ആർ.ആർ.ടി സംഘങ്ങൾ കാട്ടാനയ്ക്കായി തെരച്ചിൽ നടത്തിയത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞ് ആനക്കാട് , പുഴമൂല, എളംബലേരി, എരുമക്കൊല്ലി എന്നിവിടങ്ങളിലാണ് തെരച്ചിൽ നടത്തിയത്. കുങ്കി ആനകളായ വിക്രമവും ഉണ്ണികൃഷ്ണനും ഇപ്പോഴും മേപ്പാടിയിൽ ക്യാമ്പ് ചെയ്യുകയാണ്. കാട്ടാനയ്ക്കായി തെരച്ചിൽ ഇന്നും തുടരും. ജനവാസമേഖലയോട് ചേർന്നു തന്നെ കാട്ടാനയുടെ സാന്നിദ്ധ്യം സംശയിക്കുന്നതിനാലാണ് ദൗത്യം തുടരുന്നത്. ഇന്നലെ ചോലമല ഭാഗത്താണ് കൂടുതൽ തെരച്ചിൽ നടത്തിയത്. ഇവിടെ കഴിഞ്ഞദിവസം രാത്രിയിൽ കാട്ടാന ഇറങ്ങിയിരുന്നു. തുടർന്നാണ് ഇവിടം കേന്ദ്രീകരിച്ചത്. കുങ്കി ആനകളുടെ സാന്നിദ്ധ്യം ഉള്ളതിനാൽ അക്രമകാരിയായ കാട്ടാന പെട്ടെന്ന് ജനവാസമേഖലയിൽ ഇറങ്ങില്ലെന്നാണ് വനം വകുപ്പിന്റെ നിഗമനം. ഉൾക്കാട്ടിലേക്ക് കാട്ടാനകൾ കയറിപ്പോകാത്തതാണ് വനംവകുപ്പ് നേരിടുന്ന പ്രതിസന്ധി. ചുറ്റും ജനവാസ മേഖലയായതിനാൽ ഇനിയൊരു കാട്ടാന ആക്രമം ഉണ്ടായാൽ വലിയ പ്രതിഷേധത്തിന് കാരണമാകും. അതിനാൽ പരമാവധി ഉൾക്കാട്ടിലേക്ക് കാട്ടാനയെ തുരത്തുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |