കൊട്ടിയം: ഇസ്രയേൽ സ്വദേശിനെ സത്വയെ (35) കൊലപ്പെടുത്തിയെന്ന കേസിൽ ഒപ്പം താമസിച്ചിരുന്ന കൊട്ടിയം സ്വദേശി കൃഷ്ണചന്ദ്രനെ (76) വെറുതെവിട്ടു. അഡിഷണൽ ജില്ലാ ജഡ്‌ജി എസ്.സുബാഷാണ് വിധി പറഞ്ഞത്.
2023 നംവബർ 30നായിരുന്നു കേസിനാസ്പദമായ സംഭവം. യോഗ പഠിക്കാൻ ഇസ്രയേലിൽ നിന്ന് ഋഷികേശിൽ എത്തിയതായിരുന്നു സത്വ.
മുൻ സൈനികനായ കൃഷ്ണചന്ദ്രൻ ഈസമയം ആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്തി ഋഷികേശിൽ സന്യസിക്കുകയായിരുന്നു. ഇതിനിടെ പരിചയപ്പെട്ട ഇരുവരും ഒരുമിച്ച് ഋഷികേശിൽ താമസിച്ചു. സത്വയെ തിരികെ ഇസ്രയേലിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മാതാപിതാക്കളോട് പ്രതി ആവശ്യപ്പെട്ടെങ്കിലും സത്വ തയ്യാറായില്ല. തുടർന്ന് പ്രതി സത്വയെ വിവാഹം കഴിച്ചു. 2017 ൽ സത്വയുടെ ആവശ്യത്തിന് ഡൽഹി എംബസിയിലേക്ക് കാറിൽപോയ പ്രതിക്ക് അവിടെ വച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒരു മാസത്തോളം അബോധാവസ്ഥയിലായി. ആരോഗ്യം ഒരുപരിധി വരെ വീണ്ടെടുത്തിന് പിന്നാലെ സോറിയാസിസ് ഗുരുതരമായി. ഇതോടെ 2022 ൽ പ്രതി കൊല്ലം മുഖത്തല, കോടാലിമുക്കിലുള്ള ബന്ധുവീട്ടിലെത്തി സത്വയോടൊപ്പം താമസം ആരംഭിച്ചു.
കൃഷ്ണചന്ദ്രൻ കൃഷ്‌ണനെന്നും സത്വ രാധയെന്നുമാണ് നാട്ടിൽ അറിഞ്ഞിരുന്നത്. ഇതിനിടെ കൃഷ്ണചന്ദ്രൻ ബന്ധുവീട്ടിൽ വച്ച് സത്വയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയശേഷം സ്വയം കുത്തി മരിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. പുറത്ത് പോയി മടങ്ങിയെത്തി ബന്ധു കൃഷ്ണചന്ദ്രൻ, കട്ടിലിൽ ഇരുന്ന് ശരീരം സ്വയം കുത്തി ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണ് കണ്ടത്. എന്നാൽ കൃഷ്ണചന്ദ്രന് മേൽ ആരോപിച്ച കൊലപാതക കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന വിലയിരുത്തലിലാണ് വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി അഭിഭാഷകരായ ജയൻ.എസ്.ജില്ലാരിയോസ്, കല്ലുംതാഴം ഉണ്ണിക്കൃഷ്‌ണൻ, ചവറ പ്രവീൺ കുമാർ, പ്രിയ.ജി.നാഥ് എന്നിവർ കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |