ആലപ്പുഴ : തോട്ടപ്പള്ളി- വലയഴീക്കൽ തീരദേശ റൂട്ടിൽ നിർത്തലാക്കിയ സ്റ്റേ ബസ് സർവീസ് കെ.എസ്.ആർ.ടി.സി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആലപ്പുഴയിൽ നിന്ന് രാത്രി 9നും 9.30നു യഥാക്രമം തൃക്കുന്നപ്പുഴ, വലിയഴീക്കൽ എന്നിവടങ്ങളിലേക്ക് ഉണ്ടായിരുന്ന സർവീസാണ് കളക്ഷൻ കുറവിന്റെ പേരിൽ നിർത്തലാക്കിയത്. വൈകിട്ട് 7ന് ശേഷം തോട്ടപ്പള്ളി - വലിയഴീക്കൽ റൂട്ടിൽ ബസ് സർവീസ് ഇല്ലാത്തത് സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. രാത്രി 11 വരെ ഈ റൂട്ടിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകിയിട്ടുണ്ടെങ്കിലും ഒരു ബസ് പോലും രാത്രിയിൽ സർവീസ് നടത്തുന്നില്ല.
വലിയഴീക്കൽ പാലം പൂർത്തിയായതോടെ കരുനാഗപ്പള്ളിയിൽ നിന്ന് ആറും ഹരിപ്പാട് ഡിപ്പോയിൽ നിന്ന് നാലും ബസുകൾ ഉൾപ്പെടുത്തി ചെയിൻ സർവീസ് ആരംഭിച്ചിരുന്നെങ്കിലും അതും വെട്ടിക്കുറച്ചു. 30മിനിട്ട് ഇടവിട്ടാണ് കരുനാഗപ്പള്ളിയിൽ നിന്നും തോട്ടപ്പള്ളിയിൽ നിന്നും സർവീസ് നടത്തിയിരുന്നത്. 10,000 മുതൽ 15,000രൂപ വരെ ഓരോ ബസിനും കളക്ഷൻ ലഭിച്ചിരുന്നു. ഇപ്പോൾ രണ്ട് ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. കിലോമീറ്ററിന് 28രൂപ പ്രകാരം കളക്ഷൻ ലഭിക്കാത്തതു കൊണ്ടാണ് സർവീസ് നിർത്തലാക്കിയതെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം. ചെയിൻ സർവീസ് ആരംഭിച്ചതോടെ തോട്ടപ്പള്ളി - വലിയഴീക്കൽ റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾക്ക് കളക്ഷൻ കുറഞ്ഞിരുന്നു.
സമയം പാലിക്കാതെ സ്വകാര്യ ബസുകൾ
1.തോട്ടപ്പള്ളി-വലിയഴീക്കൽ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ സമയം പാലിക്കുന്നില്ലെന്ന് പരാതി ശക്തമാകുന്നു
2.കെ.എസ്.ആർ.ടി.സി ബസുകളുമായുള്ള മത്സര ഓട്ടത്തെത്തുടർന്നാണ് സ്വകാര്യബസുകൾ സമയക്രമം പാലിക്കാത്തത്
3.നിയമലംഘനം നടത്തുന്ന ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും മൗനം പാലിക്കുന്നതായാണ് യാത്രക്കാരുടെ ആക്ഷേപം
4.പലപ്പോഴും കെ.എസ്.ആർ.ടി.സി ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരുമായി തർക്കം പതിവ് സംഭവാണ്
തീരദേശപാതയിലെ ചെയിൻ സർവീസ് വെട്ടികുറക്കുകയും സ്റ്റേ ബസ് സർവീസ് നിർത്തലാക്കുകയും ചെയ്തതിൽ സമഗ്രമായ അന്വേഷണം നടത്തണം. സ്വകാര്യ ബസുടമകളെ സഹായിക്കുന്ന നിലപാടാണ് കെ.എസ്.ആർ.ടി.സി സ്വീകരിക്കുന്നത്
- മനോജ്കുമാർ, പൊതുപ്രവർത്തകൻ, തൃക്കുന്നപ്പുഴ
വലിയഴീക്കൽ സ്റ്റേ ബസ് സർവീസ് പുനരാംഭിക്കണം. കളക്ഷൻ ലഭിക്കുന്നത് മാത്രമല്ല സേവനത്തിന്റെ പാത കൂടി സ്വീകരിക്കണം.
- സുകുമാരൻ, യാത്രക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |